യു.എൻ ആസ്ഥാനത്ത് ചേർന്ന സുരക്ഷാ കൗൺസിലിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ്
ആൽഥാനി സംസാരിക്കുന്നു
ദോഹ: അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് മധ്യസ്ഥ ചർച്ചകളിലൂടെയും നല്ല അയൽപക്ക ബന്ധങ്ങൾ നിലനിർത്തിയും മാത്രമേ നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കൂ എന്ന് ഖത്തർ. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ യു.എൻ ആസ്ഥാനത്ത് ചേർന്ന സുരക്ഷാ കൗൺസിലിൽ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനിയാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ ഖത്തർ ആശങ്ക രേഖപ്പെടുത്തി. ഖത്തറിനും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെയും പരമാധികാര ലംഘനങ്ങളെയും ശക്തമായി അപലപിച്ചു. ജനവാസ കേന്ദ്രങ്ങളെയും ഊർജ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ്. ആഗോള ഊർജ വിതരണ ശൃംഖലയിൽ നിർണായകമായ ഹുർമുസ് കടലിടുക്കിലൂടെ സ്വാതന്ത്ര്യ സഞ്ചാരം ഉറപ്പാക്കണം.
സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്രതലത്തിൽ ഏകോപിത ശ്രമങ്ങൾ വേണമെന്നും ഖത്തർ ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഭൂമി ഇസ്രായേൽ പിടിച്ചെടുക്കുന്നതിനെയും കുടിയേറ്റ നിർമാണങ്ങളെയും ഖത്തർ അപലപിച്ചു. ഫലസ്തീൻ ജനതയുടെ ആരാധനാ സ്വാതന്ത്ര്യം തടയുന്നതിനെയും തടവുകാർക്ക് വധശിക്ഷ നടപ്പാക്കാനുള്ള നിയമനിർമാണങ്ങളെയും എതിർത്തു.
1967ലെ അതിർത്തിയിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന 'ദ്വിരാഷ്ട്ര പരിഹാരത്തിന്' പിന്തുണ ആവർത്തിച്ചു. സമാധാന ചർച്ചകളിൽ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നും ഗസ്സയുടെ പുനർനിർമാണത്തിന് യു.എന്നുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ശൈഖ ആലിയ വിശദമാക്കി. ശറമുൽ ശൈഖ് കരാർ ഉൾപ്പെടെ സമാധാന ശ്രമങ്ങളോടുള്ള പ്രതിബദ്ധതയും ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനിവ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.