നാശം വിതച്ച് മഴ തുടരുന്നു; ലക്ഷങ്ങളുടെ നഷ്ടം

റിയാദ്: കാലാവസ്ഥ പ്രവചനങ്ങള്‍ ശരിവെച്ച് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ച് മഴ തുടരുന്നു. റിയാദിലും ബുറൈദയിലും കഴിഞ്ഞ ദിവസം പെയ്ത മഴ കനത്ത നാശ നഷ്ടങ്ങളാണ് വരുത്തിയത്. റിയാദിലെ റുമയില്‍ ഒരാള്‍ മരിച്ചു. നഗരത്തില്‍ വെള്ളക്കെട്ടില്‍ കുടുങ്ങി നിരവധി വാഹനങ്ങളാണ് കേടായത്. 80 ഓളം കാറുകള്‍ റിയാദ് നഗരത്തില്‍ മാത്രം കേടായിട്ടുണ്ടെന്നാണ് സിവില്‍ ഡിഫന്‍സിന്‍െറ കണക്ക്. പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ് പലയിടങ്ങളിലും. വെള്ളക്കെട്ടില്‍ കുടുങ്ങിയ 85 പേരെ അധികൃതര്‍ രക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. റിയാദിലെ പടിഞ്ഞാറന്‍ റിങ് റോഡിലെ എക്സിറ്റ് 33, 34 ലെ അണ്ടര്‍ പാസേജ് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. നിരവധി കാറുകളാണ് ഇവിടെ വെള്ളത്തില്‍ മുങ്ങിയത്. പല റോഡുകളിലും ഗതാഗതം നിരോധിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സിവില്‍ ഡിഫന്‍സിന്‍െറ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും ജീവനക്കാരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ത്തു. മഴ തുടര്‍ന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു. റിയാദ് നഗരത്തിലും പരിസരത്തും ബുധനാഴ്ച രാത്രിയും ചാറ്റല്‍ മഴ തുടരുകയാണ്. താഴ്വരകളും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലാണ്. നാശ നഷ്ടങ്ങളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ളെങ്കിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. അല്‍ഖര്‍ജില്‍ വ്യാഴാഴ്ചയും വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. 
ദമ്മാം, അല്‍ ഖോബാര്‍, ജുബൈല്‍, അല്‍ അഹസ  തുടങ്ങി പ്രവിശ്യയുടെ വ്യത്യസ്ത ഭാഗങ്ങളിലും നല്ല മഴ ലഭിച്ചു.
മഴ കനത്ത നാശം വിതച്ച പ്രദേശങ്ങളിലൊന്ന് അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയിലാണ്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഏറ്റവും ശക്തമായ മഴയാണ് ബുറൈദയില്‍ ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു ദിവസമായി പെയ്തിറങ്ങിയ മഴയിലും വീശിയടിച്ച കാറ്റിലും മലയാളികളേറെയുള്ള ബുറൈദയില്‍ ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു. നഗരത്തിലെ കേരള മാര്‍ക്കറ്റുള്‍പ്പെടെ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങി ഗതാഗതം താറുമാറായി. നിരവധി വാഹനങ്ങള്‍ കേടായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴക്ക് ബുധനാഴ്ച പുലര്‍ച്ചെയാണ് ശമനമുണ്ടായത്. ചില വീടുകളുടെ മതിലുകള്‍ തകര്‍ന്നു. മഴ നിലച്ചെങ്കിലും പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. അന്തരീക്ഷം മൂടിക്കെട്ടിയാണ് നില്‍ക്കുന്നത്. സിവില്‍ ഡിഫന്‍സിന്‍െറ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകമാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.