ഒമാനി ഈത്തപ്പഴ ഉത്സവം ഈമാസം 23 മുതല്‍

മസ്കത്ത്: ഒമാനിലെ ഈത്തപ്പഴ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഒമാന്‍ കാര്‍ഷിക-മത്സ്യ വിഭവ മന്ത്രാലയം സംഘടിപ്പിക്കുന്ന നാലാമത് ഒമാന്‍ ഈത്തപ്പഴ ഉത്സവം ഈമാസം 23 മുതല്‍ നടക്കും. ചെറുകിട ഇടത്തരം വ്യവസായ പൊതുഅതോറിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈത്തപ്പഴ ഉത്സവം ഈമാസം 31ന് അവസാനിക്കും. 
ഉത്സവത്തിന്‍െറ ഭാഗമായി ബോധവത്കരണ സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ഈത്തപ്പഴ പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കുന്നുണ്ട്. 
ഒമാനി ഈത്തപ്പഴത്തിന്‍െറ പോഷക സമ്പുഷ്ടത, ആരോഗ്യപരമായ ഗുണമേന്മ, ഒമാനികള്‍ക്ക് ഈന്തപ്പനയുമായുള്ള പൈതൃക ബന്ധം എന്നിവയായിരിക്കും ഫെസ്റ്റിവലില്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന് കാര്‍ഷിക മത്സ്യവിഭവ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹ്മദ് ബിന്‍ നാസര്‍ അല്‍ ബക്രി പറഞ്ഞു. 
ഈന്തപ്പന സംരക്ഷണ മേഖലയില്‍  കര്‍ഷകര്‍ക്കിടയില്‍ മത്സരബോധം വളര്‍ത്താനും ഈ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനും ഇവയുടെ ഗുണമേന്മ വര്‍ധിപ്പിക്കാനും ഈത്തപ്പഴ ഉത്സവം സഹായിക്കും. ഉല്‍പാദനവും ഗുണമേന്മയും വര്‍ധിപ്പിക്കുക വഴി കര്‍ഷകരുടെ വരുമാനം വര്‍ധിക്കാനും അത് ദേശിയ സാമ്പത്തികമേഖലക്ക് പുരോഗതിയുണ്ടാക്കുകയും ചെയ്യും. ഈത്തപ്പഴ ഉല്‍പാദന മേഖലയില്‍ പുതിയ രീതികള്‍ നടപ്പാക്കുന്നതിലൂടെ ഈ രംഗത്തെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി മന്ത്രാലയം സുപ്രധാന പങ്കുവഹിക്കുന്നതായി അണ്ടര്‍ സെക്രട്ടറി പറഞ്ഞു. കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കല്‍, ഈ മേഖലയിലെ ഗവേഷണങ്ങള്‍ എന്നിവയും മന്ത്രാലയം നടത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് വിവിധ ഇനം ഇത്തപ്പഴങ്ങളെ അടുത്തറിയാനും കണ്ടത്തൊനും ഉത്സവം സഹായിക്കും. ഫെസ്റ്റിവലിന്‍െറ ഭാഗമായി നിരവധി സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഈമാസം 23ന് സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍റ് മസ്ജിദില്‍ നടക്കുന്ന സെമിനാറോടെയാണ് ഉത്സവം ആരംഭിക്കുക. കൃഷി, മത്സ്യവിഭവ മന്ത്രി പരിപാടിയില്‍ സംബന്ധിക്കും. 
ഒമാന്‍ ഡെവലപ്മെന്‍റ് ബാങ്ക് ഈത്തപ്പഴ ഫാക്ടറികള്‍ക്കും സംസ്കരണ പദ്ധതികള്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായങ്ങളും മറ്റും സെമിനാറില്‍ വിശദീകരിക്കും. സെമിനാറിന്‍െറ ഭാഗമായി ഒമാന്‍ പോസ്റ്റുമായി സഹകരിച്ച് സ്റ്റാമ്പും പുറത്തിറക്കും. 
ഫെസ്റ്റിവലിന്‍െറ പ്രധാന ഭാഗമായ ഈത്തപ്പഴ ചന്ത നിസ്വ വിലായത്തിലെ ഹൈല്‍ അല്‍ ഫര്‍ഖില്‍ 26ന് ആരംഭിക്കും. സ്റ്റേറ്റ് അഡൈ്വസര്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സാഹിര്‍ അല്‍ ഹിനായ് ചടങ്ങില്‍ പങ്കെടുക്കും. 
ആറുദിവസം നീളുന്ന ചന്തയില്‍ പ്രധാന ഇനം ഈത്തപ്പഴങ്ങള്‍ പ്രദര്‍ശനത്തിനത്തെും. 56 കര്‍ഷകര്‍, വിവിധ ഈത്തപ്പഴ ഫാക്ടറികള്‍, ഈത്തപ്പഴ യൂനിറ്റുകള്‍ എന്നിവയും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
 ഒമാന്‍ കരകൗശല വ്യവസായ പൊതു അതോറിറ്റിയും ഉത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗവേഷക വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2011ല്‍ സൈഹ് അല്‍ ഷമീഖത്തില്‍ നടന്ന സിമ്പോസിയത്തിലാണ് കാര്‍ഷിക മേഖലയെ വളര്‍ത്താന്‍ സെമിനാര്‍ അടക്കമുള്ള ബോധവത്കരണ പരിപാടികള്‍ നടത്തണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നത്. ഇതിന്‍െറ ഭാഗമായാണ് കാര്‍ഷിക ചന്തകളും സെമിനാറുകളും സംഘടിപ്പിക്കുന്നത്. 
 
Tags:    
News Summary - date fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.