ദമ്മാം: കിഴക്കൻ പ്രവിശ്യയിൽ ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുമായി സൗദി അരാംകോ. ദേശീയ പരിവർത്തന പദ്ധതിയുടെ ചുവടുപിടിച്ച് രാജ്യത്തുടനീളം നടക്കുന്ന സൗന്ദര്യവത്കരണ ശ്രമങ്ങളുടെ ഭാഗമായാണ് അരാംകോയുടെ മരംനടൽ. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ പഠനത്തിന് ശേഷം തെരഞ്ഞെടുത്ത 26 ഇനം മരത്തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. മികച്ച പരിചരണം ആവശ്യമുള്ള കാലാവസ്ഥയാണ് നമ്മുടേതെന്നും അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണത്തോടെ 2025 ഒാടെ കൂടുതൽ നല്ല കാലാവസ്ഥയും പരിസരവും സംജാതമാവണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ട് വെക്കുന്നതെന്നും അരാംകോ സി.ഇ.ഒ അമിൻ നാസർ അഭിപ്രായപ്പെട്ടു.
പൊടിക്കാറ്റിനെ ഒരു പരിധി വരെ തടഞ്ഞുനിർത്താനും 20, 000 ഓളം ടൺ കാർബൺ ഡൈ ഒാക്സൈഡ് വലിച്ചെടുക്കാനും ഈ മരങ്ങൾക്ക് സാധിക്കും. കുടിവെള്ളം പാഴാക്കാതിരിക്കാൻ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ മലിനജലം ശുദ്ധീകരിച്ചാണ് ജല സേചനം നടത്തുക. വിദഗ്ധ സംഘത്തിെൻറ നിർദേശാനുസരണം, അറേബ്യൻ മണലാരണ്യത്തിലെ പ്രത്യേക കാലാവസ്ഥക്ക് അനുയോജ്യമായ തണൽ മരങ്ങളാണ് നട്ടുപിടിക്കുന്നത്.
അൽ സമ്മാർ, അൽഗാഫ്, അലതൽഹ തുടങ്ങി അമിതതോതിൽ വെള്ളം ആവശ്യമില്ലാത്ത വൃക്ഷതൈകളാണ് നടുന്നത്. നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ ഉൾപ്പെടുന്ന, വർഷങ്ങൾ നീളുന്ന പദ്ധതി യാഥാർഥ്യമായാൽ പ്രവിശ്യയുടെ മുഖച്ഛായ മാറുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.