സമാധാനം തകര്‍ക്കുന്നവരെ കര്‍ക്കശമായി നേരിടും - മന്ത്രിസഭ

ജിദ്ദ: അബഹയിലെ പള്ളിയില്‍ നടന്ന ഭീകരാക്രമണം അക്രമികളുടെ പകയുടെ ആഴമാണ് വ്യക്തമാക്കുന്നതെന്നും ഇതു കൊണ്ടൊന്നും രാജ്യത്തെയും ജനതയെയും ഒരു നിലക്കും ഭയവിഹ്വലരാക്കാനാവില്ളെന്നും സമാധാനം തകര്‍ക്കുന്നവരെ കര്‍ക്കശമായി നേരിടുമെന്നും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍അസീസ് പ്രഖ്യാപിച്ചു. ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ ചേര്‍ന്ന സൗദി മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവികഭവനങ്ങളും നിരപരാധരുടെ ജീവനും കൊണ്ട് കളിക്കാനുള്ള നിഗൂഢപദ്ധതികളാണ് മറനീക്കി പുറത്തുവന്നത്. പിഴച്ച ചിന്താഗതിയുടെ വക്താക്കളാണ് അക്രമികളെന്നു വെളിപ്പെടുത്തുന്നതാണ് ഭീകരാക്രമണങ്ങള്‍. മത, ധാര്‍മിക, മാനവികമൂല്യങ്ങളുമായി അവര്‍ക്ക് പുലബന്ധമില്ല. ഈ ചെയ്തികള്‍ക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ല. മതഭ്രഷ്ടരുടെ ഇത്തരം ഭീകരവൃത്തികള്‍ രാജ്യസമാധാനത്തിനു തുരങ്കം വെക്കുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് സൈനികരെ പിന്തിരിപ്പിക്കാന്‍ ഉതകില്ളെന്ന് അദ്ദേഹം പ്രസ്താവിച്ചു. സംഭവത്തെ ശക്തമായി അപലപിക്കാനും സൈനികര്‍ക്കും രാജ്യത്തിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും മുന്നോട്ടു വന്ന രാജ്യത്തിനകത്തെ പണ്ഡിതര്‍ക്കും നേതാക്കള്‍ക്കും വിദേശ ഭരണാധികാരികള്‍ക്കും മന്ത്രിസഭ കൃതജ്ഞത പ്രകടിപ്പിച്ചു. അസീറില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും ആശ്രിതരെയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ അനുശോചനവും പ്രാര്‍ഥനയും കിരീടാവകാശി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അദ്ദേഹം സൗഖ്യവും നേര്‍ന്നു. നേരത്തേ, വിവിധ ചാവേറാക്രമണങ്ങളെ തുടര്‍ന്ന് രാജ്യത്തെ സുരക്ഷ സംവിധാനം കൂടുതല്‍ കര്‍ക്കശമാക്കാന്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഉത്തരവിട്ടിരുന്നു. ഞായറാഴ്ച ചേര്‍ന്ന സുരക്ഷ സേന മേധാവികളുടെ സംയുക്തയോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്. ഇത്തരം ഹീന ശ്രമങ്ങള്‍ കൊണ്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അനുവദിക്കില്ളെന്നും മേലില്‍ സമാന സംഭവങ്ങളെ കൂടുതല്‍ ജാഗ്രതയോടെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ഹജ്ജ് സീസണില്‍ മക്കയിലും മദീനയിലും മറ്റ് പുണ്യസ്ഥലങ്ങളിലും നടപ്പാക്കുന്ന സുരക്ഷ സംവിധാനങ്ങളും കിരീടാവകാശി വിലയിരുത്തി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.