എണ്ണ വില: സൗദിയുമായി  ചര്‍ച്ചക്കൊരുക്കമെന്ന് ഇറാന്‍

ജിദ്ദ: രാജ്യാന്തര എണ്ണ വിപണിയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യയുമായും മറ്റ് ഒപെക് അംഗരാഷ്ട്രങ്ങളുമായും ചര്‍ച്ചക്ക് തയാറെന്ന് ഇറാന്‍. സൗദി അറേബ്യ ഉള്‍പ്പെടെ എല്ലാ എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുമായും ചര്‍ച്ചയും സഹകരണവും ഉണ്ടാകുന്നതിനെ പിന്തുണക്കുമെന്നും ഇറാന്‍ എണ്ണ മന്ത്രി ബൈജാന്‍ സാംഗ്നിയ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം നീക്കിയതിനെ തുടര്‍ന്ന് എണ്ണ കയറ്റുമതി ഇറാന്‍ അടുത്തിടെയാണ് പുനരാരംഭിച്ചത്. പ്രതിദിനം അഞ്ചുലക്ഷം ബാരല്‍ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അമിത ഉല്‍പാദനം കാരണം സമ്മര്‍ദത്തിലായ രാജ്യാന്തര എണ്ണവിപണിയെ ഇറാന്‍െറ രംഗപ്രവേശം കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്ന് ആശങ്കയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാന്‍െറ നിലപാട് പ്രഖ്യാപനം. കരുത്തുറ്റ രാഷ്ട്രീയ തീരുമാനമുണ്ടായാല്‍ ഒരാഴ്ചക്കുള്ളില്‍ എണ്ണ വിപണി നേരെയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിലയിടിവിനിടയിലും ഒപെകിന്‍െറ ആകെ ഉല്‍പാദം പ്രതിദിനം 1,31,000 ബാരല്‍ കണ്ട് കഴിഞ്ഞമാസം വര്‍ധിപ്പിച്ചിരുന്നു. 
പ്രതിദിനം 32.3 ദശലക്ഷം ബാരലായിരുന്നു കഴിഞ്ഞമാസത്തെ ആകെ ഉല്‍പാദനം. പ്രതിസന്ധി പരിഹാരനീക്കങ്ങളുടെ ഭാഗമായി ലാറ്റിന്‍ അമേരിക്കയിലെ പ്രധാന എണ്ണ ഉല്‍പാദക രാഷ്ട്രമായ വെനസ്വേലയുടെ എണ്ണ മന്ത്രി യൂലിജിയോ ഡെല്‍പിനോ കഴിഞ്ഞ ഞായറാഴ്ച റിയാദിലത്തെിയിരുന്നു. വിപണിയില്‍ സ്ഥിരത മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ചര്‍ച്ചകളെന്ന് ഇരുരാഷ്ട്രങ്ങളും പിന്നീട് പ്രതികരിച്ചു. അനുകൂല അന്തരീക്ഷത്തില്‍ നടന്ന വിജയകരമായ ചര്‍ച്ച എന്നാണ് സൗദി എണ്ണ മന്ത്രി അലി അന്നുഐമി വിശദീകരിച്ചത്. 
റഷ്യ, ഇറാന്‍, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലെ ദൗത്യങ്ങള്‍ക്ക് ശേഷമാണ് ഡെല്‍ പിനോ റിയാദിലത്തെിയത്. ഒപെകിന്‍െറ എണ്ണ വിഹിതത്തിന്‍െറ 40 ശതമാനവും നല്‍കുന്നത് സൗദിയും വെനസ്വേലയും ചേര്‍ന്നാണ്. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളുടെയും സംയുക്ത നീക്കങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.