മലർവാടി കുട്ടി നോമ്പുതുറയോടനുബന്ധിച്ച മത്സരത്തിൽ പങ്കെടുത്തവർ സമ്മാനങ്ങളുമായി.
ഖമീസ് മുശൈത്ത്: മുതിർന്നവരുടേതു മാത്രമായി മാറുന്ന ഇഫ്താർ സംഗമങ്ങളിൽനിന്നും വ്യത്യസ്തമായി കുട്ടികൾക്ക് മാത്രമായി മലർവാടി ബാലസംഘം അസീർ സോൺ ഒരുക്കിയ ഇഫ്താർ സംഗമം കൗതുകമായി. കുട്ടികൾ നോമ്പിന്റെ സന്തോഷങ്ങളും അനുഭവങ്ങളും മാത്രമല്ല, വീടുകളിൽനിന്നും കൊണ്ടുവന്ന വിത്യസ്ത വിഭവങ്ങളും പരസ്പരം പങ്കുവെച്ചു.
ഉന്നക്കായ, ഹലാവ, ജ്യൂസ്, ഉണ്ണിയപ്പം, നെയ്യപ്പം, കേക്ക്, ഫ്രൂട്ട് സലാഡ്, ഊന്തപ്പം, സമൂസ, പഴംപൊരി, കട്ട്ലൈറ്റ്, ഉഴുന്ന് വട, പരിപ്പ് വട തുടങ്ങിയ വിഭവങ്ങളോടൊപ്പം സ്നേഹത്തിന്റെയും പരസ്പര കൂട്ടായ്മയുടെയും കൈമാറ്റം കൂടിയാണ് ഇഫ്താർ സംഗമമെന്നു കൊച്ചു കൂട്ടുകാർ വിളിച്ചോതി. വീട്ടിനകത്തു തനിക്കു മാത്രമായി തയാറാക്കപ്പെടുന്ന വിഭവങ്ങൾ കൂട്ടുകാർക്കു കൂടി പങ്കുവെക്കാനായതിന്റെ സന്തോഷം ഓരോ കുട്ടിനോമ്പുകാരുടെ മുഖത്തും കാണാമായിരുന്നു.
മലർവാടി ബാലസംഘം അസീർ സോൺ ഒരുക്കിയ കുട്ടി നോമ്പുതുറ സംഗമം
ഇഫ്താറിനോടൊപ്പം അരങ്ങേറിയ വിവിധ മത്സരപരിപാടികളും സംഗമത്തെ ശ്രദ്ധേയമാക്കി. ഖുർആൻ പാരായണം, ഹിഫ്ള്, മാപ്പിളപ്പാട്ട്, ബാങ്ക് വിളി എന്നീ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ഖുർആൻ പാരായണ മത്സരത്തിൽ ആയിഷ മാർവാഷ്, മനാൽ സൈനബ്, ജസാ ജുനൈദ്, അനീന, ലുഖ്മാൻ ലബൈബ്, രിഫാന കബീർ, ഹിശാം സലിം ഫെമിതാ എന്നിവർ സമ്മാനാർഹരായി. ഹിഫ്ള് മത്സരത്തിൽ യാറ പീർസാദ്, ഹാജറ നസീർ, മറിയം നസീർ, ആദം എന്നിവരും മാപ്പിളപ്പാട്ട് മത്സരത്തിൽ സാറ നസീർ, നൂറ, ജസ, ത്വാഹ ജാഫർ, റിദവാൻ എന്നിവരും വിജയിച്ചു.
മലർവാടി ബാലസംഘം കുട്ടികൾക്കായി പുറത്തിറക്കിയ 'മൈ ലിറ്റിൽ റമദാൻ ബുക്കി'ന്റെ പ്രകാശനം ഡോ. നസീർ, മറിയം ജാഫറിന് നൽകി നിർവഹിക്കുന്നു.
ജൂനിയർ വിഭാഗം ഇസ്ലാമിക് ക്വിസിൽ ജസ ജുനൈദ്, മനാൽ സൈനബ്, ഹാജറ നസീർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സീനിയർ വിഭാഗം ഇസ്ലാമിക് ക്വിസിൽ മറിയം നസീർ, അനീന അനീസ്, ഫെല്ല ഫാത്തിമ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മലർവാടി ബാലസംഘം കുട്ടികൾക്കായി പുറത്തിറക്കിയ 'മൈ ലിറ്റിൽ റമദാൻ ബുക്ക്' ഡോ. നസീർ (കിങ് ഖാലിദ് യൂനിവേഴ്സിറ്റി), മറിയം ജാഫറിന് നൽകി കൊണ്ട് പ്രകാശനം നടത്തി. മത്സര വിജയികൾക്ക് മുഹമ്മദ് അലി ചെന്ത്രാപ്പിന്നി സമ്മാനദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.