അൽ ഹദീത ബോർഡർ പോർട്ട് വഴി കടത്താൻ ശ്രമിച്ച 48,000 ആംഫെറ്റാമൈൻ ഗുളികകകൾ
കസ്റ്റംസ് അധികൃതർ പിടികൂടിയപ്പോൾ
ജിദ്ദ: സൗദി അറേബ്യയിൽ മയക്കുമരുന്ന് പരിശോധന കർശനമാക്കിയതോടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേർ ദിവസവും പിടിയിലാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാജ്യത്തേക്ക് പ്രവേശിക്കുന്ന ഒരു ട്രക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 47,927 ആംഫെറ്റാമൈൻ (കാപ്റ്റഗൺ) ഗുളികകളാണ് അധികൃതർ പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ കര തുറമുഖവും അറേബ്യൻ ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുഖ്യ കവാടവുമായ ജോർഡൻ അതിർത്തി ഭാഗത്തുള്ള അൽ ഹദീത ബോർഡർ പോർട്ടിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്.
പോർട്ടിലെത്തിയ ഒരു ട്രക്കിന്റെ ‘കൺസൈൻമെന്റി'നുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുകയായിരുന്ന ലഹരി ഗുളികകളാണ് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി പിടികൂടിയത്. മയക്കുമരുന്ന് പിടികൂടിയതിനെത്തുടർന്ന് നടത്തിയ പരിശോധയിൽ രാജ്യത്തിനുള്ളിൽ അവ സ്വീകരിക്കാൻ ഒരുങ്ങിയ നാല് പ്രതികളെയും അറസ്റ്റ് ചെയ്തതായി അതോറിറ്റി അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗവുമായി ഏകോപിപ്പിച്ച് മുഴുവൻ പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സുരക്ഷ സ്ക്രീനിങ് സാങ്കേതികവിദ്യകളും തത്സമയ കണ്ടെത്തൽ മാർഗങ്ങളും ഉപയോഗിച്ച് കസ്റ്റംസ് നടപടിക്രമങ്ങൾക്കിടെ കയറ്റുമതി തടഞ്ഞതായി അതോറിറ്റി വക്താവ് ഹമൂദ് അൽഹർബി പറഞ്ഞു. സമൂഹസുരക്ഷ വർധിപ്പിക്കുന്നതിനും മയക്കുമരുന്നുകളിൽ നിന്നും മറ്റ് നിരോധിത വസ്തുക്കളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള അതോറിറ്റിയുടെ പഴുതടച്ചുള്ള പരിശോധന തുടരുകയാണ്.
വിവിധ രീതിയിലുള്ള കള്ളക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി എല്ലാ കര, കടൽ, വ്യോമ പ്രവേശന കേന്ദ്രങ്ങളിലും കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി ഊർജിതമാക്കിയിട്ടുണ്ടെന്നും അൽ ഹർബി വ്യക്തമാക്കി.
അത്യാധുനിക ഉപകരണങ്ങളാൽ സജ്ജമായ നാർക്കോട്ടിക് കൺട്രോൾ വിഭാഗം യാത്രക്കാരുടെ ശരീര ഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികൾ തിരിച്ചറിയാനും പരിശീലനം സിദ്ധിച്ച വിദഗ്ധരടങ്ങുന്നവർ കൂടി ഉൾക്കൊള്ളുന്നതാണ്. ഇവരുടെ കണ്ണുകൾ വെട്ടിച്ച് സൗദിയിലേക്ക് മയക്കുമരുന്നുകളോ നിരോധിത വസ്തുക്കളോ കൊണ്ടുവരുന്നതിനുള്ള ശ്രമം ആത്മഹത്യാപരമാണ്.
രാജ്യത്തേക്കുള്ള എല്ലാ പ്രവേശന സ്ഥലങ്ങളിലും കസ്റ്റംസ് നിയന്ത്രണം വർധിപ്പിച്ച് നിരോ ധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിലൂടെ രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി. സംശയാസ്പദമായ ഏതെങ്കിലും കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1910 എന്ന രഹസ്യ ഹോട്ട്ലൈൻ നമ്പർ വഴിയോ, 1910@zatca.gov.sa എന്ന ഇ-മെയിൽ വിലാസത്തിലോ 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് ആവർത്തിച്ച് അഭ്യർഥിച്ചു. റിപ്പോർട്ടിലെ വിവരങ്ങൾ ശരിയാണെങ്കിൽ വിവരം അറിയിക്കുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുന്നതിനൊപ്പം അവരുടെ വിവരങ്ങൾ രഹസ്യമാക്കിവെക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.