ഗതാഗത ചെലവ്  6.57 ശതമാനം ഉയര്‍ന്നു; പണപ്പെരുപ്പത്തില്‍ വര്‍ധന

മസ്കത്ത്: രാജ്യത്തെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള  പണപ്പെരുപ്പത്തില്‍ വര്‍ധന. സെപ്റ്റംബറില്‍ 1.33 ശതമാനത്തിന്‍െറ വര്‍ധനവാണ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്  ഉണ്ടായത്. ഉപവിഭാഗമായ ഗതാഗത മേഖലയിലെ വര്‍ധിച്ച ചെലവാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാന കാരണം. 
6.57 ശതമാനമാണ് ഗതാഗത ചെലവ് വര്‍ധിച്ചത്. ഭവന, ജല, വൈദ്യുതി, ഗ്യാസ് അടക്കം ഇന്ധനങ്ങളുടെ ചെലവ്  0.77 ശതമാനവും കൂടി. ജനുവരിയില്‍ ഇന്ധന വിലനിയന്ത്രണം നീക്കിയശേഷം എല്ലാ മാസവും ഗതാഗത ചെലവില്‍ വര്‍ധന ദൃശ്യമാണ്. പെട്രോള്‍ ജനുവരി പകുതിയിലേക്കാള്‍ അമ്പതു ശതമാനത്തിലേറെയാണ് ഇപ്പോള്‍. സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 179 ബൈസയും റെഗുലര്‍ ലിറ്ററിന് 169 ബൈസയുമാണ് ഒക്ടോബറിലെ വില. ഡീസലിനും സമാനമായ വിലവര്‍ധന ദൃശ്യമാണ്. 
ലിറ്ററിന് 185 ബൈസയാണ് ഡീസലിന്‍െറ ഒക്ടോബറിലെ വില. ഇന്ധനവില നിയന്ത്രണം നീക്കിയതോടെ സര്‍ക്കാറിന് സബ്സിഡിയിനത്തില്‍ ദശലക്ഷക്കണക്കിന് റിയാലിന്‍െറ ലാഭമാണ് ലഭിക്കുന്നത്. 
ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന ട്രക്കുകളിലാണ് നിത്യോപയോഗ സാധനങ്ങളും മറ്റും കൊണ്ടുവരുന്നത്. അതിനാല്‍, ഡീസലിന്‍െറ വിലയില്‍ വരുത്തുന്ന വര്‍ധന പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നുണ്ട്.  വീടുകളുടെ അറ്റകുറ്റപ്പണി, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ ചെലവ് 0.92 ശതമാനവും ആരോഗ്യമേഖലയിലെ ചെലവ് 0.91 ശതമാനവും വര്‍ധിച്ചതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട് പറയുന്നു. 
വിദ്യാഭ്യാസ ചെലവിലാണ് വലിയ വര്‍ധന ദൃശ്യമായിട്ടുള്ളത്, 3.03 ശതമാനം.  ഭക്ഷണപാനീയങ്ങളുടെ വിലയില്‍ പൊതുവെ 0.77 ശതമാനത്തിന്‍െറ കുറവ് ദൃശ്യമായതായും  റിപ്പോര്‍ട്ട് പറയുന്നു. കമ്യൂണിക്കേഷന്‍ മേഖലയിലെ ചെലവില്‍ 0.26 ശതമാനത്തിന്‍െറയും കുറവുണ്ടായിട്ടുണ്ട്. ഗവര്‍ണറേറ്റ് തിരിച്ചുള്ള കണക്കെടുക്കുമ്പോള്‍ ദോഫാറിലാണ് പണപെരുപ്പം ഏറ്റവുമധികം, 2.66 ശതമാനം. തെക്ക്, വടക്ക് ശര്‍ഖിയയില്‍ 1.46 ശതമാനവും വടക്കന്‍ ബാത്തിനയില്‍ 1.43 ശതമാനവും അല്‍ ദാഹിറയില്‍ 1.33 ശതമാനവും ദാഖിലിയയില്‍ 1.3 ശതമാനവും ബുറൈമിയില്‍ 1.26 ശതമാനവുമാണ് പണപ്പെരുപ്പ നിരക്ക്. ഏറ്റവും കുറവ് മസ്കത്തിലാണ്, 1.01 ശതമാനം. 
ആഗസ്റ്റിനെ അപേക്ഷിച്ച് ഉപഭോക്തൃ വിലയുടെ പൊതുസൂചികയില്‍ 0.33 ശതമാനത്തിന്‍െറ കുറവുണ്ട്. ഗതാഗത ചെലവില്‍ 1.2 ശതമാനമാണ് ഈമാസം കൂടിയത്. ഭക്ഷണപാനീയങ്ങളുടെ വിലയാകട്ടെ 0.21 ശതമാനം കുറയുകയും ചെയ്തു. 
 

Tags:    
News Summary - Road expence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.