ജിദ്ദ: ഈ വർഷത്തെ ഹജ്ജിനായി ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നെത്തുന്നവരെ വരവേൽക്കാൻ സൗദി അറേബ്യ ഒരുക്കുന്നത് വിപുലമായ സംവിധാനങ്ങൾ. ചാർട്ടർ, ഷെഡ്യൂൾഡ് വിമാനങ്ങളിലായി ആഭ്യന്തര, അന്തർദേശീയ തീർഥാടകർക്കായി 30 ലക്ഷത്തിലധികം സീറ്റുകൾ അനുവദിച്ചിട്ടുണ്ടെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക) വാർത്താക്കുറിപ്പിൽ അറിയിച്ചു.
തീർഥാടകരെ സ്വീകരിക്കാൻ സർവം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളങ്ങൾ, വിമാനക്കമ്പനികൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള സേവന ദാതാക്കളുടെ പ്രവർത്തനങ്ങളും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും നിരീക്ഷിക്കുന്നതിനായി ഗാകയുടെ സൂപർവൈസറി കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കി. തീർഥാടകരെ രാജ്യത്ത് വരവേൽക്കുന്നതിന് എയർപോർട്ട്സ് ഹോൾഡിങ് കമ്പനിക്ക് കീഴിൽ ആറ് വിമാനത്താവളങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 11 ഡിപ്പാർച്ചർ ലോഞ്ചുകളിൽ സേവനത്തിനായി 18,000-ലധികം പുരുഷ, വനിത ജീവനക്കാരെ നിയോഗിച്ചിട്ടുമുണ്ട്.
സൗദി എയർലൈൻസ് (സൗദിയ) 158 വിമാനങ്ങൾ ഉപയോഗിച്ച് 2,000 സർവിസുകൾ ഈ ഹജ്ജ് സീസണിലുടനീളം നടത്തും. 10 ലക്ഷം സീറ്റുകളാണ് വിദേശ തീർഥാടകർക്ക് ഉറപ്പാക്കിയിരിക്കുന്നത്. ലോകത്തെ 15 ലക്ഷ്യസ്ഥാനങ്ങളിൽനിന്ന് 294 വിമാന സർവിസുകളിലായി 1,20,000 തീർഥാടകരെ സൗദിയിലെത്തിക്കാൻ സജ്ജമായതായി ഫ്ലൈനാസ് വ്യക്തമാക്കി. തീർഥാടകരെ പുണ്യഭൂമിയിൽ എത്തിക്കാൻ 25,000-ലധികം ബസുകളും 9,000 ടാക്സികളും പൊതുഗതാഗത അതോറിറ്റി ഒരുക്കിയിട്ടുണ്ട്.
മക്ക, മദീന, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിലെ 20 സ്ഥലങ്ങളിൽ 180 പരിശോധന സൂപ്പർവൈസർമാരെ സജ്ജരാക്കിയിട്ടുണ്ടെന്ന് ഗതാഗത അതോറിറ്റി പറഞ്ഞു. എല്ലാ തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല വഴി തീർഥാടകരെ സ്വീകരിക്കാൻ സജ്ജമായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പറഞ്ഞു. പുണ്യസ്ഥലങ്ങളിലേക്ക് നയിക്കുന്ന 7.4 കിലോമീറ്ററിലധികം റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. 247 പാലങ്ങൾ പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തി.
300 ലധികം റോഡ് ഇൻസ്പെക്ടർമാരെ നിയമിച്ചു. 20-ലധികം നൂതന നിരീക്ഷണ സാങ്കേതികവിദ്യകൾ ഉപയോഗിച്ചതായും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പറഞ്ഞു. മശാഇർ ട്രെയിൻ, ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ 20 ലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുന്നതിനായി 2,000-ലധികം ട്രിപ്പുകൾ ഒരുക്കിയിട്ടുണ്ടെന്ന് സൗദി അറേബ്യൻ റെയിൽവേ കമ്പനി പറഞ്ഞു. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി ഏകദേശം 5,000 തീർഥാടകരെ സ്വീകരിക്കുന്നതിനായി 436 ജീവനക്കാരെ നിയോഗിച്ചതായും തുറമുഖ അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.