രാജ്യത്തെ ഒന്നിപ്പിക്കാൻ ‘ഭാരത് ജോഡോ’ യാത്ര

അയാൾ നടക്കുകയാണ്! ‘ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്രയാണ് ‘ഭാരത് ജോഡോ’. തിരുവനന്തപുരം മുതൽ കശ്മീർ വരെ 3,218 കി.മീ. കാൽനടയായി സഞ്ചരിച്ച് ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാനുള്ള ശ്രമത്തിലാണ് ഈ മനുഷ്യൻ. ജാതിയുടെയും മതത്തിെൻറയും ധ്രുവീകരിക്കപ്പെട്ട ഇന്ത്യൻ നിരത്തിലൂടെ സ്നേഹത്തിെൻറയും സൗഹാർദത്തിെൻറയും പ്രഭാതം തേടിയുള്ള യാത്രതന്നെ സുകൃതമാണ്.

മീഡിയകളുടെ ആന്ധ്യതയെയും സാംസ്കാരിക ലോകത്തിെൻറ അവഗണനയെയും മറികടന്ന് അദ്ദേഹം വളരെ മുന്നോട്ടുപോയി. ഭരണകക്ഷികളുടെ തീട്ടൂരങ്ങളെ ഭയക്കുന്ന മാധ്യമങ്ങളെ രാഹുൽ കണക്കിന് വിമർശിച്ചിരുന്നു. ഇടതുപക്ഷത്തിെൻറ സർഗാത്മക പിന്തുണ ലഭിക്കുമെന്ന് കരുതിയെങ്കിലും അവരും പോയകാലത്തിെൻറ തടവുകാരായി മാറുന്നതാണ് കണ്ടത്. എന്നാൽ, ബഹുജനങ്ങൾ കലവറയില്ലാത്ത സ്നേഹവും പിന്തുണയുമാണ് ‘ഭാരത് ജോഡോ’ യാത്രക്ക് നൽകുന്നത്. ഇത് പുതിയൊരു അവബോധത്തിലേക്ക് നയിക്കുമെന്നാണ് രാജ്യത്തെ സ്നേഹിക്കുന്നവർ കരുതുന്നത്.

എന്നാൽ, കോൺഗ്രസിെൻറ സംഘടന ദൗർബല്യങ്ങളുള്ള അതിഗുരുതര സാഹചര്യത്തിൽ കൂടിയാണ് ഈ യാത്ര. അതിനെ അഭിസംബോധന ചെയ്യാൻകൂടി രാഹുൽ ഗാന്ധിക്കാവണം. നേതൃദാരിദ്ര്യം, യുവാക്കളോടുള്ള അവഗണന, താപ്പാനകളുടെ അധികാരമോഹങ്ങൾ, സർവോപരി ലക്ഷ്യബോധം നഷ്ടപ്പെട്ട പ്രവർത്തകരും പ്രവർത്തനങ്ങളുമെല്ലാം പ്രതിസന്ധികൾ തന്നെയാണ്. രാജ്യം നേരിടുന്ന വിഭാഗീയതയെയും വംശീയതയെയും ചെറുത്തു തോൽപിക്കാനാവശ്യമായ പ്രത്യയശാസ്ത്രപരമായ അടിത്തറയോ ഇച്ഛാശക്തിയോ ഇന്ന് പാർട്ടിക്കില്ല.

ചരിത്രത്തിലുടനീളം പയറ്റിയ മൃദുഹിന്ദുത്വത്തിെൻറ പാതയിൽനിന്ന് വിട്ടുനിൽക്കാൻ സംഘടനക്കോ രാഹുൽ ഗാന്ധിക്ക് പോലുമോ ആവുന്നില്ല. വാജ്‌പേയിയുടെ സമാധിസ്ഥലം സന്ദർശിക്കുന്നതിലൂടെ രാഹുലും ഇടക്ക് വാ തുറക്കുന്ന ആൻറണിയുമൊക്കെ നൽകുന്ന സന്ദേശം ഒരു ബദൽ ചിന്താധാര സമർപ്പിക്കാനില്ലെന്ന് തന്നെയാണ്. വിജയിച്ചുവരുന്ന എം.എൽ.എമാരും എം.പിമാരുമൊക്കെ കോടികൾ കാണുമ്പോൾ മറുകണ്ടം ചാടുന്നതും ആദർശരാഷ്ട്രീയത്തിെൻറ അഭാവം കാരണമാണ്.

ശത്രുവിനെക്കുറിച്ച യഥാർഥ ചിത്രം മനസ്സിലാക്കി, അതിനെ നേരിടാനാവശ്യമായ വലിയ സന്നാഹങ്ങളൊരുക്കുകയാണ് വേണ്ടത്. അതിന് പാർട്ടിയുടെ അകത്തളങ്ങളിൽ ശക്തമായ അഴിച്ചുപണികളും പുനഃക്രമീകരണങ്ങളും അനിവാര്യമാണ്. കേവലം സൗന്ദര്യചികിത്സകൊണ്ട് വീണ്ടെടുക്കാവുന്നതല്ല പാർട്ടിക്കേറ്റ ക്ഷതങ്ങൾ. നയപരവും ജനാധിപത്യപരവുമായ ചികിത്സയാണ് വേണ്ടത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി കോൺഗ്രസ്സാണെന്നും പ്രതീക്ഷയുടെ ചില തുരുത്തുകൾ ഇനിയും അവശേഷിക്കുന്നുണ്ടെന്നും ജനങ്ങൾ ഇപ്പോഴും കരുതുന്നു. ‘ഭാരത് ജോഡോ’ യാത്രക്ക് ലഭിക്കുന്ന ജനപ്രിയത അതാണ് സൂചിപ്പിക്കുന്നത്. ഇക്കാര്യം സംഘടന മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ!

Tags:    
News Summary - Bharat JodoYatra to unite the nation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.