അബ്​ദുൽ റഹീം

സൗദി ജയിലിൽ നിന്ന്​ മോചിതനായ അബ്​ദുൽ റഹീം നാട്ടിലേക്ക്​; രണ്ട്​ പതിറ്റാണ്ടിന്​ ശേഷം ഉമ്മയുടെ ചാരത്തേക്ക്

റിയാദ്: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തി​െൻറ കാരുണ്യത്തിലും ഒത്തൊരുമയിലും മരണശിക്ഷയിൽനിന്ന് ജീവൻ തിരിച്ചുപിടിച്ച കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീം വ്യാഴാഴ്​ച ജന്മനാട്ടിലെത്തും. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷമാണ് റഹീം ഉമ്മയുടെയും കുടുംബത്തി​െൻറയും കാത്തിരിപ്പിലേക്ക് മടങ്ങിയെത്തുന്നത്.

നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്​ച രാത്രിയോടെ റിയാദിലെ ജയിലിൽനിന്ന്​ മോചിതനായ റഹീം, കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസി​െൻറ ഐ.എക്​സ്​ 322 വിമാനത്തിലാണ് യാത്ര തിരിച്ചത്. റഹീമി​െൻറ കുടുംബത്തി​െൻറ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

കോഴിക്കോട് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്​ച രാവിലെ 7.35-ന്​ എത്തുന്ന റഹീമിനെ കുടുംബാംഗങ്ങളും റഹീം സഹായ സമിതി ട്രസ്​റ്റ്​ ഭാരവാഹികളും നാട്ടുകാരും ചേർന്ന്​ വരവേൽക്കും. വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമായിരിക്കും അദ്ദേഹം കോടമ്പുഴയിലെ വീട്ടിലേക്ക് തിരിക്കുക.

ഇക്കഴിഞ്ഞ മെയ് 26-നാണ്​ റഹീമി​െൻറ മോചന ഉത്തരവ് ഇറങ്ങുകയും എക്സിറ്റ് വിസ ലഭ്യമാവുകയും ചെയ്തത്. ഇതോടെ സഹായ സമിതി നാട്ടിലേക്കുള്ള യാത്രാനടപടികൾ വേഗത്തിലാക്കിയിരുന്നു. ബുധനാഴ്​ച ഉച്ചയോടെ ജയിലിൽ നിന്നും നാടുകടത്തൽ സെല്ലിലേക്ക് മാറ്റിയ റഹീമിനെ, രാത്രിയോടെ വിമാനത്താവളത്തിൽ എത്തിച്ച് വിരലടയാളം രേഖപ്പെടുത്തൽ ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ നടപടികൾ ഏറെ വൈകി പൂർത്തിയാക്കിയ ശേഷമാണ് വിമാനത്തിൽ കയറ്റിയത്.

റിയാദ് അൽ ഖർജ് റോഡിലെ ഇസ്കാൻ ജയിലിലായിരുന്ന റഹീം, സൗദി ബാലൻ മരിച്ച കേസിൽ 20 വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയാണ് മടങ്ങുന്നത്. 2006 നവംബറിൽ ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയ റഹീം, സ്പോൺസറുടെ ശാരീരിക ബുദ്ധിമുട്ടുകളുള്ള മകനെ പരിചരിക്കുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.

വാഹനത്തിൽ വെച്ച് കുട്ടി അക്രമാസക്തനാകാൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടെ, അബദ്ധത്തിൽ കൈതട്ടി കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണം തകരാറിലാവുകയും ശ്വാസതടസ്സം മൂലം കുട്ടി മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ അറസ്​റ്റിലായ റഹീമിന് കോടതി വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതി അത് ശരിവെക്കുകയും ചെയ്തു.

വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കുട്ടിയുടെ കുടുംബം ‘ദിയാധനം’ സ്വീകരിച്ച് മാപ്പ് നൽകുക മാത്രമായിരുന്നു ഏക വഴി. തുടക്കത്തിൽ വിധി നടപ്പാക്കണമെന്ന നിലപാടിലായിരുന്ന കുട്ടിയുടെ കുടുംബവുമായി, റിയാദ് പൊതുസമൂഹത്തി​െൻറ പിന്തുണയോടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും നിരന്തരം ചർച്ചകൾ നടത്തി.

ഇതിനിടെ സുപ്രീം കോടതിയിൽ നിന്ന് താൽക്കാലിക സ്​റ്റേ സമ്പാദിച്ചെങ്കിലും അത് നീക്കാൻ വാദിഭാഗം ആവശ്യപ്പെട്ടതോടെ റഹീമി​െൻറ ജീവൻ വീണ്ടും അപകടത്തിലായി. എന്നാൽ കമ്മിറ്റി ശ്രമങ്ങൾ തുടരുകയും ഒടുവിൽ 15 മില്യൺ സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനമായി നൽകിയാൽ മാപ്പ് നൽകാമെന്ന് കുട്ടിയുടെ കുടുംബം സമ്മതിക്കുകയുമായിരുന്നു.

ഇത്രയും വലിയ തുക സമയബന്ധിതമായി കണ്ടെത്തുക അസാധ്യമെന്ന് തോന്നിച്ചെങ്കിലും, ആഗോള മലയാളി സമൂഹം ഒത്തൊരുമയോടെ കൈകോർത്തതോടെയാണ് ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ മഹാ ദൗത്യം വിജയത്തിലെത്തിയത്. 2024-ൽ സമാനമായ ഒരു ചെറിയ പെരുന്നാൾ കാലത്താണ് റഹീമിനായുള്ള ഫണ്ട് സമാഹരണം പൂർത്തിയായത്.

റമദാൻ 27 മുതൽ ഒഴുകി വന്ന തുക ലക്ഷ്യത്തിലെത്തിയത് ഒരു പെരുന്നാൾ ദിനം ഉച്ചയോടെയായിരുന്നു. റഹീമി​െൻറ മോചനത്തിന് ശേഷമുള്ള നാട്ടിലേക്കുള്ള മടക്കയാത്രയും ഒരു പെരുന്നാൾ ദിനത്തിലായത് തികച്ചും യാദൃച്ഛികമായി. ആഗോള മലയാളി സമൂഹം ഒന്നടങ്കം നെഞ്ചിലേറ്റിയ ഒരു മഹാ ജീവകാരുണ്യ ദൗത്യത്തി​െൻറ ശുഭപര്യവസാനമാണ് റഹീമി​െൻറ ഈ ജന്മനാട്ടിലേക്കുള്ള മടക്കം.

Tags:    
News Summary - Abdul Rahim, released from Saudi prison, returns home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.