????? ?????????????????? ?????? ????????????? ???????????????????

സന്‍ആ ആക്രമണത്തില്‍ പരിക്കേറ്റവരെ  ചികിത്സക്കായി ഒമാനില്‍ എത്തിച്ചു

മസ്കത്ത്: ഈമാസം എട്ടിന് യമനിലെ സന്‍ആയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സക്കായി ഒമാനില്‍ എത്തിച്ചു. മരണാനന്തര ചടങ്ങിലേക്ക് നടന്ന സഖ്യസേനയുടെ ആക്രമണത്തില്‍ 140 പേര്‍ മരിക്കുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഗുരുതര പരിക്കേറ്റ 115 പേരെയാണ് ചികിത്സക്കായി മസ്കത്തിലത്തെിച്ചത്. ഇവരെ ഖൗല, റോയല്‍, ആര്‍മി ആശുപത്രികളിലായി  പ്രവേശിപ്പിച്ചു.  ശനിയാഴ്ച ഉച്ചയോടെയാണ് പരിക്കേറ്റവരെ കൊണ്ടുവരുന്നതിനായുള്ള റോയല്‍ ഒമാന്‍ എയര്‍ഫോഴ്സിന്‍െറ പ്രത്യേക വിമാനം സന്‍ആയില്‍ എത്തിയത്. രാത്രിയോടെ വിമാനം തിരികെ മസ്കത്തിലത്തെി. ഒമാന്‍െറ ഇടപെടലിനെ തുടര്‍ന്ന് യമനിലെ തടവില്‍നിന്ന് മോചിതരായ രണ്ട് അമേരിക്കന്‍ സ്വദേശികളും ഇതേ വിമാനത്തില്‍ മസ്കത്തിലത്തെിയതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
വിമത സര്‍ക്കാറിലെ ആഭ്യന്തരമന്ത്രി ബ്രിഗേഡിയര്‍ ജലാല്‍ അല്‍ റുവൈശാനിന്‍െറ പിതാവിന്‍െറ മരണാനന്തര ചടങ്ങിലേക്കാണ് സഖ്യസേനയുടെ ആക്രമണം നടന്നത്. ആക്രമണം തെറ്റായ വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നെന്നും യമനിലെ സ്രോതസ്സുകളില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കെട്ടിടം ആക്രമിച്ചതെന്നും നടപടിക്ക് സൈനിക സഖ്യത്തിന്‍െറ സെന്‍ട്രല്‍ കമാന്‍ഡ് അനുമതി നല്‍കിയിരുന്നില്ളെന്നും സംഭവം അന്വേഷിച്ച ജോയന്‍റ് ഇന്‍സിഡന്‍റ് അസസ്മെന്‍റ് ടീം (ജെ.ഐ.എ.ടി) റിയാദില്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. സഖ്യസേനയുടെ ആക്രമണനയം അടിയന്തരമായി പുനപ്പരിശോധിക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഉന്നതതലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. 
പിഴവുകള്‍ വരുത്തിയവര്‍ക്കെതിരെ കര്‍ക്കശ നടപടിയെടുക്കാനും അന്വേഷണസംഘം ശിപാര്‍ശ ചെയ്തിരുന്നു.  പരിക്കേറ്റവര്‍ക്ക് വിദേശ ചികിത്സ ഉറപ്പാക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ഉത്തരവിട്ടു. കിങ് സല്‍മാന്‍ സെന്‍റര്‍ ഫോര്‍ റിലീഫ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ എയ്ഡിന്‍െറ നേതൃത്വത്തില്‍ ചികിത്സാ സഹായമായി 200 ദശലക്ഷം റിയാല്‍ അനുവദിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഹൂതി വിമതരുമായും ഇറാനുമായും നല്ല ബന്ധം പുലര്‍ത്തുന്ന ഏക അറബ് രാഷ്ട്രമാണ് ഒമാന്‍. യമനില്‍ ആക്രമണം നടത്തുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയിലും ഒമാന്‍ അംഗമല്ല. ഒമാന്‍െറ ഇടപെടലിനെ തുടര്‍ന്ന് യമനില്‍ തടവിലായിരുന്ന നിരവധി വിദേശ പൗരന്‍മാരെ പല ഘട്ടങ്ങളിലായി മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പത്തുമാസമായി യമനില്‍ തടവിലായിരുന്ന റെഡ്ക്രോസ് പ്രവര്‍ത്തകയുടെ മോചനം സാധ്യമാക്കാന്‍ ഈമാസം ആദ്യം ഒമാന് കഴിഞ്ഞിരുന്നു. തുനീഷ്യന്‍ വംശജയും ഫ്രഞ്ച് പൗരയുമായ നൗറേന്‍ ഹുവാസാണ് ഒക്ടോബര്‍ മൂന്നിന് മോചിതയായത്. ഇറാനില്‍ 114 ദിവസമായി തടങ്കലില്‍ ആയിരുന്ന കനേഡിയന്‍ വംശജ ഹുമ ഹൂദ്ഫര്‍ എന്ന പ്രഫസറെ മോചിപ്പിക്കാനും ഒമാന്‍ ഇടപെട്ടിരുന്നു. കഴിഞ്ഞ മാസം അവസാനം പ്രത്യേക വിമാനത്തില്‍ മസ്കത്തിലത്തെിച്ച ഇവര്‍ പിന്നീട് കാനഡയിലേക്ക് പോയി. 
യമനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ച കാലം മുതല്‍ പരിക്കേറ്റ നിരവധി യമന്‍ പൗരന്മാര്‍ക്ക് പല ഘട്ടങ്ങളിലായി ഒമാനില്‍ ചികിത്സ ലഭ്യമാക്കിയിരുന്നു. തങ്ങളുടെ പൗരന്മാരുടെ മോചനം അമേരിക്കയും സ്ഥിരീകരിച്ചു. 
യമനില്‍ തടവിലായിരുന്ന രണ്ട് അമേരിക്കന്‍ പൗരന്മാര്‍ സുരക്ഷിതരായി മസ്കത്തില്‍ എത്തിയെന്ന വാര്‍ത്ത സ്വാഗതാര്‍ഹമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി സ്പോക്സ്മാന്‍ മാര്‍ക്ക് ടോണര്‍ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെട്ട ഒമാന്‍ സര്‍ക്കാറിനും മോചനം സാധ്യമാക്കിയ ഹൂതി വിമതര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. 
ഇറാന്‍ പിന്തുണയുള്ള സായുധ സംഘമായ ഹൂതികളുടെ നിയന്ത്രണത്തിലാണ് 2014 മുതല്‍ സന്‍ആ നഗരവും പരിസരപ്രദേശവും. ഇതിനുശേഷം നിരവധി വിദേശികളെ സായുധസംഘങ്ങള്‍ തടവിലാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ രണ്ട് അമേരിക്കക്കാര്‍ അടക്കം ആറുപേരെ ഹൂതികള്‍ വിട്ടയച്ചിരുന്നു. തുടര്‍ന്ന്, പല ഘട്ടങ്ങളിലായി ഒമാന്‍െറ ഇടപെടലിന്‍െറ ഫലമായി ഇവരില്‍ ഭൂരിപക്ഷം പേരുടെയും മോചനം സാധ്യമാക്കിയിട്ടുണ്ട്. 
 
Tags:    
News Summary - oman hospitalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.