ലെവി തിരിച്ചുനല്‍കുന്നത്  മൂന്ന് മാസത്തേക്ക് നീട്ടി

റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികളിലെ വിദേശ ജോലിക്കാരുടെ ലെവി തിരിച്ചുനല്‍കാനുള്ള അപേക്ഷ സ്വീകരിക്കുന്ന അവധി മൂന്ന് മാസത്തേക്ക് നീട്ടിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. മന്ത്രിസഭ തീരുമാനമനുസരിച്ചാണ് വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം ചുമത്തിയ 2,400 റിയാല്‍ ലവി നിബന്ധനകള്‍ക്ക് വിധേയമായി തിരിച്ചുനല്‍കാന്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 66 ദശലക്ഷം റിയാല്‍ തിരിച്ചുനല്‍കിയതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികളിലെ വിദേശ ജോലിക്കാരുടെ ലവി തിരിച്ചുല്‍ നല്‍കാന്‍ 2014 ജൂണ്‍ 23ന് ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചതനുസരിച്ചാണ് 2015 മെയ് ആദ്യം മുതല്‍ കോണ്‍ട്രാക്ടിങ് കമ്പനികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. നിബന്ധനകള്‍ പൂര്‍ത്തീകരിച്ച കമ്പനികള്‍ക്ക് 66 ദശലക്ഷം റിയാല്‍ ആദ്യ ഘട്ടത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് അഥവാ ഹദഫ് തിരിച്ചുനല്‍കിയിരുന്നു. അപേക്ഷ സമര്‍പ്പിക്കാന്‍ നിശ്ചയിച്ചിരുന്ന കാലാവധി നവംബര്‍ 15ന് അവസാനിച്ചെങ്കിലും മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി തൊഴില്‍ മന്ത്രി ഡോ. മുഫര്‍റിജ് ബിന്‍ സഅദ് അല്‍ഹഖബാനി പ്രഖ്യാപിക്കുകയായിരുന്നു. ഇതനുസരിച്ച് 2016 ഫെബ്രുവരി 12 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആദ്യ ഘട്ടത്തില്‍ മന്ത്രാലയത്തിന്‍െറ  www.hrdf.org.sa/crp എന്ന വെബസൈറ്റ് വഴി യോഗ്യരായ കോണ്‍ട്രാക്ടിങ് കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം. പദ്ധതി നടത്തിപ്പിന്‍െറ കാലത്തുള്ള ലവിയാണ് തിരിച്ചുനല്‍കുക എന്നതിനാല്‍ ഇത് തെളിയിക്കാന്‍ സാധ്യമായ തെളിവുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കണം. 2012 നവംബര്‍ 15 മുതല്‍ സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികള്‍ക്കാണ് ലവി തിരിച്ചുനല്‍കുക. രണ്ടാം ഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി അധികൃതര്‍ രേഖകള്‍ പരിശോധിക്കും. മൂന്നാം ഘട്ടത്തില്‍ രേഖകളുടെ അസല്‍ പതിപ്പ് ഒത്തുനോക്കിയ ശേഷമാണ് തിരിച്ചുനല്‍കുന്ന സംഖ്യ കമ്പനി ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിക്കുക. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.