പൊളിച്ചു നീക്കപ്പെടുന്ന കെട്ടിടങ്ങളിലേറെയും നജ്മയില്‍ 

ദോഹ: പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമുള്ള മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്‍െറ തീരുമാനപ്രകാരം കഴിഞ്ഞവര്‍ഷം നടപ്പാക്കിയവയിലേറെയും നജ്മയില്‍. 

കഴിഞ്ഞവര്‍ഷം പൊളിച്ചുനീക്കുകയോ പുനരുദ്ധാരണം നടത്തുകയോ ചെയ്ത കെട്ടിടങ്ങളിലേറെയും, നജ്മയിലെ ഓള്‍ഡ് അല്‍ ഗനീം,ഓള്‍ഡ് എയര്‍പോര്‍ട്ട് മേഖലകളിലാണ്. പുതിയ അടിസ്ഥാന സൗകര്യ, വികസന പദ്ധതികള്‍ കാരണം ഈ മേഖലയില്‍ പൊളിച്ചു നീക്കപ്പെടുന്ന കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഈ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും സ്വതന്ത്ര വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ്- ഒൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.  
78 പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനും 21 കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനും തീരുമാനിച്ചതായി ഡിമോളിഷന്‍ ആന്‍റ് മെയിന്‍റന്‍സ് കമ്മിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിറ്റിക്ക് കേസ് കൈമാറുന്നതിന് മുമ്പായി, പൊളിക്കുകയോ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യണ്ട കെട്ടിടങ്ങളെ നിരീക്ഷിക്കുകയും അപകട സാധ്യതകള്‍ നേരിടുന്നതിനാവശ്യമായ മുന്‍കരുതലെടുക്കുകയും ചെയ്യണ്ടത് മുന്‍സിപ്പാലിറ്റികളുടെ ഉത്തരവാദിത്തമാണ്.   

മുന്‍സിപ്പാലിറ്റി പരാമര്‍ശിക്കുന്ന കേസുകളില്‍ ഇടിഞ്ഞുവീഴാറായതും അറ്റകുറ്റപ്പണികള്‍  ആവശ്യമുള്ളതുമായ കെട്ടിടങ്ങളെ സംബന്ധിച്ച് കമ്മിറ്റി പഠനം നടത്തും. വിദഗ്ദ്ധരുടെ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍, സുരക്ഷക്ക് മുന്‍ഗണന നല്‍കി, കെട്ടിടം പൊളിച്ചു നീക്കണോ അറ്റകുറ്റപ്പണികള്‍ നടത്തണോ എന്ന കാര്യം കമ്മിറ്റി തീരുമാനിക്കും. നടപടിക്രമമനുസരിച്ച് മുന്‍സിപ്പാലിറ്റി, കെട്ടിടത്തിന്‍്റെ ഉടമക്ക് കേസ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം. ഉടമക്ക് കമ്മിറ്റിയുടെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ 15 ദിവസത്തിനകം മന്ത്രിക്ക് പരാതി നല്‍കാം. 15 ദിവസത്തിനകം തന്നെ പരാതി പരിഗണിക്കും. മറുപടി ലഭിച്ചില്ലെങ്കില്‍ പരാതി തള്ളിയെന്നാണ് അര്‍ത്ഥം.   

പൊതു സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തിയാണ് ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍, അതിലെ താമസക്കാര്‍ക്കുമാത്രമല്ല. അടുത്തു താമസിക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കുമെല്ലാം ഭീഷണിയാണ്. 
2006ല്‍ നിലവില്‍ വന്ന കമ്മിറ്റി, കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരത്തിലുള്ള 335 കേസുകളില്‍ തീരുമാനമെടുത്തിട്ടുണ്ട്. 
ഇതിനെ തുടര്‍ന്ന് 263 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയും 72 കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തു.

Tags:    
News Summary - qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.