ഖത്തർ പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി വാർത്തസമ്മേളനത്തിൽ

ഹുർമുസ് അടച്ചിടുന്നത് ആഗോള പ്രതിസന്ധിക്ക് കാരണമാകും; മുന്നറിയിപ്പുമായി ഖത്തർ

ദോഹ: ഹുർമുസ് കടലിടുക്ക് അടച്ചിടുന്നത് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഇത് പ്രാദേശിക സംഘർഷങ്ങളെ ആഗോള പ്രതിസന്ധിയായി മാറ്റുമെന്നും മുന്നറിയിപ്പ് നൽകി ഖത്തർ. ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി വ്യാഴാഴ്ച നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യു.എൻ സുരക്ഷ കൗൺസിൽ പ്രമേയത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. യു.എസ്, ബഹ്‌റൈൻ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ സ്ഥിരം പ്രതിനിധികളും പങ്കെടുത്തു.

മാർച്ച് മുതൽ ഹുർമുസ് അടച്ചിട്ടത് ഗൾഫ് രാജ്യങ്ങളെയും ലോകത്തെയും ഒരുപോലെ ബാധിച്ചു. പ്രത്യേകിച്ച് ഊർജ വിപണിയെ ഇത് സാരമായി തളർത്തി. ആഗോളതലത്തിൽ എണ്ണ, എൽ.എൻ.ജി വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനത്തോളം തടസ്സപ്പെട്ടു. വിതരണ ശൃംഖലകൾ തകരാറിലാകുകയും ഏകദേശം 20,000ലധികം നാവികർ കടലിൽ കുടുങ്ങിക്കിടക്കുകയാണെന്നും അവർ വിശദീകരിച്ചു. നിലവിലെ സാഹചര്യം ആഗോള ഊർജ സുരക്ഷക്കും സാമ്പത്തിക സ്ഥിരതക്കും മാത്രമല്ല, ജീവിതസാഹചര്യങ്ങളെ മോശമാക്കുകയും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാവുകയും ചെയ്യുന്നു.

അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾക്കും യു.എൻ സുരക്ഷ കൗൺസിൽ തീരുമാനങ്ങൾക്കും അനുസൃതമായി സമുദ്ര സഞ്ചാരം ഉറപ്പാക്കണം. അത് ലോകരാഷ്ട്രങ്ങളുടെ ഉത്തരവാദിത്തമാണെന്നും ശൈഖ ആലിയ ഓർമിപ്പിച്ചു. സമുദ്രപാതകൾ സംരക്ഷിക്കുന്നതിനും സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കുന്നതിനുമുള്ള പ്രമേയത്തിന് അംഗരാജ്യങ്ങളുടെ പിന്തുണയും അവർ അഭ്യർഥിച്ചു.

Tags:    
News Summary - Closing Hormuz could cause global crisis; Qatar warns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.