ദിവസക്കൂലിക്കാരും തൊഴിൽ പോയവരും കേഴുന്നു, ഞങ്ങളെയൊന്ന് നാട്ടിലെത്തിക്കൂ

ദോഹ: കോവിഡിൻെറ പശ്ചാത്തലത്തിൽ ദുരിതത്തിലായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്രസർകാറി​​​​െൻറ പദ്ധതിയിൽ ദോഹയിൽ നിന്ന് വിമാനങ്ങൾ പറക്കു​േമ്പാഴും അർഹരായ താഴെ തട്ടിലുള്ളവർ പുറത്തുതന്നെ. ഇന്ത്യൻ  എംബസിയിൽ പേര് ചേർത്ത 40,000ത്തിലധികം ഇന്ത്യക്കാരിൽ 30 ശതമാനത്തോളം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക്  മടങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ഇതിൽ തന്നെ ഏറെയും ദിവസക്കൂലിക്കാരും ലിമോസിൻ ഡ്രൈവർമാരും ചെറുകിട ഇടത്തരം  തൊഴിൽ ചെയ്തിരുന്നവരുമാണ്. എന്നാൽ പോയ വിമാനങ്ങളിലൊന്നും ഇത്തരക്കാർക്ക് പരിഗണന കിട്ടിയിട്ടില്ല.

കൈയിലുള്ള പണം ഈ മാസാദ്യം തന്നെ പൂർണമായി കഴിഞ്ഞ സ്ഥിതിയാണ് ഇവർക്ക്. നിലവിൽ ഭക്ഷണത്തിന് പോലും  പണമില്ലാതെ സുഹൃത്തുക്കളുടെയും മറ്റും റൂമുകളിൽ ഞെങ്ങിഞെരുങ്ങിക്കഴിയുകയാണ് ഇവരിൽ ഭൂരിഭാഗവും. ഖത്തറിൽ  നിലവിൽ കോവിഡ് പോസിറ്റീവ് ആയ എല്ലാ ആളുകളെയും സർക്കാർ സമ്പർക്കവിലക്ക് കേന്ദ്രങ്ങളിലേക്ക്  കൊണ്ടുപോകുന്നില്ല. രോഗലക്ഷണം കൂടുതലുള്ള, ആരോഗ്യപ്രശ്നങ്ങൾ കൂടുതലുള്ളവരെ മാ​്ത്രമാണ് ഇത്തരത്തിൽ  കൊണ്ടുപോകുന്നത്​. നാലും അഞ്ചും പേരുള്ള പ്രവാസികളുടെ കുടുസുമുറികളിൽ കോവലിഡ് പോസിറ്റീവ് ആയവരും നെഗറ്റീവ് ആയവരുമൊക്കെ ഒരുമിച്ച് കഴിയാൻ വിധിക്കപ്പെടുകയാണ്.  എങ്ങിനെയെങ്കിലുമൊന്ന് നാടണയണമെന്ന ഒറ്റ ആഗ്രഹമേ ഇവർക്കുള്ളൂ.

എല്ലാം സന്നദ്ധസംഘടനകളുടെ തലയിൽ

തൊഴിൽ നഷ്ടപ്പെട്ടവർ, വരുമാനം നഷ്​ടപ്പെട്ട ദിവസക്കൂലിക്കാർ തുടങ്ങിയവർ എങ്ങി​െനയെങ്കിലും നാട്ടിലെത്തിയാൽ  മതിയെന്ന ഏക ചിന്തയിലാണ്. ഇവരെ പട്ടിണിയിൽ നിന്ന് രക്ഷിക്കുന്നത് പ്രവാസ സന്നദ്ധ സംഘടനകളാണ്. എല്ലാ  ചുമതലകളും ഇത്തരം സംഘടനകളുടെ തലയിലിടുന്ന നിലപാടാണ് ഇന്ത്യൻ അധികൃതർക്ക്. ഇത്തരം സംഘടനകൾ  വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നതുകൊണ്ടുമാത്രമാണ് ഇവർക്ക് ഭക്ഷണം കിട്ടുന്നത്. ഭക്ഷണകിറ്റുകൾ ഖത്തറി​​​​െൻറ  മുക്കുമൂലകളിൽ പോലും പ്രവാസി സംഘടനകൾ എത്തിക്കുന്നുണ്ട്. കെ.എം.സി.സി, കൾച്ചറൽ ഫോറം, ഇൻകാസ് തുടങ്ങിയ  സംഘടനകളുടെ ഭക്ഷണക്കിറ്റുകൾ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് ആളുകളാണ് ഇത്തരത്തിൽ നാട്ടിലെത്താൻ  കഴിയാതെ ദുരിതത്തിലായിരിക്കുന്നത്. ഇവർ എല്ലാവരും എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ എംബസിയിൽ  നിന്ന് ഇവരെ യാത്രക്കായി തെരഞ്ഞെടുക്കുന്നില്ല. മറ്റുള്ളവർക്ക് എംബസിയുമായി ബന്ധപ്പെടാൻ സ്വാധീനമുള്ളതിനാൽ  അത്തരക്കാർ യാത്രക്കായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ തീർത്തും അർഹരായ താഴെതട്ടിലുള്ളവർക്കായി  സന്നദ്ധസംഘടനകളും വ്യക്തികളും എംബസി അധികൃതരോട് പറയുേമ്പാൾ ഇക്കാര്യം എംബസി അധികൃതർ  ഗൗനിക്കുന്നുമില്ല.

എല്ലാം സന്നദ്ധസംഘടനകളുടെ ഉത്തരവാദിത്തമാണ് എന്ന നിലക്കാണ് ഇന്ത്യൻ അധികൃതർ കാര്യങ്ങളെ കാണുന്നത്.  അർഹരായ നിരവധി പേർക്ക് യാത്രക്ക് അവസരമുണ്ടായാൽ തന്നെ വിമാനടിക്കറ്റിന് പണമില്ലെന്ന പ്രശ്നവുമുണ്ട്. ഗൾഫ് മാധ്യമം - മീഡിയാവൺ ‘മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതി’യിൽ അർഹരായ നിരവധി പേർ സൗജന്യ ടിക്കറ്റിൽ നാട്ടിലെത്തി. എന്നാൽ പദ്ധതിക്കായി രജിസ്റ്റർ ചെയ്ത  നിരവധി അർഹർക്ക് ഇപ്പോഴും എംബസിയിൽ നിന്ന് യാത്രക്കുള്ള അനുമതി ലഭിച്ചിട്ടില്ല. വിവിധ സംഘടനകളും  സൗജന്യ വിമാനടിക്കറ്റ് നൽകുന്നുണ്ട്. എന്നാൽ യാത്രാനുമതി ലഭിക്കാത്തിടത്തോളം ഇവർക്ക് സൗജന്യവിമാനടിക്കറ്റുകളും  ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

താഴെ തട്ടിലുള്ളവരെ ‘കാണാത്ത’ എംബസി കമ്മിറ്റികൾ

നേരത്തേ കേന്ദ്രസർക്കാർ അയക്കുന്ന വിമാനങ്ങളിൽ അനർഹർ കയറിക്കൂടുന്നുവെന്ന ആരോപണം ഉയർന്നതോടെയാണ്  ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ വിവിധ ഉപകമ്മിറ്റികൾ രൂപവത്കരിച്ചത്.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാനാണ് ഇതെന്നാണ് എംബസി തന്നെ അറിയിച്ചത്.

വിവിധ സംസ്ഥാനങ്ങൾക്കായി വ്യത്യസ്ത കമ്മിറ്റികൾക്കാണ് രൂപംനൽകിയത്. മലയാളികൾക്കായും കമ്മിറ്റിയുണ്ട്. എന്നാൽ  താഴെ തട്ടിലുള്ളവരെ പരിഗണിക്കാതെ, അവരുടെ പ്രശ്നങ്ങൾ മനസിലാകാതെയാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും ആരോപണമുണ്ട്. ഇത്തരം കമ്മിറ്റികൾ നൽകുന അർഹരായവരുടെ പേരുകൾ എംബസി ഉദ്യോഗസ്ഥർ വെട്ടിമാറ്റുന്നുവെന്ന  ആരോപണവുമുണ്ട്.

ഓൺ അ​ൈറവൽ വിസയിൽ എത്തി ജോലി തരപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ കുടുങ്ങിപ്പോയവർ, തൊഴിൽ കരാർ  കഴിഞ്ഞവർ, സ്ഥിരവരുമാനം ഇല്ലാത്ത ദിവസക്കൂലിക്കാർ, ൈഡ്രവർമാർ തുടങ്ങിയവരുടെ പ്രയാസങ്ങൾ എംബസി  പരിഗണിക്കുന്നില്ല.

പരിഗണന ഗർഭിണികൾക്കും രോഗികൾക്കും; സൗകര്യങ്ങളുള്ളവർ നേരത്തേ നാട്ടിലെത്തി

ഇന്ത്യൻ എംബസി നിലവിൽ പരിഗണിക്കുന്നത് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികളെയും  ഗർഭിണികളെയുമാണ്.
തൊഴിൽ നഷ്ടപ്പെട്ടവർക്ക് പരിഗണന നൽകുമെന്ന് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നെങ്കിലും ഇത്തരത്തിൽ വരുമാനം നഷ്ടപ്പെട്ട  സാധാരണക്കാരെ ഇപ്പോൾ പരിഗണിക്കുന്നേയില്ല.
ആദ്യഘട്ടത്തിലുള്ള വിമാനങ്ങളിലെല്ലാം നാട്ടിലെത്തിയവരിൽ നല്ലൊരു പങ്കും നിലവിൽ ഖത്തറിൽ ഉന്നത ജോലിയുള്ള  വലിയ താമസസൗകര്യമുള്ളവരുടെ മാതാപിതാക്കളും ഭാര്യമാരും കുട്ടികളുമാണ്.
നാട്ടിലെത്താൻ കഴിയുന്നില്ലെങ്കിലും ഖത്തറിൽ ത​െന്ന പ്രതിസന്ധി ഘട്ടത്തിൽ കഴിയാനാവുന്ന സാമ്പത്തിക  സാഹചര്യത്തിലുള്ളവരായിരുന്നു ഏറിയ പങ്കും. ഗർഭിണികളാവട്ടെ ഇവിടെ ത​െന്ന ഉന്നതമായ സൗജന്യ ചികിൽസ  ലഭിക്കുന്നവരും.
മാതാപിതാക്കളെ ഖത്തറിൽ കൊണ്ടുവന്നവരിൽ പലർക്കും കോവിഡ് പ്രതിസന്ധിയിലും നല്ല രൂപത്തിൽ മാതാപിതാക്കൾക്ക്  താമസസൗകര്യം അടക്കം ഒരുക്കാൻ കഴിയുന്നവരുമാണ്.
അ​േതസമയം ഇതൊന്നും ഇല്ലാത്ത അന്നത്തെ അന്നത്തിന് വകതേടിയിരുന്ന ആയിരങ്ങളാണ് അക്ഷരാർഥത്തിൽ  നാട്ടിലെത്താൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്.

യാത്രക്ക് തെരഞ്ഞെടുത്തവരുടെ വിവരങ്ങൾ പുറത്തുവിടണം

അർഹർക്ക് അവസരം കിട്ടുന്നില്ലെന്ന ആരോപണം ശക്തമായതോടെ ഇന്ത്യൻഎംബസി തെരഞ്ഞെടുക്കുന്ന യാത്രക്കാരുടെ  പട്ടിക പുറത്തുവിടണമെന ആവശ്യവും ഉയരുന്നുണ്ട്. വിവിധ സംഘടനകൾ ഇത്തരം ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. എത്ര യാത്രക്കാരാണ് ഒരു വിമാനത്തിൽ പോകുന്നത് എന്ന വിവരം പോലും ഇന്ത്യൻ എംബസി ഔദ്യോഗികമായി  പുറത്തുവിടുന്നില്ല.
യാത്ര അവസാനനിമിഷം മുടങ്ങുന്നവർക്ക് പകരമായി പലരും വിമാനത്തിൽ സീറ്റ് തരപ്പെടുത്തുന്നുണ്ട്. പട്ടിക പുറത്തുവിട്ടാൽ  ഏതൊക്കെ അനർഹർ ഉൾപ്പെടുന്നുണ്ട് എന്നറിയാൻ പൊതുജനങ്ങൾക്ക് സാധിക്കും.

Tags:    
News Summary - qatar update -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.