റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് ഡിസംബർ 14ന് ബുധനാഴ്ച ശൂറ കൗൺസിലിനെ അഭിസംബോധന ചെയ്ത് നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. സൗദിയുടെ സ്വദേശ, വിദേശ നയനിലപാടുകളെക്കുറിച്ച് പ്രസംഗത്തിൽ പരാമർശമുണ്ടാവുമെന്ന് കൗൺസിൽ പ്രസിഡൻറ് ഡോ. അബ്ദുല്ല ആൽശൈഖ് പറഞ്ഞു. പുതുവർഷത്തിൽ ശൂറ കൗൺസിലിനെ അഭിസംബോധന ചെയ്യുക എന്ന സൗദി ഭരണാധികാരികളുടെ കീഴ്വഴക്കത്തിെൻറ ഭാഗമായാണിത്. സ്വപ്ന പദ്ധതിയായ വിഷൻ 2030െൻറയും ദേശീയ പരിവർത്തന പദ്ധതി 2020െൻറയും പശ്ചാത്തലത്തിൽ ശൂറ കൗൺസിൽ അംഗങ്ങൾക്കും പൗരന്മാർക്കും രാജ്യത്തിെൻറ രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് മതിയായ ദിശാബോധം നൽകുന്നത് കൂടിയായിരിക്കും വാർഷിക പ്രസംഗമെന്ന് പ്രസിഡൻറ് പ്രത്യാശ പ്രകടിപ്പിച്ചു.
സൗദിയുടെ പുരോഗതി, വികസന പദ്ധതികൾ, പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നീ വിഷയങ്ങൾക്ക് പുറമെ മേഖലയിലെ രാഷ്ട്രീയ, സുരക്ഷ സാഹചര്യങ്ങൾ എന്നിവയും രാജാവിെൻറ പ്രസംഗത്തിൽ പരാമർശിക്കും. ശൂറ കൗൺസിൽ ചർച്ചക്ക് എടുക്കേണ്ട സുപ്രധാന വിഷയങ്ങൾ, രാഷ്ട്രത്തിെൻറ ഭാവി രൂപീകരണത്തിൽ കൗൺസിൽ അംഗങ്ങളുടെ പങ്ക്, കാലഘട്ടത്തിെൻറ തേട്ടത്തനുസരിച്ച് ആവശ്യമായ പരിവർത്തനം, നയനിലപാടുകളുടെ അടിസ്ഥാനം എന്നിവയും ഉള്ളടക്കമാവും. കഴിഞ്ഞ വർഷം ശൂറ കൗൺസിൽ എടുത്ത തീരുമാനങ്ങൾക്കും ചർച്ച ചെയ്ത വിഷയങ്ങൾക്കും ആവശ്യമായ പിന്തുണ നൽകിയ രാജാവിെൻറ നിലപാടുകൾക്ക് പ്രസിഡൻറ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.