അതിജീവനത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്ത് ‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ മസ്കത്തിൽ പ്രകാശിതമായി

മസ്‌കത്ത്: അതിജീവനത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്ത സാംസ്കരിക സായാഹ്ന ചടങ്ങിൽ ‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ എന്ന കവിതാ സമാഹാരം മസ്കത്തിൽ പ്രകാശിതമായി. ഒമാനിലെ എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായ രാജീവ് മഹാദേവൻ രചിച്ച കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങ് ലോകകേരളസഭാംഗവും മലയാളം മിഷൻ ഒമാൻ മുൻ ചീഫ് കോഓഡിനേറ്ററുമായ വിൽസൺ ജോർജ് ഉദ്ഘാടനം ചെയ്തു.

റൂവി സിബിഡി ഏരിയയിലെ ഡന്നത്ത് ഹാളിൽ മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ലോകകേരള സഭാംഗവും മലയാളം മിഷൻ ഒമാൻ ഉപദേശക സമിതി അംഗവുമായ ഷാജി സെബാസ്റ്റ്യൻ പുസ്തക പ്രകാശനം നിർവഹിച്ചു. എഴുത്തുകാരി അമ്മു വള്ളിക്കാട്ട് പുസ്തകം ഏറ്റു വാങ്ങി. സോഹാർ യൂനിവേഴ്സിറ്റി അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ പ്രഫ. റോയ് പി പുസ്തക പരിചയം നിർവഹിച്ചു

ഇന്നും മനുഷ്യാന്തസ്സിനുവേണ്ടി പോരാടുക എന്നത് അത്യന്തം ആവശ്യമേറിയതാണെന്ന് എഴുത്തുകാരി അമ്മു വള്ളിക്കാട്ട് പറഞ്ഞു. അരികുവൽകരിക്കപ്പെട്ടവർക്കുവേണ്ടിയും ന്യൂനപക്ഷങ്ങൾക്കുവേണ്ടിയും അനീതിയിൽ ജീവിക്കപ്പെടാൻ വിധിക്ക​െപട്ടവർക്കുവേണ്ടിയും ശബ്ദമുയർത്തുന്നതാണ് രാജീവ് മഹാദേവന്റെ കവിതകളെന്ന് അവർ ചൂണ്ടിക്കാട്ടി.

ഭാഷയുടെ പുതിയ മേഖലകളിലേക്ക് രാജീവിന്റെ കവിതകൾ ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ടെന്ന് പുസ്തകം പരിചയപ്പെടുത്തികൊണ്ട് പ്രഫ. റോയ് പി പറഞ്ഞു. കവിതയെ കാലികപ്രസക്തമാക്കുന്നത് ക്രാഫ്റ്റ് മാതമല്ല; പ്രതിപാദ്യ വിഷയങ്ങൾ കൂടിയാണ്. പുരോഗമന രാഷ്ട്രീയവും, സ്ത്രീപക്ഷ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നതാണ് ഈ സമാഹാരത്തിലെ കവിതകൾ. ഫലസ്തീൻ പോരാട്ടങ്ങൾക്ക് ഊർജമേകിയ ​ലോകപ്രശസ്ത കവി മുഹമ്മദ് ദർവീഷിന്റെ കവിതകളോടുള്ള വാക്കിന്റെ ആദരം കൂടിയാണ് ‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ എന്ന കവിതാ സമാഹാരമെന്ന് അദ്ദേഹം വിലയിരുത്തി.

മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ചെയർമാൻ ഡോ. ജെ രത്‌നകുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സുനിൽ കുമാർ, ഇന്ത്യൻ സ്‌കൂൾസ് ഒമാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം നിധീഷ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം കൺവീനർ അജയൻ പൊയ്യാറ, ഇന്ത്യൻ മീഡിയാ ഫോറം എക്സിക്യുട്ടീവ്‌ അംഗം വി കെ ഷഫീർ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അനുപമ സന്തോഷ് നന്ദിയും പറഞ്ഞു.

സാഹിത്യ-സാംസ്ക്കാരിക-പത്ര പ്രവർത്തന രംഗത്തെ പ്രമുഖരടക്കം നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനം മാർച്ച് 29 ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിൽ നടന്നിരുന്നു. പ്രവാസം, പലായനം, ഭൗമരാഷ്ട്രീയം മുതലായ സംഘർഷാവസ്ഥകളെയും അന്തസ്സ്, സ്വത്വം, പൗരത്വം തുടങ്ങിയ സന്നിഗ്ദ്ധാവസ്ഥകളെയും പ്രശ്നവൽക്കരിക്കുന്ന മുപ്പത് കവിതകളടങ്ങിയയതാണ് സമാഹാരം. മസ്‌കത്തിൽ സോഫ്റ്റവെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന രാജീവ് മഹാദേവൻ ഗൾഫ് ദേശാഭിമാനി മസ്‌കത്ത് ലേഖകൻ, മലയാളം മിഷൻ ഒമാൻ ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകളിലും പ്രവർത്തിച്ചുവരുന്നു.

Tags:    
News Summary - Discussing the politics of survival, 'Innale Njan Darwishe Kandu' was released in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.