യു.എൻ സ്ഥിരം സമിതി ആക്ടിങ് ചാർജ് ഡി അഫയേഴ്സ് ജൗഹറ അൽ സുവൈദി

അഫ്ഗാൻ സമാധാന പ്രക്രിയ: വനിത പങ്കാളിത്തം വർധിപ്പിക്കാൻ സന്നദ്ധമെന്ന് ഖത്തർ

ദോഹ: അഫ്ഗാൻ സമാധാന പ്രക്രിയകളിലും അനുബന്ധ പ്രവർത്തനങ്ങളിലും തദ്ദേശീയ വനിതകളുടെ സജീവമായ പങ്കാളിത്തം ശക്തമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ഖത്തർ അറിയിച്ചു. അഫ്ഗാനിൽ വനിതകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശ സാഹചര്യങ്ങൾ സംബന്ധിച്ച് ജനീവയിൽ നടന്ന അടിയന്തര സംവാദത്തിൽ ഖത്തർ സ്ഥിരം സമിതി ആക്ടിങ് ചാർജ് ഡി അഫേഴ്സ് ജൗഹറ അൽ സുവൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിൽ പെൺകുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസം നിർത്തലാക്കിയതിൽ ആശങ്ക ആവർത്തിച്ച ഖത്തർ, സാമ്പത്തിക വളർച്ചയിലും മനുഷ്യാവകാശ രംഗത്തും ഈ തെറ്റായ നടപടി കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും വ്യക്തമാക്കി.

അഫ്ഗാനിലെ മാനുഷിക, സാമ്പത്തിക, സാമൂഹിക വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനും ആവശ്യമായ പരിഹാരം കണ്ടെത്തുന്നതിനും പങ്കാളികളുമായുള്ള പ്രവർത്തനം തുടരുമെന്നും ഖത്തർ അറിയിച്ചു. അഫ്ഗാനിന്‍റെ മുൻകാല നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും അഫ്ഗാനിസ്താന്‍റെയും മേഖലയുടെയും സുരക്ഷ, സമാധാനം, സ്ഥിരത, പുരോഗതി എന്നിവ നേടിയെടുക്കുന്നതിനും ഖത്തർ പ്രതിബദ്ധത പ്രകടിപ്പിച്ചു.

അഫ്ഗാനിസ്താനിലെ പുരോഗതിക്ക് കാര്യക്ഷമമായതും അടിയന്തരവുമായ നടപടികൾ അനിവാര്യമാണെന്നും നിലവിലെ പ്രതിസന്ധികൾ അവസാനിപ്പിക്കുന്നതിനും മനുഷ്യാവകാശ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അഫ്ഗാൻ സമൂഹം നേരിടുന്ന നിലവിലെ പ്രതിസന്ധികൾ പ്രത്യേകിച്ചും വനിതകളും പെൺകുട്ടികളും കുട്ടികളും നേരിടുന്ന പ്രതിസന്ധികൾ അടിയന്തരമായി പരിഹരിക്കാൻ നടപടികൾ സത്വരമാക്കണമെന്നും അഭ്യർഥിച്ചു.

Tags:    
News Summary - Afghan peace process: Qatar ready to increase women's participation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.