ദോഹ: ഖത്തറിൽ തൊഴിലവസരങ്ങൾ കണ്ടെത്തി റിക്രൂട്ട്മെന്റ് നടത്താൻ ധാരണയായതായി നോർക്ക റൂട്ട്സ് റസിഡന്റസ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഖത്തറിലേക്കുള്ള തൊഴിലവസരങ്ങൾ സംബന്ധിച്ച് നോർക്ക ഡയറക്ടറും ഖത്തർ ആസ്ഥാനമായ എ.ബി.എൻ കോർപറേഷൻ ചെയർമാനുമായ ജയകൃഷ്ണ മേനോനുമായി (ജെ.കെ. മേനോൻ) നോർക്ക ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്ന മലയാളികൾക്ക് വ്യത്യസ്ത ചാനലുകളിലൂടെ റിക്രൂട്ട്മെന്റ് ശക്തിപ്പെടുത്താൻ നോർക്ക റൂട്ട്സ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യോഗത്തിനു ശേഷം പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോകത്തെല്ലായിടത്തുമുള്ള തൊഴിലവസരങ്ങൾ കണ്ടെത്തി പ്രഫഷനലുകൾക്കും വിദഗ്ധ തൊഴിലാളികൾക്കും അതോടൊപ്പം സാധാരണക്കാരായ തൊഴിലാളികൾക്കുമുള്ള അവസരങ്ങൾ കണ്ടെത്താനാണ് നോർക്ക ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായിട്ടാണ് ഖത്തറിലെ എ.ബി.എൻ കോർപ്പറേഷൻ ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോൻ നോർക്ക ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയത്. എ.ബി.എൻ കോർപറേഷനു കീഴിലെ കമ്പനികളിലും നോർക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റ് നടത്താമെന്ന് അദ്ദേഹം ഉറപ്പു നല്കി. ദോഹയിൽ എംപ്ലോയേഴ്സ് കോൺഫറൻസ് വിളിച്ചു ചേർത്ത് തൊഴിൽ അവസരങ്ങളുടെ സാധ്യതകൾ മനസ്സിലാക്കാനും ധാരണയായിട്ടുണ്ട്. താരതമ്യേന നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് കുറഞ്ഞ ഖത്തറിലേക്കുള്ള തൊഴിൽ അന്വേഷകരുടെ സാധ്യതകൾ ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. നോർക്കയുടെ വളർച്ചയിൽ ഒരു പടവുകൂടി കടക്കുന്നതാകും ഇതെന്ന് പ്രതീക്ഷിക്കാമെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കൊളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജർ ശ്യാം എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.