സ്വകാര്യ സ്കൂൾ പ്രവേശനം സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖ പുറത്തിറക്കുന്നു, പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി സംസാരിക്കുന്നു
ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള നിയമങ്ങളും നടപടിക്രമങ്ങളും ഏകീകരിച്ചുകൊണ്ടുള്ള 2026ലെ പുതുക്കിയ മാർഗരേഖ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമിയുടെ സാന്നിധ്യത്തിൽ നടന്ന വാർത്തസമ്മേളനത്തിലാണ് 'രണ്ടാം എഡിഷൻ' ഗൈഡ് പ്രകാശനം ചെയ്തത്.
രാജ്യത്തെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും ബാധകമായ സമഗ്രമായ നിയന്ത്രണ ചട്ടക്കൂടാണ് പുതിയ ഗൈഡ് നൽകുന്നത്. ഇത് രജിസ്ട്രേഷൻ നടപടികളിലെ അവ്യക്തതകൾ നീക്കാൻ സഹായിക്കും. സ്വകാര്യ സ്കൂൾ പ്രവേശനവും ട്രാൻസ്ഫറും കൂടുതൽ സുതാര്യമാക്കുന്നതിലൂടെ എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഓരോ വിദ്യാഭ്യാസ ഘട്ടത്തിലും പ്രവേശനത്തിനുള്ള പ്രായപരിധി പുതിയതായി പുറത്തിറക്കിയ മാർഗരേഖയിൽ നിർവചിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കുന്നതിനായി 'വിദ്യാഭ്യാസ എൻറോൾമെന്റ് പ്ലാറ്റ്ഫോം' മന്ത്രാലയം അവതരിപ്പിച്ചു. ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് സമയവും അധ്വാനവും ലാഭിക്കാൻ ഇത് സഹായിക്കും.
എംബസികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ പ്രത്യേകതകൾ നിലനിർത്തിക്കൊണ്ടുതന്നെ, രാജ്യത്തെ പൊതുവായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് പുതിയ മാർഗരേഖ ഉറപ്പുവരുത്തുന്നു. ഖത്തറിലെ വിദ്യാഭ്യാസ മേഖല വലിയ മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും, സ്കൂളുകളുടെ മികവും ശേഷിയും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കൃത്യമായ ഡേറ്റ അത്യാവശ്യമാണെന്നും ഡോ. അൽ നുഐമി പറഞ്ഞു. 2001ലെ 25ാം നമ്പർ നിയമപ്രകാരം ഖത്തറിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും വിദ്യാഭ്യാസം ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ പ്രവേശനത്തിനുള്ള നിബന്ധനകളിൽ ഇളവ്
ദോഹ: ഖത്തറിലെ സ്കൂൾ പ്രവേശനത്തിനുള്ള നിബന്ധനകളിൽ ഇളവു വരുത്തി വിദ്യാഭ്യാസ മന്ത്രാലയം. പ്രവാസികൾക്കും ഭിന്നശേഷിക്കാർക്കും ഏറെ ആശ്വാസകരമായ ഇളവുകളാണ് പ്രഖ്യാപിച്ചത്. സ്കൂൾ അഡ്മിഷന്റെ ഉയർന്ന പ്രായപരിധിയിലും മാറ്റം വരുത്തി.
വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം ഇനി മുതൽ സന്ദർശക വിസയിൽ ഖത്തറിലെത്തിയ വിദ്യാർഥികൾക്കും സ്കൂൾ പ്രവേശം അനുവദിക്കും. ഇവരുടെ റെസിഡൻസി നടപടികൾ പൂർത്തിയാക്കാൻ രണ്ട് മാസത്തെ സാവകാശമുണ്ടാകും. ആവശ്യമെങ്കിൽ ഇത് അടുത്ത രണ്ടു മാസത്തേക്ക് നീട്ടി നൽകാനും വ്യവസ്ഥയുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ലാതെ എത്തുന്ന വിദ്യാർഥികൾക്ക് അറ്റസ്റ്റേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന് രണ്ടു മാസത്തെ ഗ്രേസ് പിരിയഡും അനുവദിച്ചു.
ഇതോടൊപ്പം എല്ലാ ക്ലാസുകളിലെയും അഡ്മിഷനു വേണ്ട ഉയർന്ന പ്രായപരിധിയും പരിഷ്കരിച്ചു. ഇവർക്ക് ഒരു വർഷത്തെ ഇളവാണ് ലഭിക്കുക. ഏറ്റവും പുതിയ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഇവർക്ക് അഡ്മിഷൻ നൽകും.
പഠന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയും ഉയർത്തി.
രാജ്യത്തെ സ്കൂൾ പ്രിൻസിപ്പൽമാരും അധികൃതരും പങ്കെടുത്ത വാർത്തസമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനങ്ങൾ നടത്തിയത്. മന്ത്രാലയത്തിൽ നിന്നുള്ള സർക്കുലർ ലഭിച്ച ശേഷമാകും ഇക്കാര്യങ്ങൾ പ്രാബല്യത്തിലാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.