ജിദ്ദ: അറിവിന്റെ വികാസവും പ്രസരണവും യഥാവിധി നടക്കാതെ ഒരു സമൂഹത്തിനും അഭിമാനകരമായ നിലനിൽപ് സാധ്യമല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ചെമ്മാട് ദാറുൽ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലറും ആഗോള പണ്ഡിതസഭാ അംഗവുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി പറഞ്ഞു.ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ അദ്ദേഹത്തിനും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദാറുൽ ഹുദ മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ യു. ഷാഫി ഹാജിക്കും സമസ്ത ഇസ് ലാമിക് സെന്റർ (എസ്.ഐ.സി) ജിദ്ദ സെൻട്രൽ കമ്മിറ്റിയും ദാറുൽ ഹുദാ ജിദ്ദ കമ്മിറ്റിയും സംയുക്തമായി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവാണ് ഇസ് ലാമിന്റെ ജീവവായു, അതിനാൽ തന്നെ അറിവിനാൽ സമ്പന്നമാകാതെ ഒരു സമൂഹത്തിനും സമുദ്ധാരണം സാധ്യമല്ല. കേരളത്തിൽ അനേകം സ്ഥാപനങ്ങൾ ഈ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ ദൗത്യം കേരളത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല എന്ന വിശാല ചിന്തയിൽ നിന്നാണ് ദാറുൽ ഹുദാ രൂപം കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളീയ മുസ്ലിംകളുടെ വിശ്വാസ-ആചാര സംരക്ഷണത്തിന് എന്നും അനുഗ്രഹീത നേതൃത്വമുണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ ഒരു നൂറ്റാണ്ടായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ് ആ ധർമം നിർവഹിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന സമസ്തയുടെ നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ പ്രചാരകരാകാനും കഴിയുന്നവരെല്ലാം അതിൽ ഭാഗവാക്കാകാനും അദ്ദേഹം പ്രവാസികളോട് അഭ്യർത്ഥിച്ചു.
ദാറുൽ ഹുദാ ജനറൽ സെക്രട്ടറി യു. ഷാഫി ഹാജി മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.സി നാഷനൽ കമ്മിറ്റി പ്രസിഡന്റും ദാറുൽ ഹുദാ ജിദ്ദ കമ്മിറ്റി ചെയർമാനുമായ ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി ജിദ്ദ ചെയർമാൻ മുസ്തഫ ബാഖവി അധ്യക്ഷതവഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട്, എസ്.ഐ.സി നാഷനൽ കമ്മിറ്റി ഉപാധ്യക്ഷൻ അബൂബക്കർ ദാരിമി ആലമ്പാടി, ജിദ്ദ കമ്മിറ്റി വൈസ് പ്രസിഡന്റ് മുജീബ് റഹ്മാനി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി ഉപാധ്യക്ഷൻ നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി ആമുഖഭാഷണം നടത്തി. ദാറുൽ ഹുദാ ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി എം.എ കോയ മൂന്നിയൂർ സ്വാഗതവും എസ്.ഐ.സി ജിദ്ദ കമ്മിറ്റി ട്രഷറർ ജാബിർ നാദാപുരം നന്ദിയും പറഞ്ഞു.
മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, മുഹമ്മദലി മുസ്ലിയാർ കാപ്പ്, കോയമോൻ മൂന്നിയൂർ, ലത്തീഫ് കാപ്പിൽ, ഇസ്മായിൽ മുണ്ടക്കുളം, റഫീഖ് കൂളത്ത്, അബ്ദുൽ ജബ്ബാർ ഹുദവി, അൻവർ ഹുദവി, സുഹൈൽ ഹുദവി, കെ.പി. അബ്ദുൽ റഹ്മാൻ ഹാജി കൊണ്ടോട്ടി, ഉണ്ണീൻ ഹാജി തിരൂർക്കാട്, സൈനുൽ ആബിദ് കാരി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.