അൽഖോബാർ: സൗദി അറേബ്യയിൽ ഔഷധരംഗത്ത് ആഭ്യന്തര ഉൽപാദനം കൂട്ടാൻ പ്രമുഖ കമ്പനികൾ തമ്മിൽ ധാരണ. ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കുള്ള രാസ സംയുക്തങ്ങളുടെ പ്രാദേശിക ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. സൗദിയിലെ നാഷനൽ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് സെൻറർ, ജുബൈൽ ഫാർമ, ആർ.ആർ ഹോൾഡിങ് എന്നീ കമ്പനികൾ ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചു.
വ്യവസായത്തിനായുള്ള ഫാർമസ്യൂട്ടിക്കൽ ചേരുവകൾ, ഇൻറർമീഡിയറ്റ് മെറ്റീരിയലുകൾ, രാസവസ്തുക്കൾ എന്നിവയുടെ നിർമാണം പ്രാദേശികവത്കരിക്കാനും ഫാർമ മേഖലയിലെ നിക്ഷേപം വർധിപ്പിക്കാനും പങ്കാളിത്തം സഹായിക്കും. സൗദിയിലെ പ്രമുഖ മരുന്നുനിർമാണ കമ്പനികളിലൊന്നാണ് ജുബൈൽ ഫാർമ. എണ്ണ, വാതകം, ഊർജം, തുണിത്തരങ്ങൾ തുടങ്ങിയ നിർമാണ വ്യവസായങ്ങളിൽ പ്രവർത്തിക്കുന്ന യു.എ.ഇ ആസ്ഥാനമായ സ്ഥാപനമാണ് ആർ.ആർ ഹോൾഡിങ് കമ്പനി. പെട്രോകെമിക്കൽസ്, ഫാർമ മേഖലയെ ഉത്തേജിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ധാരണപത്രം വരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ പങ്കാളിത്തം രാജ്യത്തിന്റെ പ്രാദേശിക മരുന്ന് നിർമാണം വർധിപ്പിക്കുകയും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ കാര്യത്തിൽ ദേശീയ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
രാജ്യത്തിന്റെ ആരോഗ്യ ആവശ്യങ്ങൾ സുരക്ഷിതമാക്കാൻ ഒരു സ്വതന്ത്ര ഫാർമസ്യൂട്ടിക്കൽ മേഖല സൃഷ്ടിച്ച് കഴിവുകൾ ശാക്തീകരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സൗദി അറേബ്യയുടെ ആവശ്യങ്ങളുടെ 29 ശതമാനവും മരുന്നുകൾ ഉൽപാദിപ്പിക്കുന്ന ഫാർമ മേഖലയിൽ നിലവിൽ 40 പ്രാദേശിക ഫാക്ടറികളുണ്ട്. സൗദി അറേബ്യയുടെ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിന്റെ മൂല്യം 2022ൽ 44 ശതകോടി റിയാൽ ആയിരുന്നു. 2027ൽ 56.6 ശതകോടിയിൽ എത്തുമെന്നാണ് പ്രതീക്ഷ. നിക്ഷേപം പ്രോത്സാഹിപ്പിക്കാനും പ്രാദേശിക ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ വികസനത്തിന് പിന്തുണ നൽകാനുമായി സൗദി സർക്കാർ വിവിധ പരിഷ്കാരങ്ങളും നടപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.