കാടിന്‍െറ കഥ പറയും, ഈ ചിത്രങ്ങള്‍

മസ്കത്ത്: കാണുന്ന  സൗന്ദര്യത്തേക്കാള്‍, മറഞ്ഞിരിക്കുന്ന സൗന്ദര്യമാണ് ഇവിടെ കൂടുതലായുള്ളത് എന്നാണ് പല വിനോദസഞ്ചാരികളും ഒമാനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ബൈത് അല്‍ സുബൈര്‍ ഗാലറിയില്‍ ഇന്നലെ ആരംഭിച്ച വന്യജീവി ഫോട്ടോപ്രദര്‍ശനം ഇതിനെ അടിവരയിടുന്നതാണ്. ഒമാനി ഫോട്ടോഗ്രാഫര്‍ ഹൈതം ഗാലിബ് മന്‍സൂര്‍  അല്‍ ഷന്‍ഫാരി പകര്‍ത്തിയ 45 ജീവന്‍ തുടിക്കുന്ന ഫോട്ടോകളുടെ പ്രദര്‍ശനം പരിസ്ഥിതി വകുപ്പ് മന്ത്രി മുഹമ്മദ് ബിന്‍ സാലിം ബിന്‍ സൈദ് അല്‍ തോബിയാണ് ഉദ്ഘാടനം ചെയ്തത്. 
ദോഫാര്‍ മേഖലയില്‍നിന്ന് കഴിഞ്ഞ മൂന്നുവര്‍ഷത്തെ അധ്വാനത്തിന്‍െറ ഫലമായാണ് ഈ ചിത്രങ്ങള്‍ എടുത്തതെന്ന് അല്‍ ഷന്‍ഫരി പറഞ്ഞു. ഏറ്റവും വെല്ലുവിളി നിറഞ്ഞത് അറേബ്യന്‍ പുള്ളിപ്പുലിയെ കാമറയില്‍ പകര്‍ത്തുക എന്നതായിരുന്നു. വളരെ അപൂര്‍വമായി മാത്രം പുറത്തുവരുന്ന അറേബ്യന്‍ പുള്ളിപ്പുലിയെ കാമറയില്‍ പകര്‍ത്താന്‍ ദോഫാറില്‍നിന്നുള്ള ഒരു ഒമാനി സുഹൃത്ത് സഹായിച്ചതായും അദ്ദേഹം പറഞ്ഞു. കാഴ്ചക്കാര്‍ക്ക് ഒരുപക്ഷേ ഈ ചിത്രങ്ങള്‍ ഒമാനില്‍നിന്ന് പകര്‍ത്തിയതാണ് എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. വിവിധതരം പൊന്മാനുകള്‍, പരുന്തുകള്‍, കുറുക്കന്മാര്‍, മൂങ്ങകള്‍ ഇങ്ങനെ വിവിധ ഇനങ്ങളിലുള്ള ജീവികളുടെ ചിത്രങ്ങള്‍ കാഴ്ചക്കാരില്‍ അദ്ഭുതവും ആഹ്ളാദവും ഉണ്ടാക്കും.

ഇദ്ദേഹം പകര്‍ത്തിയ അറേബ്യന്‍ പുള്ളിപ്പുലിയുടെ ചിത്രം
 


 ദോഫാര്‍ മേഖലയുടെ പാരിസ്ഥിതിക പ്രത്യേകത തന്നെയാണ് പക്ഷികളെ അങ്ങോട്ട് ആകര്‍ഷിക്കുന്നത് എന്നാണു ഇദ്ദേഹത്തിന്‍െറ അഭിപ്രായം. ഒമാന്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിലെ ജീവനക്കാരനായ ഹൈതം ആദ്യമായാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. നിരവധി ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
 ഒമാനിലെ വന്യജീവികളെ കുറിച്ച് അധികം താമസിയാതെ പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ഹൈതം പറഞ്ഞു. ഫോട്ടോ പ്രദര്‍ശനം ജനുവരി 26 വരെ നീണ്ടുനില്‍ക്കും.

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.