ജിദ്ദ: പ്രവാസികളെ പൂർണമായും അവഗണിച്ച കേന്ദ്ര സർക്കാറിന്റെ ബജറ്റ് തീർത്തും പ്രതിഷേധാർഹമാണെന്നും കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികൾക്ക് സംസ്ഥാന ബജറ്റിൽ അർഹമായ പരിഗണന നൽകിയിട്ടില്ലെന്നും മാറാക്കര ഗ്ലോബൽ കെ.എം.സി.സി യോഗം അഭിപ്രായപ്പെട്ടു. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും പ്രവാസി പെൻഷൻ തുക വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫെബ്രുവരി രണ്ടാം വാരത്തിൽ മാറാക്കര ഗ്ലോബൽ കെ.എം.സി.സിയുടെ പ്രിവിലേജ് കാർഡുകളുടെ വിതരണോദ്ഘാടനം നടത്താൻ യോഗം തീരുമാനിച്ചു. ഇതോടൊപ്പം മാറാക്കര ഗ്ലോബൽ കെ.എം.സി.സി നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യാനും പഞ്ചായത്തിൽനിന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കരസ്തമാക്കിയവരെ അനുമോദിക്കാനും യോഗം തീരുമാനിച്ചു. മാറാക്കര പഞ്ചായത്തിൽ പുതിയ മദ്യഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തിൽ യോഗം ആശങ്ക രേഖപ്പെടുത്തുകയും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. സംസ്ഥാന എക്സൈസ് മന്ത്രിക്ക് ഇക്കാര്യത്തിൽ പരാതി നൽകും.
ഓൺലൈനിൽ നടന്ന യോഗം ട്രഷറർ മുഹമ്മദ് കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് പി.വി. ശരീഫ് കരേക്കാട് അധ്യക്ഷത വഹിച്ചു. അഷ്റഫലി പുതുക്കൂടി (അബൂദബി), പി.എം. ഹുസൈൻ (കുവൈത്ത്), മുസ്തഫ (ലണ്ടൻ), അലി ബാവ (യു.എ.ഇ), ഫൈസൽ (ഖത്തർ) തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ സ്വാഗതവും ബഷീർ നെയ്യത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.