വിവിധ മേഖലകളില്‍ വിശാല സഹകരണത്തിന് സൗദിയും ഫ്രാന്‍സും

റിയാദ്: വാണിജ്യ, ധനകാര്യ, സൈനിക, തൊഴില്‍ രംഗങ്ങളില്‍ വിശാലമായ സഹകരണത്തിന് തുടക്കം കുറിക്കുന്ന അനവധി കരാറുകള്‍ സൗദിയും ഫ്രാന്‍സും ഒപ്പിട്ടു. കഴിഞ്ഞ ദിവസം സൗദിയിലത്തെിയ ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാസിന്‍െറ നേതൃത്വത്തിലുള്ള ഒൗദ്യോഗിക, വ്യാപാര സംഘമാണ് സൗദിയിലെ വിവിധ ഏജന്‍സികളുമായി ധാരണയിലത്തെിയത്. 1,100 കോടി ഡോളറിന്‍െറ കരാറുകളില്‍ തീരുമാനമായതായി മാനുവല്‍ വാസ് ഇന്നലെ ട്വീറ്റ് ചെയ്തു. ഇരുരാഷ്ട്രങ്ങളും തമ്മില്‍ തുടരുന്ന ഊഷ്മളമായ സഹകരണത്തിന്‍െറ തുടര്‍ച്ചയാണ് പുതിയ ധാരണകളെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വിശദീകരിച്ചു. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് സൗദി പക്ഷത്ത് നിന്ന് ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേതൃത്വം നല്‍കി.
ഊര്‍ജ, ആരോഗ്യ, ഭക്ഷ്യ, സാറ്റലൈറ്റ്, പശ്ചാത്തല വികസന രംഗങ്ങളിലാണ് കൂടുതല്‍ കരാറുകളായതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ധാരണകളുടെ വിശദാംശങ്ങള്‍ അറിവായി വരുന്നതേയുള്ളു. സൗദിയുടെ വിസ്തൃതമായ തീരമേഖലയുടെ നിരീക്ഷണത്തിന് 30 പട്രോള്‍ ബോട്ടുകള്‍ വാങ്ങുന്നതിനുള്ള കരാറാണ് സൈനിക ധാരണകളില്‍ പ്രധാനം. സൗദി സഹായത്തോടെ ഈജിപ്ത് ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന രണ്ടു മിസ്ത്രല്‍ യുദ്ധക്കപ്പലുകളുടെ വിഷയത്തിലും തീരുമാനമായി. യുദ്ധക്കപ്പലുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാനാണ് ആദ്യം ആലോചിച്ചിരുന്നത്. 
പിന്നീടാണ് 950 ദശലക്ഷം യൂറോ ചെലവുള്ള ഇടപാട് ഫ്രാന്‍സുമായി മതിയെന്ന് തീരുമാനിച്ചത്. ഈ തുകയില്‍ നല്ല പങ്കും നല്‍കുന്നത് സൗദിയാണ്. സൗദിയിലത്തെുന്നതിന് മുമ്പ് ഈജിപ്ത് സന്ദര്‍ശിച്ച മാനുവല്‍ വാസ് ഇക്കാര്യത്തില്‍ കരാറുണ്ടാക്കിയിരുന്നു. 
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാണിജ്യബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫോറത്തിനും ഫ്രഞ്ച് പ്രധാനമന്ത്രി റിയാദില്‍ തുടക്കം കുറിച്ചു. ടെലി കമ്യൂണിക്കേഷന്‍, നിരീക്ഷണ സാറ്റലൈറ്റ് എന്നിവയില്‍ വിപുലമായ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. മേഖലയുടെ സുരക്ഷക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാനും ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചു. 
ഐ.എസിനെതിരെ തുടരുന്ന അന്താരാഷ്ട്ര സഖ്യസേനയുടെ സൈനിക നടപടിയില്‍ പങ്കാളികളാണ് ഇരുരാഷ്ട്രങ്ങളും.  ഇടിയുന്ന എണ്ണ വിലയും സമ്പദ്ഘടനയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് വിഷയമായി. സാമ്പത്തിക ഉന്നമനത്തിലേക്ക് ഇരുരാഷ്ട്രങ്ങളും സഹകരിച്ച് മുന്നേറുമെന്ന് സൗദി-ഫ്രാന്‍സ് വാണിജ്യ ഫോറത്തിന്‍െറ ഉദ്ഘാടന ചടങ്ങില്‍ മാനുവല്‍ വാസ് പറഞ്ഞു. സുസ്ഥിര, ബദല്‍ ഊര്‍ജ മേഖകള്‍ കണ്ടെത്തേണ്ടതിന്‍െറ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദവും പശ്ചിമേഷ്യയിലെ അസ്ഥിരതയും പ്രധാന വെല്ലുവിളികളാണ്. 
അതു തരണം ചെയ്യാന്‍ ഒരുമിച്ചു പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ഇരുരാഷ്ട്രങ്ങളിലെയും സ്ഥാപനങ്ങള്‍ക്ക് പരസ്പരം വ്യാപാരത്തിനും മറ്റുമുള്ള പ്രതിബന്ധങ്ങള്‍ പുതിയ ഫോറം നിലവില്‍ വരുന്നതോടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശിച്ചു. വാണിജ്യ, വ്യവസായ മന്ത്രി ഡോ. തൗഫീഖ് അര്‍റബീഅ, സാമ്പത്തിക, ആസൂത്രണ മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ്, ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്‍റ് ഫാബിയസ്, പ്രതിരോധ മന്ത്രി ഴാങ് ലെ ദെറിയന്‍, തുറമുഖ, ഫിഷിങ് മന്ത്രി അലൈന്‍ വിദല്‍ എന്നിവരും ഫോറം സമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.