റിയാദ്: ഈദ് അൽ-അദ്ഹ പ്രമാണിച്ച് സൗദി അറേബ്യൻ നാഷനൽ മ്യൂസിയത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. പെരുന്നാൾ ദിനങ്ങളിൽ സുഹൃത്തുക്കളും സന്ദർശകരുമായി ഒത്തുചേർന്ന് അവിസ്മരണീയമായ നിമിഷങ്ങൾ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം അധികൃതർ ഈ പ്രത്യേക പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
മ്യൂസിയംസ് കമീഷെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പെരുന്നാൾ അനുഭവങ്ങളിൽ പങ്കാളികളാകാൻ പൊതുജനങ്ങളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി സന്ദർശകർക്കായി വിനോദവും അറിവും പകരുന്ന നിരവധി ആക്റ്റിവിറ്റികളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
പെരുന്നാൾ ഓർമകൾ ചിത്രങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന പ്രത്യേക ഫോട്ടോ സ്റ്റേഷനുകൾ, ആഘോഷങ്ങൾക്ക് ആവേശം പകരുന്ന തത്സമയ പ്രകടനങ്ങൾ, സന്ദർശകർക്ക് കൂടുതൽ ഇടപഴകാൻ അവസരമൊരുക്കുന്ന ഇൻററാക്ടീവ് മാപ്പ് സൗകര്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മെയ് 28 മുതൽ മെയ് 30 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ഈ പ്രത്യേക പെരുന്നാൾ പ്രോഗ്രാമുകൾ അരങ്ങേറുന്നത്.
ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെ സന്ദർശകർക്കായി മ്യൂസിയം തുറന്നു പ്രവർത്തിക്കും. ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് മ്യൂസിയത്തിെൻറ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിവരങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.