ക്ലാസ്റൂം സങ്കൽപങ്ങൾ അട്ടിമറിച്ച കൊറോണ

രു തലമുറയെ പ്രതീക്ഷത്തുരുത്തുകളിലേക്ക് വഴി കാണിക്കുന്ന ഒരു കൂട്ടം ആളുകൾ. അതിലൊരാളാകാൻ കഴിയുക എന്നത് വലിയ കാര്യമാണ്. ഒരു നല്ല അധ്യാപിക/അധ്യാപകൻ എന്നത് ഒരു അടയാളപ്പെടുത്തലാണ്. ഓരോ വിദ്യാർഥിയുടെയും ജീവിതത്തിൽ, മനസ്സിൽ, ജീവിത സായാഹ്നത്തിൽ പോലും ഒരാളുടെ നേർത്ത ഓർമ നിഴലായി ഒരാളുടെ അധ്യാപകൻ കടന്നുവരുന്നുണ്ട് എങ്കിൽ തീർച്ചയായും ഒരു മികച്ച അധ്യാപകൻ ആയിരിക്കും അദ്ദേഹം. ഒരു നല്ല അധ്യാപകൻ ആയിരിക്കുക എന്നത് ഇക്കാലത്തൊരു വെല്ലുവിളി നിറഞ്ഞ കാര്യം കൂടിയായിരിക്കുന്നു. കൊറോണക്കാലത്ത് ലോക്​ഡൗൺ സമയത്ത് പുറംലോകം കാണാതിരുന്ന കുഞ്ഞുങ്ങൾക്ക് പുതിയൊരു ലോകം അവരുടെ അടുത്തേക്ക് എത്തിക്കുക എന്ന ദൗത്യം പ്രാവർത്തികമാക്കിയത് പ്രധാനമായും അധ്യാപകർ ആയിരിക്കാം.

സൂപ്പർ സോണിക് വേഗതയിലാണ് സ്കൂളിലെ ഒരു സാധാരണ അധ്യയനവർഷം കടന്നു പോകുന്നത്. പ്രത്യേകിച്ചും സി.ബി.എസ്.ഇ സ്കൂളുകളിൽ. അധ്യയന വർഷാരംഭം മുന്നേ തുടങ്ങുന്ന മുന്നൊരുക്കങ്ങൾ! സ്കൂൾ തുറക്കുമ്പോഴേ സ്പെഷൽ അസംബ്ലികൾ തുടങ്ങുകയായി. വർക്ക് എക്സ് ക്ലബ്ബും, ലാംഗ്വേജ് ഫെസ്​റ്റും കുറുകെ വരുമ്പോൾ പരീക്ഷാ മാമാങ്കം നെടുകെ വരികയായി. എക്സാം സിലബസും കൊണ്ട് അദ്ധ്യാപകർ ഓടുന്നു. പിന്നാലെ കുട്ടികളും. പഠിച്ചും പഠിച്ച് തീരാതെയും പരീക്ഷ എഴുതുന്നു. ടേം ഒന്ന് തീരുന്നു. അടുത്ത ടേമുകളിലും ഇതൊക്കെ തന്നെ അവസ്ഥ. കൂടെ സ്പോർട്സ് ഡേ, ആനുവൽ ഡേ, എക്സ്കർഷൻ, വീണ്ടും പരീക്ഷ, യൂത്ത്ഫെസ്​റ്റിവൽ, ക്ലബ് പ്രവർത്തനങ്ങൾ, അസൈൻമെൻറുകൾ, പി.ടി.എം, ലാബ് പ്രാക്ടിക്കലുകൾ, പരാതികൾ പരിഭവങ്ങൾ, നേട്ടങ്ങൾ, അഭിനന്ദന പ്രവാഹങ്ങൾ, തോൽവികൾ, കരച്ചിലുകൾ, റിഫ്രഷർ കോഴ്സുകളും, യാത്രയയപ്പുകളും. സമയം ഓരോ അധ്യയനവർഷത്തെയും കൊണ്ട് പറക്കുകയാണ്.

ശൂന്യത നിറഞ്ഞ വിദ്യാലയങ്ങൾ

എന്നാൽ, കുട്ടികളുടെ ബഹളവും, മണിയൊച്ചയും, മൈക്ക് അനൗൺസ്മെൻറും ഒന്നുമില്ലാത്ത ശൂന്യത നിറഞ്ഞ വിദ്യാലയങ്ങളാണ് ഇപ്പോൾ ഉള്ളത്. അനക്കമില്ലാത്ത മടുപ്പിക്കുന്ന ഏകാന്തതയുടെ കൂടുകൾ! പേടിപ്പിക്കുന്ന നിശ്ശബ്്ദത നിറഞ്ഞ സ്കൂളുകൾ! ആരും ഒരിക്കൽപോലും ചിന്തിച്ചിട്ടില്ലാത്ത രീതിയിൽ കൊറോണ വരുത്തിയ മാറ്റം. കുത്തിവരകൾ ഇല്ലാത്ത ചുമരുകളും, കടലാസ് വിമാനങ്ങൾ ഇല്ലാത്ത സ്കൂൾ മുറ്റവും, കുട്ടികൾ മറന്നിട്ട പെൻസിലും, പേനയും ഇല്ലാത്ത ക്ലാസ് മുറികളും, കോമ്പസ് വരകൾ ഏറ്റു വാങ്ങാത്ത ബെഞ്ചും ഡെസ്കും നിറഞ്ഞ ഒരിടം! ഇപ്പോൾ സ്കൂൾ കെട്ടിടം എന്നാൽ ഇതൊക്കെയാണ്. പകരം ബഹളങ്ങൾ നിറഞ്ഞ ടീംസ്, സൂം, ഗൂഗ്​ൾ മീറ്റുകൾ. ക്ലാസ്സ് മുറികളുടെ ഭാവം അടിമുടി മാറിയിരിക്കുന്നു. പാൻഡെമിക് എന്ന വില്ല​െൻറ വരവോടെ ഓരോ അധ്യാപകനും സ്ഥിരം സഞ്ചരിച്ച വഴിയിൽനിന്നും മാറി സഞ്ചരിക്കേണ്ടി വന്നു. ഓരോരുത്തർക്കും സ്വയം പരിഷ്കരിച്ച പതിപ്പുകൾ ആകേണ്ടി വന്നു. വലിയൊരു സ്കൂൾ മാത്രമല്ല, ജീവനുള്ള വിദ്യാർഥികളെയും ത​െൻറ മുന്നിലേക്ക് കൊണ്ടുവരാൻ ഓരോ അധ്യാപകനും കഴിഞ്ഞു. "എന്ത് ഒച്ചയാണിത്! ഇതെന്താ ചന്തയോ?" എന്ന ടീച്ചറുടെ മൂക്കിൻതുമ്പ് ചുവപ്പിച്ച ക്ലീഷേ ചോദ്യത്തിന് പകരം കേൾക്കാൻ കഴിയുന്നത് - "കാമറ ഓൺ ആക്കാത്തവരെ ഞാനിപ്പൊ റിമൂവ് ചെയ്യും. തനിക്കൊക്കെ ഒന്ന് മ്യൂട്ട് ചെയ്ത് ഇരുന്നൂടേ? ഇതൊരു ക്ലാസ് റൂം അല്ലേ! ചാറ്റ് ബോക്സിൽ അറ്റൻഡൻസ് ഇട്ടില്ലേൽ ആബ്സൻറ് ആണേ. ഹൊ! ഇന്നും ഗ്ലിച്ചാണോ?" എന്നൊക്കെയാണ്.

അധ്യാപകർക്ക് കൊറോണ തന്നത് ഒരൊന്നൊന്നര പണി ആയിപ്പോയി! പരിഷ്കരിച്ച പാഠപുസ്തകം എത്താൻ കണ്ണിലെണ്ണയൊഴിച്ച് മാസങ്ങൾ കാത്തിരിക്കുന്നവർ ആഴ്ചകൾക്കുള്ളിൽ പച്ചപ്പരിഷ്കാരികൾ ആയി. ചാനലുകളിലെ സംഗീതപരിപാടികൾ തുടങ്ങിയതിൽ പിന്നെ എല്ലാവരും പഠിച്ചെടുത്ത "ഗമകം, ഷഡ്ജം" പോലെയായി "ഗ്ലിച്ചും, സ്ക്രീൻ ഷെയറിങ്ങും." ഓൺലൈൻ മാധ്യമ വൊക്കാബുലറിയിൽ എല്ലാവരും വിദഗ്​ധരായി. ചോദ്യപേപ്പർ എന്നാൽ ഫോംസ് എം.സി.ക്യു ആയി. ഉത്തരം എഴുതിയ തുണ്ട് കടലാസ് വെച്ചുള്ള കോപ്പിയടി ഗൂഗ്​ൾ, വിക്കിപീഡിയ, ടെക്​സ്​റ്റ്​ ബുക്ക് എന്നിവ നോക്കിയെഴുത്തായി. മാർക്ക് എന്നാൽ എല്ലാവർക്കും ഫുൾ എ പ്ലസും. ഉത്തരക്കടലാസ്സിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ ഞങ്ങൾ ടീച്ചർമാർ പെടുന്ന പാട്! സ്കൂൾ തുറന്നാൽ നേരിട്ട് ചെന്ന് പരീക്ഷ എഴുതേണ്ടി വരും എന്ന് കേട്ടാൽ ചങ്കിടിക്കുന്ന ഒരുകൂട്ടം പിള്ളേര്. എന്നാൽ, ഓൺലൈൻ പരീക്ഷയെപ്പേടി ഇല്ലാത്ത ഒരു കൂട്ടർ.

കാലത്തിനൊത്ത്​ അധ്യാപകരും

സാധാരണ ക്ലാസിൽ പോയി പാഠപുസ്തകം നോക്കി ക്ലാസെടുക്കുന്ന ഞങ്ങൾ ടീച്ചർമാർ അടിമുടി മാറി. അധ്യാപകർ ശ്രദ്ധിച്ച് പഠിച്ച് പി.എസ്‌.സി പരീക്ഷ എഴുതാൻ പോകുന്ന ഗൗരവത്തോടെയാണ് ഓരോ പിരിയഡും ക്ലാസ് എടുക്കുന്നത്. ക്ലാസ് എടുക്കുന്ന വിഷയം അരിച്ചുപെറുക്കി പഠിച്ച്, പി.പി.ടിയും തയാറാക്കി, യൂട്യൂബ് വീഡിയോ - ഗൂഗ്​ൾ ലിങ്ക് ഡൗൺലോഡ് ചെയ്ത് സർവതിെൻറയും സഹായത്താലാണ് പഠിപ്പിക്കൽ. യു.എസ്.ബി, ലാപ്ടോപ്​ - മൊബൈൽ ചാർജർ, എച്ച്.ഡി.എം.ഐ കേബിൾ സഹിതമാണ് സ്കൂളിൽ പോകുന്നത്. കഴിഞ്ഞ രണ്ടു വർഷമായി അധ്യാപകർ പങ്കെടുത്ത വെബിനാറുകളുടെ എണ്ണം അവർക്കുതന്നെ നിശ്ചയമുണ്ടാകില്ല. ടീച്ചറും കുട്ടികളും എന്ന ക്ലാസ് റൂം ലോകത്തുനിന്ന് ഒറ്റയടിക്ക് ഒരു പീരിയഡ് എന്നാൽ 30 വീടുകളിലേക്ക് ക്ലാസ് മുറി പടർന്നുപന്തലിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന അച്ഛനും, അമ്മയും, വീട്ടിലെ മുതിർന്ന ചേട്ടനും ചേച്ചിയും, എന്തിന് വീട്ടിലെ പട്ടിക്കുട്ടിയും പൂച്ചക്കുട്ടിയും വരെ ക്ലാസ്സിൽ കയറുന്നു. ടീച്ചർക്ക് സംഭവിക്കാവുന്ന ഒരു ഉച്ചാരണപ്പിഴവ് പോലും ലോകം മുഴുവൻ പിന്നെ പാട്ടാണ് . അത് വിഡിയോ ആയും വാട്സ്​ആപ്​ വോയ്‌സ് നോട്ടായും വൈറലാകുന്നു.

കൊറോണക്കാലത്തെ ആദ്യത്തെ പി.ടി.എം. ഓരോ കുട്ടിക്കും അഞ്ചു മിനിറ്റ് അനുവദിച്ചിട്ടുണ്ട് സൂം മീറ്റിൽ. നാട്ടിൽ പോയി ലോക്​ഡൗണിൽ പെട്ടുപോയ കുട്ടിക്ക്​ അനുവദിച്ച സമയം. അഡ്മിറ്റ് ബട്ടണമർത്തിയതും ഒരു മുറി നിറയെ ആളുകൾ സ്ക്രീനിന് അപ്പുറത്തുനിന്നും സ്നേഹം പങ്കിട്ടു. പരിചയം വഴിയുന്ന സംഭാഷണങ്ങൾ. ടീച്ചറെ, എന്നും ക്ലാസ് കാണാറുണ്ട് ട്ടാ. എല്ലാ കൊല്ലവും മക്കളുടെ അടുത്ത് വരാറുണ്ട്. അടുത്ത തവണ വരുമ്പോൾ നേരിൽ കാണണം. ഇഴയടുപ്പത്തോടെ ഒന്നണച്ച് പിടിക്കുന്നതിെൻറ സുഖം. ഇതൊക്കെ ഞങ്ങൾ അധ്യാപകർക്ക് കിട്ടുന്ന ബോണസ്.

നാലു മക്കളും ഖത്തറിലുള്ള ഉമ്മയുടെ സ്നേഹം മുന്നിലെത്തുന്നു. പേരക്കുട്ടിയുടെ ക്ലാസ്​ ഉമ്മൂമ്മയും ഉപ്പൂപ്പയും എന്നും കാണാറുണ്ടെത്രേ. പേരക്കുട്ടികളുടെ ടൈംടേബിൾ ഒക്കെ അവർക്ക് കാണാപ്പാഠം. സമയത്ത് ക്ലാസിൽ കയറിയില്ലെങ്കിൽ പത്താംക്ലാസുകാരിക്ക് കണക്കിന് കിട്ടും. ടീച്ചറെ, എെൻറ കസിൻസും ഉണ്ട്. സ്ക്രീനിന് ഉള്ളിൽ കണ്ട മുഖങ്ങളിൽ ഒരുപാട് നാളത്തെ പരിചയഭാവത്തിെൻറ ഇരമ്പൽ.

വാട്​സ്​ആപ്പും ടീംസും, സൂമും ഇല്ലാത്ത കാലത്താണ് കൊറോണ പടർന്നുപിടിച്ചത് എങ്കിൽ ഞങ്ങൾ അധ്യാപകർ എന്ത് ചെയ്തേനെ? പഠനം എങ്ങനെ നടന്നേനെ? അസംബ്ലി വേണോ വെബിനാർ വേണോ പരീക്ഷ വേണോ ആനുവൽ ഡേ വേണോ എന്തുവേണമെങ്കിലും ഓൺലൈൻ നടത്താൻ അധ്യാപകരും കഴിവ് തെളിയിച്ചു. ടച്ച് ഫോൺ ഉപയോഗിക്കാൻ അറിയാതിരുന്ന സീനിയർ അധ്യാപകർ പോലും ഓൺ ലൈൻ ക്ലാസ്സുകൾ എടുക്കുന്നു. നോട്ടുകൾ അയക്കുന്നു.

കോവിഡ് അധ്യാപകരെ ഹൈടെക് ആക്കിയെങ്കിലും നഷ്്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ ലിസ്​റ്റിൽ ചേർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഒരുപാട് കാലം ഒരുമിച്ചു ജോലി ചെയ്തിരുന്ന ഒരു ടീച്ചറുണ്ടായിരുന്നു ഹേമ ചേച്ചി എന്ന് ഞങ്ങൾ വിളിച്ചിരുന്ന, ഞങ്ങളുടെ ദിനചര്യകളുടെ ഭാഗമായവൾ. ഒരു കൂടപ്പിറപ്പിനെപ്പോലെ സ്കൂൾ തിരക്കുകളിൽ ഒന്നിച്ച് ഉണ്ടായിരുന്ന നൃത്താധ്യാപിക. കോവിഡ് പോസിറ്റിവ് ആയതിനുശേഷം ഫോൺ വിളിച്ചപ്പോൾ പറഞ്ഞു ഇങ്ങനാണെങ്കിൽ കുഴപ്പമില്ലെന്നേ. കണ്ണിമാങ്ങ അച്ചാറും, സാമ്പാറും കൂട്ടി ഊണ് കഴിച്ചു. സ്വാദിനൊന്നും ഒരു പ്രശ്നവുമില്ല. പറഞ്ഞ നേരമ്പോക്ക് പിന്നീട് എപ്പോഴാണ് ഗൗരവമായതെന്ന് മനസ്സിലായില്ല. സുഖവിവരം അന്വേഷിച്ച് പിറ്റേദിവസം ഫോൺ വിളിച്ചപ്പോൾ എടുത്തില്ല. പകരം ചാറ്റിലൂടെ മറുപടി തന്നു. "ബി.പി. താഴ്ന്നു പോകുന്നു. ഹെൽത്ത് ഡിപ്പാർട്ട്മെൻറിൽനിന്ന്​ ആളുകൾ വരുന്നുണ്ട്." പിറ്റേ ദിവസത്തെ അന്വേഷണത്തിന് നീല ടിക്ക് മാത്രം കണ്ടു. പിന്നീടൊരു മറുപടിയും തരാതെ 20 ദിവസങ്ങൾക്ക് ശേഷം സ്കൂൾ തിരക്കുകളില്ലാത്തിടത്തേക്ക്​ എന്നന്നേക്കുമായി പോയി. ഒരു പക്ഷേ ദേവലോകത്ത് അപ്സരസുകൾക്കൊപ്പം ഞങ്ങളുടെ ഹേമ ചേച്ചിയും നൃത്തമാടുന്നുണ്ടാവണം.

കുറ്റപ്പെടുത്തൽ മാത്രം ബാക്കി

കൊറോണക്കാലത്ത് സ്കൂളില്ലെന്ന പേരിൽ പലർക്കും മുഴുവൻ ശമ്പളം പോലും കിട്ടിയിട്ടില്ല. ടീച്ചർമാർക്ക് സ്കൂൾ ഇല്ലല്ലോ അപ്പോ ജോലിഭാരവും ഇല്ല എന്ന പറച്ചിൽമാത്രം ബാക്കിയായി. കൊറോണ ഡ്യൂട്ടിയും, നിർബന്ധിത സേവനത്തിന് വിധേയരാകുകയും ചെയ്യുമ്പോൾ ജീവന് ഭീഷണിയായ വൈറസിനെ അതിജീവിക്കാൻ അധ്യാപകർ തങ്ങൾക്കും ആകാവുന്നത് ചെയ്യുന്നു. അധ്യാപകരുടെ സേവനത്തിനു വേണ്ടി ആരും കൈയടിച്ചു കണ്ടില്ല. ആരും പ്രോത്സാഹന ദീപം തെളിയിച്ചില്ല. ഓരോ കുഞ്ഞുങ്ങളും വ്യത്യസ്തരാണ്. അവരുടെ ഉള്ളിലെ സംഗീതജ്ഞരേയും, ശാസ്ത്രജ്ഞരെയും, ഡോക്ടറെയും മുൻകൂട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും കഴിവിെൻറ കൂമ്പുകളെ നുള്ളിക്കളയാതിരിക്കാൻ ശ്രമിക്കാറുണ്ട്. പഠിക്കാൻ ഇനിയും നിരവധി പാഠങ്ങൾ ജീവിതവും ചുറ്റുമുള്ളവരും അതിലുപരി വിദ്യാർഥികളും അദ്ധ്യാപകർക്ക് മുന്നിൽ നിരത്തിവെക്കുന്നുണ്ട്. ഞാൻ അടക്കം എല്ലാ അധ്യാപകരും അത് പഠിക്കുന്നു. അടുത്ത തലമുറക്ക്​ പകർന്നു കൊടുക്കുന്നും ഉണ്ട്. കൂടുതൽ തേജസ്സോടെ, ചൈതന്യത്തോടെ പാറിപ്പറക്കട്ടെ നമ്മുടെ കുഞ്ഞുങ്ങൾ കൊറോണ ഇല്ലാത്ത ഭാവനയുടെ ലോകത്ത്. ബഹളം​െവച്ച് ജീവനില്ലാത്ത കെട്ടിടത്തെ സ്കൂളുകൾ ആക്കിത്തീർക്കട്ടെ.

സ്മിത ആദർശ്

(അധ്യാപിക, ഡി.പി.എസ് മൊണാർക് ഇൻറർനാഷനൽ സ്കൂൾ, ദോഹ)

Tags:    
News Summary - Corona subverting classroom concepts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.