വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുന്തിരി ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പിന് മുദൈബി വിലായത്തിൽ തുടക്കമായപ്പോൾ
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുന്തിരി ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പിന് മുദൈബി വിലായത്തിൽ തുടക്കമായി. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സിയുടെ രക്ഷാകർതൃത്വത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു. ഗവൺമെന്റും സമൂഹവും തമ്മിലുള്ള സംയോജനത്തിന്റെ വിജയഗാഥയാണ് ഈ ഫെസ്റ്റിവലെന്ന് വടക്കൻ ശർഖിയ ഗവർണർ മഹ്മൂദ് ബിൻ യഹ്യ അൽ ദഹ്ലി പഞ്ഞു. 2023ലെ ഉദ്ഘാടന പതിപ്പിൽ ഗവർണറേറ്റിലെ മുന്തിരി കൃഷിയുടെ വിസ്തൃതി എട്ട് ഏക്കറിൽനിന്ന് 27 ഏക്കറായി ഉയർത്താൻ സഹായിച്ചുവെന്നും ഇത് 238 ശതമാനം വളർച്ച നിരക്കിനെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ മോഡൽ ഗ്രേപ്പ് ഫാംസ് പ്രോജക്ട് ആരംഭിച്ചുകൊണ്ട് ഗവർണറേറ്റ് ഈ ഗതിവേഗത്തിലാണ് വളരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംരംഭം 100 ഏക്കർ കൂടി കൃഷിചെയ്യാനും, മൊത്തം 127 ഏക്കറായി ഉയർത്താനും ലക്ഷ്യമിടുന്നു. ഇത് വാർഷിക ഉത്പാദനം 635 ടൺ ആയി ഉയരും. ഒരുദശലക്ഷം റിയാലിൽ കൂടുതലുള്ള സാമ്പത്തിക വരുമാനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രാദേശിക, അന്തർദേശീയ വിപണികളിൽ മത്സരശേഷി വർധിപ്പിക്കുന്നതിനായി ഉയർന്ന നിലവാരമുള്ളതും സംഭരണത്തിനും ഗതാഗതത്തിനും കൂടുതൽ അനുയോജ്യവുമായ ആറ് പുതിയ അന്താരാഷ്ട്ര മുന്തിരി ഇനങ്ങളും ഈ പദ്ധതിയിൽ അവതരിപ്പിച്ചു.
സുൽത്താനേറ്റിലെ മുന്തിരി കൃഷിയുടെ വികസനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ കോളജ് ഓഫ് അഗ്രികൾച്ചറൽ ആൻഡ് മറൈൻ സയൻസസിന്റെ ഡീൻ ഡോ. റാഷിദ് അൽ യഹ്യയുടെ പ്രബന്ധവും ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിൽ ഉൾപ്പെട്ടിരുന്നു. കാർഷിക പുരോഗതിയിൽ ബയോടെക്നോളജിയുടെയും ഗവേഷണത്തിന്റെയും പങ്കിനെക്കുറിച്ചും കർഷകർക്കും അക്കാദമിക് സ്ഥാപനങ്ങൾക്കും ഇടയിൽ ശക്തമായ പങ്കാളിത്തത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹത്തിന്റെ അവതരണം ഊന്നിപ്പറഞ്ഞു. ആധുനിക ജലസേചന രീതികൾ, ജൈവ വളപ്രയോഗം, പ്രാദേശികവൽക്കരിച്ച വിപണന തന്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള വിജയകരമായ മുന്തിരി കൃഷി അനുഭവങ്ങൾ പ്രാദേശിക കർഷകർ പങ്കുവെച്ചു. മുന്തിരി കൃഷിയെയും ഭക്ഷ്യ സംസ്കരണത്തെയും പിന്തുണക്കന്ന നിരവധി നിക്ഷേപ കരാറുകളിലുമെത്തി.
സംഭാവന നൽകിയവരെയും പങ്കെടുത്തവരെയും, കർഷകരെയും മന്ത്രി ചടങ്ങിൽ ആദരിച്ചു. അനുബന്ധ പ്രദർശനം ഔദ്യോഗികമായി മന്ത്രി ഉദ്ഘാടനം ചെയ്തു. പൊതു, മുന്തിരി ഇനങ്ങൾ, സംസ്കരിച്ച മുന്തിരി ഉൽപന്നങ്ങൾ, ആധുനിക കാർഷിക ഉപകരണങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന പവലിയനുകൾ എന്നിവയും ഫെസ്റ്റിവലന്റെ ഭാഗായി ഒരുക്കിയിട്ടുണ്ട്.
പ്രാദേശിക കൃഷിയെ പിന്തുണക്കുക, മുന്തിരി കൃഷി പ്രോത്സാഹിപ്പിക്കുക, യുവാക്കളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മുന്തിരി ഫെസ്റ്റിവലിന്റെ ലക്ഷ്യം. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് വടക്കൻ ശർഖിയ ഗവർണറുടെ ഓഫിസ് സംഘടിപ്പിക്കുന്ന മുന്തിരി ഉത്സവം ഒമാന്റെ കാർഷിക ഭൂപ്രകൃതിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. സുൽത്താനേറ്റിൽ ഏറ്റവും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നതും വാണിജ്യപരമായി പ്രതീക്ഷ നൽകുന്നതുമായ ഫലവിളകളിലൊന്നാണ് മുന്തിരി.
ഒമാനി മുന്തിരിയുടെ വിപണനം, അവയുടെ സാമ്പത്തികശേഷിയെക്കുറിച്ച് അവബോധം വളർത്തൽ, മുന്തിരി കൃഷിയെ ഒരു ലാഭകരമായ ബിസിനസായി കാണാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കൽ എന്നിവക്ക് ഈ പരിപാടി അവസരം നൽകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഈ പരിപാടി നൂതനാശയങ്ങൾ പ്രദർശിപ്പിക്കുകയും പ്രാദേശിക കർഷകരുടെ വിജയഗാഥകൾ ഉയർത്തിക്കാട്ടുകയും സാങ്കേതിക പരിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മേഖലയുടെ സാധ്യതകളെക്കുറിച്ചുള്ള സമൂഹ അവബോധം പ്രോത്സാഹിപ്പിക്കുക, മുന്തിരി കൃഷി മേഖലകൾ വികസിപ്പിക്കുക, വരും വർഷങ്ങളിൽ വാർഷിക ഉൽപാദനം മെച്ചപ്പെടുത്തുക എന്നിവയും സംഘാടകർ പ്രതീക്ഷിക്കുന്നു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ആകർഷിക്കുക, കാർഷിക അസോസിയേഷനുകളുമായി ഏകോപിപ്പിച്ച് കരാർ കൃഷി എന്ന ആശയം വികസിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.