‘പെയിന്‍റ് ഫോര്‍ പീസ്’  വേറിട്ട അനുഭവമായി

മസ്കത്ത്: സംഘര്‍ഷവും അക്രമങ്ങളും അനീതിയും നിറഞ്ഞ ലോകക്രമത്തിന് നിറക്കൂട്ടുകള്‍കൊണ്ട് പ്രതിരോധമൊരുക്കിയ ‘പെയിന്‍റ് ഫോര്‍ പീസ്’ ചിത്രരചന മത്സരം മസ്കത്തിന് വേറിട്ട അനുഭവമായി. ഭാവലയയും ഒമാന്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും സംയുക്തമായാണ് മൂന്ന് ദിവസം നീളുന്ന പെയിന്‍റിങ് മത്സരവും പ്രദര്‍ശനവും സംഘടിപ്പിച്ചത്. 
ഒമാനിലെ താമസക്കാരായ 23 ഇന്ത്യന്‍ കലാകാരന്മാരും 23 ഒമാനി കലാകാരന്മാരും അണിനിരന്ന പരിപാടി 46ാം ദേശീയദിനത്തിനുള്ള ആദരം കൂടിയായി. വര്‍ണാഭമായ സമാപന ചടങ്ങില്‍ മസ്കത്ത് ഗവര്‍ണര്‍ സയ്യിദ് സൗദ് ബിന്‍ ഹിലാല്‍ ബിന്‍ ഹമദ് അല്‍ ബുസൈദി മുഖ്യാതിഥിയും ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ വിശിഷ്ടാതിഥിയുമായിരുന്നു. 
ഒമാന്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഡയറക്ടര്‍ മറിയം അല്‍ സദ്ജാലിയും ഭാവലയ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ജെ. രത്നകുമാറും സമാനപന ചടങ്ങില്‍ പങ്കെടുത്തു. ഒമാനി ചിത്രകാരനായ മാസിന്‍ അല്‍ മഅ്മരിയാണ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തത്തെിയത്. 
രണ്ട് വിഭാഗങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും മുഖ്യാതിഥി ഉപഹാരങ്ങള്‍ നല്‍കി. ജുമാഅല്‍ ഹാര്‍ത്തി, അഹമ്മദ് മജീദ്, ഹഫ്സ എന്നിവര്‍ ഒമാനി വിഭാഗത്തിലും കനക് മിത്ര, സോണി ബോധിയ, കോമള്‍ തലാത്തി എന്നിവര്‍ ഇന്ത്യന്‍ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.
 മത്സരത്തിന്‍െറ വിധികര്‍ത്താക്കളായിരുന്ന ഒമാനി പെയിന്‍റര്‍മാരായ അന്‍വര്‍ സോണ്യ, അബ്ദുല്ലാഹ് അല്‍ റിയാമി, ഇന്ത്യന്‍ പെയിന്‍റര്‍മാരായ അമൃത് പട്ടേല്‍, പ്രഫ. രാജീവ് ലോചന്‍ എന്നിവര്‍ ചിത്രരചനാ ലോകത്തെ മികവിനുള്ള ആഗോള പുരസ്കാരം നല്‍കി. കെ.ടി. അരുണ്‍, സുദിപ്താ ചൗധരി എന്നിവര്‍ക്കും പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കി. മനസ്സില്‍ പതിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളാണ് 46 കലാകാരന്മാരുടെ ബ്രഷുകളില്‍നിന്ന് പിറവിയെടുത്തതെന്ന് ഡോ. ജെ. രത്നകുമാര്‍ പറഞ്ഞു. അനീതിയും അക്രമങ്ങളുമില്ലാത്ത ലോകത്തെ സ്വപ്നം കാണാന്‍ ആസ്വാദകരെ പ്രേരിപ്പിക്കുന്നവയാണ് ചിത്രങ്ങള്‍. 
ദേശീയദിനത്തിന് പുറമെ ലോകസമാധാനത്തിന്‍െറതന്നെ പ്രതീകമായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനുള്ള ആദരം കൂടിയാണ് ‘പെയിന്‍റ് ഫോര്‍ പീസ്’. ഇന്ത്യയും ഒമാനും തമ്മിലുള്ള ശക്തമായ അടുപ്പത്തിന്‍െറയും സൗഹൃദത്തിന്‍െറയും ആഘോഷം കൂടിയാണ് പരിപാടിയെന്നും ഡോ. രത്നകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എംബസിയുടെ മാര്‍ഗനിര്‍ദേശത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ബാങ്ക് മസ്കത്ത് ആയിരുന്നു പ്രധാന സ്പോണ്‍സര്‍.

Tags:    
News Summary - paint for peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.