റിയാദ്: വരാനിരിക്കുന്ന ബലിപെരുന്നാൾ കർമ്മങ്ങൾ ലളിതവും സൗകര്യപ്രദവുമാക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉളുഹിയ്യത്ത് മൃഗങ്ങളുടെ പ്രീ-ഓർഡർ ബുക്കിങ് ആരംഭിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ലുലു ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് നേരിട്ടോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയോ തങ്ങൾക്കാവശ്യമായ മൃഗങ്ങളെ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ആടുകൾ, പശു, ഒട്ടകം എന്നിങ്ങനെ വിവിധയിനം മൃഗങ്ങളെ തിരഞ്ഞെടുക്കാൻ ലുലു അവസരമൊരുക്കുന്നു. പ്രാദേശിക ഇനങ്ങളായ തെയ്‌സ്, ബർബറി, റാഫിദി, മെയിൽ നൈമി, ഹാരി, ഫീമെയിൽ നൈമി, സവാകാനി എന്നിവയ്ക്ക് പുറമെ റൊമാനിയൻ ഹോൾ ലാമ്പ്, ലോക്കൽ ഫ്രഷ് ഹാഷി (ഒട്ടകം), ജോർജിയൻ, സ്പാനിഷ് ആടുകൾ തുടങ്ങി വൈവിധ്യമാർന്ന നിര തന്നെ സ്റ്റോറുകളിൽ ലഭ്യമാണ്.
പെരുന്നാൾ കാലയളവിൽ ഉളുഹിയ്യത്ത് മൃഗങ്ങളെ അറക്കുന്നതിനും അനുബന്ധ സേവനങ്ങൾക്കുമായി ലുലു അധിക ചാർജ് ഈടാക്കുന്നില്ല. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഔദ്യോഗിക അറവുശാലകളിൽ വെച്ച് തികച്ചും പ്രൊഫഷണൽ രീതിയിലാണ് ബലി കർമ്മങ്ങൾ നടക്കുക. എല്ലാ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് വിശ്വസ്തതയോടെ ഈ സേവനം പ്രയോജനപ്പെടുത്താം.
പ്രീ-ഓർഡർ ചെയ്തവർക്ക് പെരുന്നാൾ ദിവസം വൈകുന്നേരം ഏഴ് മണി മുതൽ മാംസം വിതരണം ചെയ്തു തുടങ്ങും. പശു, ഒട്ടകം എന്നിവ ബുക്ക് ചെയ്തവർക്ക് പെരുന്നാളിന് തൊട്ടടുത്ത ദിവസമായിരിക്കും വിതരണം. മാംസത്തിന്റെ ഗുണനിലവാരവും പുതുമയും നിലനിർത്താനാണ് ഈ പ്രത്യേക സമയക്രമം.
മൃഗങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പെരുന്നാളിന് ചുരുങ്ങിയത് നാല് ദിവസം മുൻപെങ്കിലും ബുക്കിങ് പൂർത്തിയാക്കണമെന്ന് ലുലു അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ലുലുവിന്റെ ഏതെങ്കിലും ശാഖയുമായോ അല്ലെങ്കിൽ 920022330 എന്ന കസ്റ്റമർ സർവീസ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.