പഞ്ചനക്ഷത്ര ഹോട്ടല്‍ ജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ട്മെന്‍റ്

റിയാദ്: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഭേദപ്പെട്ട ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ഇന്ത്യന്‍ ട്രാവല്‍ ഏജന്‍സി മുഖാന്തരം സൗദി അറേബ്യയിലത്തെിയ മലയാളികള്‍ ഉള്‍പ്പെടെ 11 ഇന്ത്യന്‍ യുവാക്കള്‍ അഞ്ചു മാസമായി ദുരിതത്തില്‍. ജോലിയും ശമ്പളവും താമസിക്കാനിടവുമില്ലാതെ റിയാദില്‍ സുഹൃത്തുക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും മറ്റും കാരുണ്യത്തില്‍ കഴിയുന്ന ഒമ്പത് മലയാളികളും രണ്ട് തമിഴ്നാട്ടുകാരുമാണ് സൗദി തൊഴില്‍ കാര്യാലയത്തിനും ഇന്ത്യന്‍ എംബസിക്കും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍െറ പരാതി പരിഹാര ഓണ്‍ലൈന്‍ സംവിധാനമായ ‘മദദി’ലും പരാതി നല്‍കിയിരിക്കുന്നത്. പ്ളസ് ടുവും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള ഇവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വിവിധ പദവികളിലുള്ള ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്.

സൗദി മാന്‍പവര്‍ കമ്പനിയുടെ പ്രതിനിധി പലതവണ ഇന്ത്യയിലത്തെി മലപ്പുറം ആസ്ഥാനമായ ട്രാവല്‍ ഏജന്‍സിയുടെ ആതിഥേയത്വത്തില്‍ അഭിമുഖം നടത്തിയാണ് മലപ്പുറം, കോഴിക്കോട്, കൊല്ലം, കോട്ടയം, തമിഴ്നാട്ടിലെ നീലഗിരി എന്നീ ജില്ലകളില്‍ നിന്നുള്ള ഇവരെ തെരഞ്ഞെടുത്തത്. 2014 ഒക്ടോബറിലും ഡിസംബറിലും 2015 ജനുവരിയിലും ജൂലൈയിലും ഓഗസ്റ്റിലുമായി പല തീയതികളിലാണ് ഇവരെല്ലാം റിയാദിലത്തെിയത്. ഇവരെ സൗദിയിലേക്ക് അയക്കാന്‍ ട്രാവല്‍ ഏജന്‍റ് ഓരോരുത്തരില്‍ നിന്നും ഒരു ലക്ഷം മുതല്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വരെയാണ് ഈടാക്കിയത്. റിയാദില്‍ കമ്പനി ആസ്ഥാനത്ത് എത്തിയ ഇവരെ ജുബൈലിലും അല്‍ഖോബാറിലും ഹാഇലിലുമുള്ള പഞ്ചനക്ഷത്ര, ചതുര്‍ നക്ഷത്ര ഹോട്ടലുകളില്‍ നിയമിച്ചു. എന്നാല്‍ വാഗ്ദാനം ചെയ്ത ശമ്പളമായിരുന്നില്ല ലഭിച്ചത്.

1800 മുതല്‍ 2000 റിയാല്‍ വരെയായിരുന്നു വാഗ്ദാനം. ശമ്പളമായി കിട്ടിയത് 1000 റിയാല്‍ മാത്രം. അത് തന്നെ കൃത്യമായി ലഭിച്ചിരുന്നുമില്ല. നാല് മാസം വരെ മുടങ്ങിയപ്പോള്‍ എല്ലാവരും ജോലി നിറുത്തി. ഈ വര്‍ഷം മേയ് 16നാണ് ജോലി താല്‍ക്കാലികമായി നിറുത്തി റിയാദില്‍ തിരിച്ചത്തെി, കുടിശിക തീര്‍ത്ത് തരാതെ ജോലിയില്‍ തുടരില്ളെന്ന തങ്ങളുടെ ആവശ്യം കമ്പനിയധികൃതരെ അറിയിച്ചത്. കുടിശികയായ ശമ്പളം തരില്ളെന്ന് അറിയിച്ച കമ്പനിയധികൃതര്‍ അടുത്ത ദിവസം തന്നെ തൊഴിലാളികള്‍ ഒളിച്ചോടിയതാണെന്ന് കാണിച്ച് ജവാസാത്തിന് പരാതി നല്‍കി എല്ലാവരേയും ‘ഹുറൂബാ’ക്കി.

അതോടെ താമസിക്കാനിടവും ഭക്ഷണവും കൂടി ഇല്ലാതായി തീര്‍ത്തും ദുരിതാവസ്ഥയിലായി. മലപ്പുറം ജില്ലക്കാരായ സമീര്‍, അന്‍ഷിഫ്, ഷാഹിന്‍, യാസിര്‍, സര്‍ഫറാസ്, കൊല്ലം ചവറ സ്വദേശിയായ സുനില്‍ കുമാര്‍, കോട്ടയം സ്വദേശി കണ്ണന്‍, തമിഴ്നാട് നീലഗിരി സ്വദേശികളായ ഷാഹിദലി, സുനീര്‍ ബാബു, കോഴിക്കോട് സ്വദേശികളായ ഉബൈദ്, മുഹമ്മദലി എത്രയും വേഗം സ്വദേശത്തേക്ക് മടങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ചാണ് റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍. മുരളീധരന്‍ വഴി പരാതി നല്‍കിയിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.