ഹമദ്, റുവൈസ്​ തുറമുഖങ്ങളിലായി നിർമാണം പുരോഗമിക്കുന്ന വെറ്ററിനറി ക്വാറൻറീൻ ​കേന്ദ്രം

മൃഗങ്ങൾക്കുമുണ്ട്​ ക്വാറൻറീൻ സെൻറർ

ദോഹ: വിദേശരാജ്യങ്ങളിൽനിന്ന്​ ഇറക്കുമതി ചെയ്യുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും ഖത്തറിൽ വിശാലമായ ക്വാറൻറീൻ കേന്ദ്രങ്ങൾ ഒരുങ്ങുന്നു.

ഹമദ്​, റുവൈസ്​ തുറമുഖങ്ങളിലായി എത്തുന്നവക്കായാണ്​ രണ്ടു വമ്പൻ ക്വാറൻറീൻ കേന്ദ്രങ്ങളുടെ നിർമാണം ത്വരിതഗതിയിൽ പുരോഗമിക്കുന്നത്​.

രാജ്യത്തെ രണ്ട്​ പ്രധാന തുറമുഖങ്ങളിൽ 95 ദശലക്ഷം റിയാൽ ചെലവിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ആനിമൽ റിസോഴ്സ്​ വകുപ്പാണ് അത്യാധുനിക നിലവാരത്തിൽ ക്വാറൻറീൻ കേന്ദ്രങ്ങളുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഉന്നത അന്താരാഷ്​ട്ര മാനദണ്ഡങ്ങളോടെയാവും ഇവയുടെ നിർമാണം. വിദഗ്ധ പരിശീലനം നേടിയ ജീവനക്കാരെയാണ് ഇവിടെ നിയമിക്കുകയെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏതാനും മാസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തിയാക്കാനുദ്ദേശിക്കുന്ന ക്വാറൻറീൻ കേന്ദ്രങ്ങൾ, മന്ത്രാലയത്തിലെ കന്നുകാലി വിഭാഗത്തിെൻറ നിർദേശം ലഭിക്കുന്നതോടെ പ്രവർത്തനവും ആരംഭിക്കും.

രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക്​ രോഗം പടരുന്നത് ഒഴിവാക്കുകയാണ് ക്വാറൻറീൻ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. തുറമുഖങ്ങൾ വഴി രാജ്യത്തേക്കെത്തുന്ന കന്നുകാലികളെ പുറത്തിറക്കുന്നതിന് മുമ്പ്​ ക്വാറൻറീൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുകയും ഇവിടെ വെച്ച് മൃഗങ്ങൾക്ക് പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ ഇല്ലെന്നും ഉറപ്പുവരുത്തുകയും ചെയ്യും.

പൊതുമരാമത്ത് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഈ മേഖലയിൽ വൈദഗ്ധ്യം നേടിയ ദേശീയ കമ്പനിയാണ് കേന്ദ്രം നിർമിക്കുന്നത്. ഭരണനിർവഹണ കെട്ടിടം, ലബോറട്ടറികൾ,വെറ്ററിനറി ക്ലിനിക്കുകൾ, അറവുശാലകൾ, ഓട്ടോപ്സി റൂം, സ്​റ്റോറേജ് സംവിധാനം തുടങ്ങിയ സൗകര്യങ്ങളോടെയാവും ക്വാറൻറീൻ കേന്ദ്രം പ്രവർത്തന സജ്ജമാവുന്നത്​.

റുവൈസ്​ തുറമുഖത്തിനടുത്ത് 30,000 ചതുരശ്രമീറ്റർ മീറ്റർ വിസ്​തൃതിയിലാണ് കേന്ദ്രം നിർമിക്കുന്നത്. 16,000 ആടുകൾ, 1600 ഒട്ടകങ്ങൾ, 2600 പശുക്കൾ എന്നിവയെ ഇതിലുൾക്കൊള്ളാനാകും. മണിക്കൂറിൽ 650 കിലോ വരെ നശിപ്പിക്കാൻ ശേഷിയുള്ള ഇൻസിനറേറ്ററും ഇവിടെയുണ്ട്. അതേസമയം, ഹമദ് തുറമുഖത്തിനടുത്ത് നിർമിക്കുന്ന ക്വാറൻറീൻ കേന്ദ്രത്തിന് 90,000 ചതുരശ്രമീറ്റർ വിസ്​തൃതിയുണ്ടാകും.

2,000 ഒട്ടകങ്ങൾ, 40,000 ആടുകൾ, 4,000 പശുക്കൾ എന്നിവയെ ഉൾക്കൊള്ളാൻ വിധത്തിലാണ് കേന്ദ്രത്തിെൻറ നിർമാണം. മണിക്കൂറിൽ 650 കിലോ വരെ നശിപ്പിക്കാൻ ശേഷിയുള്ള ഇൻസിനറേറ്ററും ഇവിടെയും സ്​ഥാപിക്കുന്നുണ്ട്.

Tags:    
News Summary - quarantine center for animals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.