ഗുജറാത്തിലെ ഭവന നിര്‍മാണത്തില്‍  ലീഗിന് പിഴവു പറ്റിയിട്ടില്ല -ഇ.ടി ബഷീര്‍

റിയാദ്: ഗുജറാത്തില്‍ മുസ്ലിംലീഗിന്‍െറ നേതൃത്വത്തില്‍ നടന്ന ഭവന നിര്‍മാണത്തില്‍ അപാകതകളൊന്നുമില്ളെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യം തള്ളുന്ന മേഖലയിലാണ് വീടുകള്‍ നിര്‍മിച്ചതെന്ന ‘ഒരു വാരികയുടെ’ കണ്ടത്തെല്‍ ശരിയല്ല. വീട് നിര്‍മിക്കുന്ന സമയത്ത് അവിടെ മാലിന്യമുണ്ടായിരുന്നില്ല. അത് പിന്നീടുണ്ടായതാണ്. അതിന് ലീഗിന് എന്തു ചെയ്യാന്‍ സാധിക്കും? വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച വീടുകളില്‍ ചെറിയ പ്രശ്നങ്ങളുള്ളത് കാര്യമാക്കേണ്ടതില്ല. മുസ്ലിം ലീഗ് പിരിച്ചെടുത്ത തുക ഗുജറാത്തിലുള്ള ഏജന്‍സിക്ക് കൈമാറുകയാണ് ചെയ്തത്. അവിടെ പോയി വീട് നിര്‍മിച്ച് നല്‍കുക എന്നത് പ്രയോഗികമല്ല. അതുകൊണ്ടാണ് ഏജന്‍സിയെ ഏല്‍പിച്ചത്. സിറ്റിസണ്‍ നഗറില്‍ മുസ്ലിം ലീഗ് മാത്രമല്ല വീടുകള്‍ നിര്‍മിച്ച് നല്‍കിയിരിക്കുന്നത്. മറ്റ് സന്നദ്ധ സംഘടനകളും അവിടെ വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതിന്‍െറ ഉടമസ്ഥാവകാശം താമസക്കാര്‍ക്ക് ലഭിച്ചിട്ടില്ളെന്നത് വസ്തുതയാണ്. അത് ഏജന്‍സിയാണ് ചെയ്യേണ്ടത്. ഗുജറാത്ത് കലാപ സമയത്ത് അവിടെ ആദ്യമത്തെിയത് പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവായ ഇ. അഹമ്മദാണ്. അദ്ദേഹത്തിന്‍െറ നേതൃത്വത്തിലാണ് വീട് നിര്‍മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. തറക്കല്ലിടുന്ന സമയത്ത് ലീഗ് നേതാക്കള്‍ പോയിരുന്നു. അതിലപ്പുറം എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. സാമൂഹിക സുരക്ഷ പദ്ധതി ഇതില്‍ എടുത്തു പറയേണ്ടതാണ്. പാര്‍ട്ടിയിലുള്ള വിശ്വാസം കൊണ്ടാണ് ആളുകള്‍ ഇതില്‍ അംഗങ്ങളാവുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ അറ്റകുറ്റപ്പണികള്‍ തകൃതിയായി നടക്കുന്നുണ്ട്. 
നിശ്ചിത സമയത്തിനകം തന്നെ അത് പൂര്‍ത്തിയാകുമെന്നും ആശങ്കകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വോട്ടവകാശം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദം കേരള സര്‍ക്കാര്‍ ചെലുത്തുന്നുണ്ട്. വൈകാതെ ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശനമായ വ്യവസ്ഥകളാണ് ഇപ്പോഴുള്ളത്. ഇക്കാരണത്താല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ സൗദി കമ്പനികള്‍ തയാറെടുക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കും. കേരളത്തില്‍ കോണ്‍ഗ്രസ്, ലീഗ് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ഇല്ളെങ്കില്‍ രണ്ടു കൂട്ടര്‍ക്കും നഷ്ടം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 കെ.എം.സി.സി നേതാക്കളായ അബ്ബാസ് ഹാജി, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, കുന്നുമ്മല്‍ കോയ, വി.കെ. മുഹമ്മദ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.