മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ അധ്യാപന മികവിന് ഡയറക്ടർ ബോർഡ് ഏർപ്പെടുത്തിയ ‘നവീൻ ആഷർ-കാസി ഫോർ എക്സലൻസ് ഫോർ ടീച്ചിങ്’ പുരസ്കാരങ്ങൾ വിവിധ അധ്യാപകർക്ക് സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ വാദി കബീറിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയായി. ന്യൂഡൽഹി സി.ബി.എസ്.ഇ ഡയറക്ടർ (അക്കാദമിക്സ്) ഡോ.ജോസഫ് ഇമ്മാനുവൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം അധ്യക്ഷത വഹിച്ചു.
അവാർഡ് രക്ഷാധികാരികളായ കിരൺ ആഷറും കുടുംബവും ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, പ്രസിഡന്റുമാർ, പ്രിൻസിപ്പൽമാർ, അവാർഡ് ജേതാക്കൾ എന്നിവർ പങ്കെടുത്തു.
വിദ്യാർഥികളുടെ ജീവിതത്തിൽ അധ്യാപകർ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അൽകേഷ് ജോഷി സംസാരിച്ചു. വർഷംതോറും പരിപാടി സംഘടിപ്പിച്ച് പിന്തുണ നൽകുന്ന കിരൺ ആഷറിനും കുടുംബത്തിനും ഇന്ത്യൻ സ്കൂൾസ് ഒമാൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം നന്ദി പറഞ്ഞു.
മഹാഭാരതത്തിൽനിന്ന് ഉദാഹരണം എടുത്ത് അധ്യാപകരുടെ അഞ്ചു വ്യതിരിക്തമായ സ്വഭാവസവിശേഷതകളെ കുറിച്ച് ഇന്ത്യൻ അംബാസഡർ സംസാരിച്ചു. അധ്യാപക അവാർഡിന് അർഹരായവരെയും അദ്ദേഹം അഭിനന്ദിച്ചു. കിന്റർ ഗാർട്ടൻ വിഭാഗത്തിൽ അഞ്ജലി രാധാകൃഷ്ണൻ (ഇന്ത്യൻ സ്കൂൾ സലാല), സിന്ധു വിനോദ് നായർ (ഇന്ത്യൻ സ്കൂൾ സീബ്), പ്രൈമറി വിഭാഗത്തിൽ മോണിക്ക ബിഷ്ത്, കരിൻ ജോൺസൺ (ഇന്ത്യൻ സ്കൂൾ മബേല), മിഡിൽ സ്കൂൾ വിഭാഗത്തിൽ ധന്യ മഹേഷ് (ഇന്ത്യൻ സ്കൂൾ മബേല), ഗാർഗി ഘോഷ് (ഇന്ത്യൻ സ്കൂൾ ഗുബ്ര), സീനിയർ സ്കൂൾ വിഭാഗത്തിൽ വിപിൻദാസ് ചെറുവത്താംകണ്ടി (ഇന്ത്യൻ സ്കൂൾ സലാല), വിജിത വിജയൻ (ഇന്ത്യൻ സ്കൂൾ മബേല), കോ-സ്കോളാസ്റ്റിക് വിഭാഗത്തിൽ പ്രേംലത താക്കൂർ (ഇന്ത്യൻ സ്കൂൾ വാദി കബീർ), ദേവകി വലിയ കിഴക്കേതിൽ (ഇന്ത്യൻ സ്കൂൾ ഗുബ്ര) എന്നിവരാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്.
ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലായി 17 അധ്യാപകർക്ക് വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള അംഗീകാര സർട്ടിഫിക്കറ്റും നൽകി. ബോർഡിന്റെ ഫിനാൻസ് ഡയറക്ടർ അശ്വിനി സാവ്രിക്കർ ഇന്ത്യൻ സ്കൂൾ ഒമാൻ ഡയറക്ടർ ബോർഡ് അക്കാദമിക് ചെയർമാൻ എൻ. സിറാജുദ്ദീൻ എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.നീണ്ട സേവനം പരിഗണിച്ച് ഇന്ത്യൻ സ്കൂൾ മസ്കത്ത് പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ, ഇന്ത്യൻ സ്കൂൾ സീബ് പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ്, ഇന്ത്യൻ സ്കൂൾ നിസ്വ പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ്, ഇന്ത്യൻ സ്കൂൾ റുസ്താഖ് പ്രിൻസിപ്പൽ ബിജു വർഗീസ്, സി.ബി.എസ്.ഇ മികച്ച അധ്യാപക അവാർഡ് ജേതാവ് ഇന്ത്യൻ സ്കൂൾ വാദീകബീറിലെ ജെന്നിഫർ റോബിൻസൻ എന്നിവരെ അംബാസഡർ ചടങ്ങിൽ ആദരിച്ചു. നവീൻ ആഷർ-കാസി അവാർഡിന്റെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക ക്വിസ് മത്സര വിജയികൾക്ക് മഹേന്ദ്ര ഖാത്തൗ, ഡോ. പവി അമീൻ എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.ഇന്ത്യൻ സ്കൂൾ വാദി കബീറിലെ വിദ്യാർഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും അരങ്ങേറി. വാദി കബീർ സ്കൂൾ പ്രിൻസിപ്പൽ ഡി.എൻ.റാവു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.