അനീസ്​ എടവണ്ണ, ന്യൂ സലത്ത

മരുഭൂമിയിലും ആരും അന്യരല്ല

രാത്രി എട്ടു മണിക്കൊരു കാൾ. നോക്കുമ്പോൾ സുഹൃത്ത് സാബിഖാണ്. ഫോൺ എടുത്തു. കുശലാന്വേഷണങ്ങൾക്ക് ശേഷം, അവൻ ചോദിച്ചു, നമുക്ക് പോയാലോ...? ഞാൻ റെഡിയായി. അപ്പോഴേക്കും ഫൈസൽ, സമീൽ, റസീൽ എന്നിവരും യാത്രക്ക് തയാറായി. അങ്ങനെ ഞങ്ങൾ അഞ്ചുപേർ രാത്രി 9.30ന് യാത്ര തിരിച്ചു, കാറിൽ വെച്ചാണ് എവിടെ പോകണമെന്ന ചർച്ച നടക്കുന്നത്​. എവിടേക്കാണെങ്കിലും ഭക്ഷണം കഴിച്ചിട്ടേ ഇനി യാത്ര നടക്കൂവെന്ന് ഫൈസൽ. അല്ലേലും വിശന്നുള്ള യാത്ര അത്ര ശരിയല്ലെന്ന നിലപാടാണ് യാത്രക്ക് ചുക്കാൻ പിടിക്കുന്ന സാബിഖിനും. അഫ്ഗാൻ മന്തി കഴിക്കാമെന്ന് സമീൽ. അങ്ങനെ ഭക്ഷണം കഴിച്ചതിനു ശേഷം തീരുമാനം വന്നു, ഉംസെയ്​ദിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ മരുഭൂമിയിലൂടെ യാത്ര ചെയ്ത് ഉദൈദിലേക്കാവട്ടെ ഇന്നത്തെ യാത്ര.

ഉംസെയ്​ദിൽനിന്ന് ഞങ്ങൾ ഓഫ് റോഡ് യാത്ര തുടങ്ങി. ആ ഡ്രൈവിങ്​ അത്രമേൽ വശമില്ലാതിരുന്നിട്ടും സുഹൃത്ത്, പൂർണ മനഃശക്തിയോടെ വാഹനം ഓടിച്ചു, ഇടക്ക്​ ചാഞ്ഞും ചരിഞ്ഞും കുലുങ്ങിയും കാർ മുന്നോട്ടുനീങ്ങി. മുൻസീറ്റിലിരുന്ന സമീൽ മരുഭൂമി യാത്രയെക്കുറിച്ചും റൂട്ട് മാപ്പിനെക്കുറിച്ചും എല്ലാമറിയുന്നവനെന്ന മട്ടിൽ പല നിർദേശങ്ങളും നൽകുന്നുണ്ട്​. എന്നാൽ, ജി.പി.എസ്​ ആണ് ഏറെ സഹായിച്ചത്. കിട്ടാവുന്ന കുഴികളിലെല്ലാം കാർ ചാടിക്കയറി. അപ്പോഴേക്കും ഓഫ് റോഡിലൂടെ ഒരു 15 കിലോമീറ്റർ പോയിട്ടുണ്ടായിരുന്നു, യാത്ര ആസ്വദിച്ചു മുന്നോട്ടുതന്നെ. ഇടക്കൊരു ശബ്​ദം, മുന്നോ​ട്ടെടുക്കാനാകുന്നില്ല.

കാർ മണൽക്കാട്ടിൽ കുടുങ്ങിപ്പോയിരുന്നു.

സമയം ഏകദേശം 12 മണി. ടയറി​െൻറ പകുതിയിലധികം മണലിൽ പൂണ്ടുപോയിരുന്നു. ഞങ്ങൾ ചുറ്റും നോക്കി. പരന്നുകിടക്കുന്ന മരുഭൂമിയിൽ ആ പാതിരാത്രി ആരെ കാണാൻ... പിന്നെ ഒന്നും നോക്കിയില്ല, ഞങ്ങൾ നാലുപേരും നാലു ടയറിനോട് ചേർന്ന് കിടന്ന്​ കൈകൾ കൊണ്ട് മണൽ മാന്തിയൊഴിവാക്കാൻ തുടങ്ങി. പിന്നെ കാർ സകലശക്​തിയുമെടുത്ത്​ തള്ളി. തെല്ലൊന്നു നീങ്ങിയ കാർ വീണ്ടും കുടുങ്ങി. പിന്നെയും ശ്രമം നടത്തിയെങ്കിലും രക്ഷയില്ല. പടച്ചോനോട് പറയാം, അല്ലാതെന്ത്...ഞങ്ങൾ ആത്​മഗതം ചെയ്​തു. ക്ഷീണിച്ച്​ തളർന്ന ഞങ്ങൾ ഇനിയെന്ത് ചെയ്യണമെന്നറിയാതെ മണൽക്കാട്ടിലിരുന്നു.

പെ​ട്ടെന്നാണ്​ മൂന്നു വണ്ടികളിലായി കുറച്ച് ഖത്തരികളും അല്ലാത്തവരുമായ അറബികൾ എവിടെനിന്നോ പ്രത്യക്ഷപ്പെട്ടത്​. അതിലൊരാൾ ഞങ്ങളുടെ ഡ്രൈവിങ്​ സീറ്റിൽ ഇരുന്നയാളോട് ചോദിച്ചു, നിനക്ക്​ ഡസേർട്ട്​ ഡ്രൈവിങ്​ അറിയുമോ എന്ന്. ഇല്ലെന്ന് പറഞ്ഞതോടെ ഇറങ്ങാൻ പറഞ്ഞു. എന്നിട്ട് അദ്ദേഹം കാറിൽ കയറി. ഉള്ളിൽ എന്തൊക്കെയോ ചെയ്തു. അപ്പോഴേക്കും മറ്റൊരാൾ വാഹനത്തിലുള്ള കയർ എടുത്തു വന്നു. അടുത്തയാൾ അദ്ദേഹത്തി​െൻറ വണ്ടി ഞങ്ങളുടെ കാറിനോട് ചേർത്ത് വെച്ചു. എന്നിട്ട് അവർതന്നെ ആ കയറുകളാൽ കാറുകൾ തമ്മിൽ ബന്ധിച്ചു. മുന്നിലെ വണ്ടി എടുത്തപ്പോൾ കയർ പൊട്ടിപ്പോയി. വീണ്ടും ആശങ്ക. പിന്നെയതാ കൂടുതൽ കരുത്തു​െള്ളാരു കയറുമായി മറ്റൊരാൾ എത്തി കാറിൽ കെട്ടി. പിന്നെ കാറുകളുടെ ഒരു മുരൾച്ചയായിരുന്നു, ടയറുകൾ വേഗത്തിൽ ഉരുണ്ടു, മണൽ ഉയർന്നുപൊങ്ങി, മണൽക്കുഴിയിൽ നിന്ന്​ കാർ പുറത്തെത്തി.

മണൽക്കൂനകൾക്കിടയിലൂടെ കാർ എങ്ങനെ ഓടിക്കണമെന്ന് ഞങ്ങൾക്കവർ പറഞ്ഞുതന്നു. ഉള്ള് നിറഞ്ഞ നന്ദിയും കടപ്പാടും പ്രാർഥനയും ഞങ്ങൾ അറിയിച്ചു. വീണ്ടും യാത്ര തുടർന്നു.

രമണ മഹർഷിയുടെ വാക്കുകളാണ്​ മനസ്സിൽ ഓടിയെത്തിയത്​, there are no others (അന്യരായി ഇവിടെ ആരുമില്ല) എന്ന വാക്ക്​. കൂരാകൂരിരുട്ടിൽ പ്രതീക്ഷയറ്റ്​ മരുഭൂമിയിൽ ഉഴറിയ ഞങ്ങളുടെ രക്ഷകരായി അവർ എത്തിയത്​ എങ്ങനെയാവും...? അല്ലെങ്കിലും മരുഭൂമിയിലടക്കം ഈ ഭൂഗോളത്തിൽ ആരും അന്യരായില്ലല്ലോ..

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.