ദോഹ: രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ആശുപത്രികളിലെ കാത്തിരിപ്പ് കുറക്കാനുമായി നൂതനപദ്ധതികൾ പ്രഖ്യാപിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. രോഗികളുടെ കാത്തിരിപ്പ് ഒഴിവാക്കാൻ പുതിയ അപ്പോയിൻമെന്റ് സംവിധാനവും നവീന റഫറൽ സംവിധാനവും പ്രഖ്യാപിച്ചു. ആംബുലേറ്ററി കെയർ സെന്ററിൽ വരാനിരിക്കുന്ന ഓഫ്താൽമോളജി, ഇ.എൻ.ടി, യൂറോളജി, ഓഡിയോളജി സായാഹ്ന ക്ലിനിക്കുകൾ എച്ച്.എം.സിയുടെ മറ്റൊരു സംരംഭമാണ്.
പുതിയ അപ്പോയിൻമെന്റ് ബുക്കിങ് സംവിധാനം നടപ്പിലാക്കുന്നതും വ്യക്തിഗത ഔട്ട്പേഷ്യന്റ് വിഭാഗവുമായി ഏകോപിപ്പിച്ച് അപ്പോയിൻമെന്റ് മാനേജ്മെന്റ് ടീമുകളുടെ നിയന്ത്രണത്തിൽ ഓരോ എച്ച്.എം.സി ആശുപത്രികളിലും പുതിയ റഫറൽ മാനേജ്മെന്റ് സെക്ഷനുകൾ സ്ഥാപിക്കുന്നതും സംവിധാനത്തിലെ പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
പരിചയസമ്പന്നരായ ജീവനക്കാരെ നിയമിച്ചുമാണ് ആശുപത്രിസേവനം കൂടുതൽ ലളിതമാക്കുന്നത്. ആശുപത്രികൾക്ക് അവരുടെ രോഗികളുടെ ബുക്കിങ് അപ്പോയിൻമെന്റിൽ കൂടുതൽ നിയന്ത്രണം വരുന്നതോടൊപ്പം അനാവശ്യ കാലതാമസം ഒഴിവാക്കാനും ഇത് സഹായിക്കുന്നു. ഈ ആസൂത്രണം ക്ലിനിക്കൽ ടീമിനെയും റഫറൽ, ബുക്കിങ് മാനേജ്മെന്റ് റിസോഴ്സ് സൗകര്യങ്ങളെയും ശക്തിപ്പെടുത്തും.
2022 മാർച്ചിൽ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുടെ പിന്തുണയോടെ ആരംഭിച്ച ഈ പദ്ധതിയിൽ, റഫറൽ, ഇ-ട്രയേജ്, ഇൻ-കോളിങ്, അപ്പോയിൻമെന്റ് ബുക്കിങ് പ്രക്രിയകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമുള്ള എൻഡ് ടു എൻഡ് ബുക്കിങ് പ്രക്രിയയുടെ സമഗ്രമായ അവലോകനവും ഉൾപ്പെടുന്നുവെന്ന് സെന്റർ ഫോർ പേഷ്യന്റ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്മെന്റ് ഡെപ്യൂട്ടി ചീഫ് ഓഫ് ക്വാളിറ്റിയും ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ നാസർ അൽ നഈമി പറഞ്ഞു.
എച്ച്.എം.സി ആശുപത്രികളായ ആംബുലേറ്ററി കെയർ സെന്റർ, ഹമദ് ജനറൽ ആശുപത്രി, അൽ വക്റ ആശുപത്രി, അൽഖോർ ആശുപത്രി, ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, നാഷനൽ സെന്റർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ച്, വിമൻസ് വെൽനസ് ആൻഡ് റിസർച് എന്നിവയിലും ബോൺ ആൻഡ് ജോയന്റ് സെന്റർ, ഹമദ് ഡെന്റൽ സെന്റർ എന്നിവയുമാണ് ആദ്യ ഘട്ടത്തിൽ മാറ്റം നടപ്പിലാക്കുന്ന ആശുപത്രികൾ.
രോഗികളുടെ പരിചരണം മെച്ചപ്പെടുത്തുന്നതിനായുള്ള മാറ്റം വിജയകരമായി തുടരുന്നതിനാൽ ശേഷിക്കുന്ന ആശുപത്രികളിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് നാസർ അൽ നഈമി കൂട്ടിച്ചേർത്തു.
പുതിയ റഫറൽ ബുക്കിങ് മാനേജ്മെന്റ് സംവിധാനം ആരംഭിച്ചതിന് ശേഷമുള്ള മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഈ സംവിധാനത്തിലൂടെ ഖത്തരി രോഗികൾക്കുള്ള ഒ.പി.ഡി അപ്പോയിൻമെന്റ് വെയിറ്റിങ് ലിസ്റ്റ് പ്രശ്നങ്ങൾ മേൽ സൂചിപ്പിച്ച ആശുപത്രികളിലൊന്നും നിലവിലില്ലെന്നും അൽ നഈമി ചൂണ്ടിക്കാട്ടി.
ആംബുലേറ്ററി കെയർ സെന്ററിൽ ആരംഭിക്കാനിരിക്കുന്ന സായാഹ്ന ക്ലിനിക്കുകൾ നിലവിൽ വന്നാൽ, രോഗികളുടെ അപ്പോയിൻമെന്റ് പ്രക്രിയ സുഗമമാക്കുന്നതിന് ഈ സേവനം നെസ്മഅക് 16060 ഹോട്ട്ലൈനിലേക്ക് ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.