മസ്കത്ത്: പുതിയ താഴ്ചയിലേക്ക് കൂപ്പുകുത്തി രൂപ. രൂപയുടെ മൂല്യം ഡോളറിനെതിരെ 73.31 എന്ന നിരക്കിലേക്കാണ് ബുധനാഴ്ച ഇടിഞ്ഞത്. 73.32 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. ഇത് ഒരവസരത്തിൽ 73.42 വരെ ഉയർന്നു. ഇടിവ് പിടിച്ചുനിർത്താൻ ഇതിനിടെ ഒരു തവണ റിസർവ് ബാങ്ക് ഇടപെട്ടിരുന്നു. റിസർവ് ബാങ്ക് ഇടപെടലിനെ തുടർന്ന് രൂപ ശക്തിപ്പെട്ട് 73ൽ താഴെയെത്തിയെങ്കിലും വൈകാതെ തന്നെ വീണ്ടും ഇടിഞ്ഞു. 73.31 എന്ന നിരക്കിലാണ് വ്യാപാരം അവസാനിച്ചത്. മൂല്യത്തിലെ ഇടിവ് ബുധനാഴ്ച ഗൾഫ് കറൻസികളുടെ വിനിമയ നിരക്കിനെ പുതിയ ഉയരത്തിലെത്തിച്ചു. ചരിത്രത്തിലാദ്യമായി ഒരു ഒമാനി റിയാലിെൻറ വിനിമയ മൂല്യം 190 രൂപ പിന്നിട്ടു.
രാവിലെ മുതൽ ധനവിനിമയ സ്ഥാപനങ്ങൾ റിയാലിന് 190.20 രൂപ മുതൽ നൽകിയിരുന്നു. വൈകീട്ട് വ്യാപാരം അവസാനിച്ച ശേഷം 190.25 രൂപയാണ് നൽകുന്നത്. വ്യാപാരക്കമ്മി കുറക്കുന്നതടക്കം വിഷയങ്ങളിൽ ഇന്ത്യൻ സർക്കാർ അടിയന്തരമായി കർശന നടപടികളെടുക്കാത്ത പക്ഷം രൂപയുടെ മൂല്യത്തിലെ ഇടിവ് തുടരാനാണ് സാധ്യതയെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് ജനറൽ മാനേജർ ആർ. മധുസൂദനൻ പറഞ്ഞു. സമ്പദ്ഘടനയുടെ അടിസ്ഥാന പ്രശ്നങ്ങളാണ് ഇടിവിന് കാരണം. ഇറക്കുമതിക്കാരും ബാങ്കുകളും ഡോളറിെൻറ കരുതൽ ശേഖരം വർധിപ്പിക്കുന്നുണ്ട്. ഡോളറിന് ആവശ്യക്കാർ വരും ദിവസങ്ങളിലും വർധിക്കാനുള്ള സാധ്യതയാണ് കാണുന്നത്. വളർന്നുവരുന്ന സമ്പദ്ഘടനകളിലെ കറൻസികൾക്കെല്ലാം മൂല്യശോഷണം സംഭവിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ഇടിവ് ഇന്ത്യൻ രൂപക്കാണ് ഉണ്ടായതെന്ന് മധുസൂദനൻ പറഞ്ഞു. വിനിമയ നിരക്ക് ഉയർന്നെങ്കിലും പണമയക്കാൻ എത്തുന്നവരിൽ കാര്യമായ വർധനവില്ല. വലിയ തുകകൾ കൈവശമുള്ളവർ വിനിമയ നിരക്ക് 180 എത്തിയപ്പോഴൊക്കെ അയച്ചിരുന്നു. ശമ്പളക്കാരാണ് പണമയക്കുന്നവരിൽ കൂടുതലും. വിനിമയ നിരക്ക് ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.