ആശുപത്രിൽ കഴിഞ്ഞിരുന്ന ഹനീഫ ബീവിയോടൊപ്പം ഒമാനി കുടുംബം
മസ്കത്ത്: “നാട്ടിൽ പോയി വന്നിട്ട് നമുക്കൊന്ന് കാണണം, എനിക്ക് ഗൾഫ് മാധ്യമത്തിൽ ഒമാനിന്റെ സ്നേഹത്തിന്റെയൊരു കഥ പറയാനുണ്ട്, 40 വർഷത്തെ എന്റെ കഥ’’... അവസാനമായി ഇങ്ങനെ ഒരുറപ്പും തന്നാണ് രണ്ടുമാസംകൊണ്ട് തിരിച്ചുവരും എന്ന് യാത്ര പറഞ്ഞ് ഹനീഫ ബീവി നാട്ടിലേക്ക് പോകുന്നത്. പക്ഷേ, വിധി മറ്റൊന്നായിരുന്നു. പറഞ്ഞു തീർക്കാത്ത ആ കഥയുമായി ഹനീഫ ബീവി മടങ്ങി. മസ്കത്തിലും നാട്ടിലും ആ സ്നേഹഗാഥയുടെ ഗന്ധം മാത്രം ബാക്കി.
40 വർഷം മുമ്പാണ് ആലപ്പുഴ പവർ ഹൗസ് വാർഡിൽ ശാന്തി ആശ്രമത്തിൽ പരേതനായ സുബൈറിന്റെ ഭാര്യ പൂക്കുട്ടി എന്ന് ഹനീഫ ബീവി ഒമാനിലേക്കെത്തുന്നത്. ഏതൊരു പ്രവാസിയെയുംപോലെ കുടുംബത്തിലെ പ്രാരബ്ധവും കഷ്ടപ്പാടും കാരണം കടൽ കടക്കേണ്ടി വന്നവൾ. വീട്ടുജോലിക്കായി വരുന്ന ഒരു മലയാളി സ്ത്രീയെ സംബന്ധിച്ചിടത്തോളം ആശങ്കകളും സങ്കടവും ഭയവും നിറഞ്ഞ ദിവസങ്ങൾ. ‘പടച്ചോനേ കാക്കണേ’ എന്ന ഉള്ളുരുകിയ പ്രാർഥന മാത്രം കൂട്ടുണ്ടായ ദിവസങ്ങൾ.
ആ പ്രാർഥന പടച്ചോൻ കേട്ടെന്നാണ് ഹനീഫ ബീവിയുടെ പക്ഷം. വീട്ടുജോലിക്കായി എത്തിയത് സ്നേഹനിധികളായ കുറെ ആളുകൾക്കിടയിലായിരുന്നു. മസ്കത്ത് ഹെയിലിലെ ഒരു കുടുംബത്തിന്റെ വീട്ടിൽ കുടുംബനാഥ ആയിഷയുടെ മേൽനോട്ടത്തിൽ അങ്ങനെ ഹനീഫ ബീവിയും അവരിലെ ഒരംഗമായി. അവരുടെ സുഖത്തിലും ദുഃഖത്തിലും ഭാഗമായി. ഇതിനിടെ പല പ്രാവശ്യം വിവാഹം പോലുള്ള ചടങ്ങുകളിൽ ഒമാനി കുടുംബം നാട്ടിലെ ഹനീഫ ബീവിയുടെ കുടുംബത്തിലേക്ക് വരുകയും താമസിക്കുകയും ഒക്കെ ചെയ്തിരുന്നു. ഒരു ജോലിക്കാരിക്കപ്പുറം ഹനീഫ ബീവി തന്റെ കുട്ടികളുടെ വളർത്തമ്മയാവുന്നത് സ്നേഹത്തോടെയാണ് ആയിഷ നോക്കിക്കണ്ടത്. താൻ ജോലിക്ക് പോകുമ്പോൾ മക്കളെ പൊന്നുപോലെ നോക്കിയ ഹനീഫ ബീവിയെ മാത്രമല്ല, അവരുടെ നാട്ടിലെ കുടുംബത്തെയും ആയിഷ ചേർത്തുപിടിച്ചു.
ഒമാനി കുടുംബത്തിലെ കല്യാണത്തിനുള്ള ഒരുക്കത്തിലായിരുന്നു ഹനീഫ ബീവി. അതിനിടയിലൊന്ന് നാട്ടിൽ പോയി വരണം. കൊച്ചുമക്കളെയും മക്കളെയും കാണണം. അങ്ങനെയാണ് ഇവിടത്തെ തിരക്കുകൾക്കിടയിലും അവർ നാട്ടിലേക്ക് തിരിക്കുന്നത്. നാട്ടിലെത്തി കുറച്ചുദിവസങ്ങൾക്കകംതന്നെ കടുത്ത പനിയെത്തുടർന്ന് ആശുപത്രിയിലാവുകയായിരുന്നു. അർബുദമാണെന്ന് തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോയി.
രോഗവിവരം അറിഞ്ഞയുടൻതന്നെ കേരളത്തിലെത്തിയ ആയിഷയും മക്കളും എത്ര പണം മുടക്കിയും ഹനീഫ ബീവിയെ ചികിത്സിക്കാൻ തയാറായിരുന്നു. പക്ഷേ, അതിനൊന്നും കാത്തുനിൽക്കാതെ തന്റെ 75ാം വയസ്സിൽ ഹനീഫ ബീവി മടങ്ങി. ഒടുവിൽ ഹനീഫ ബീവിയെ അവസാനമായൊരു നോക്കുകാണാൻ ഓടിയെത്തിയ ആയിഷയുടേയും മക്കളുടെയും കാഴ്ച ഏവരെയും മിഴിനീരണിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.