സര്‍ക്കാര്‍ കമ്പനികളിലെ ജീവനക്കാര്‍ക്ക് ഇക്കുറി വാര്‍ഷിക ബോണസില്ല

മസ്കത്ത്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ജീവനക്കാര്‍ക്ക് നല്‍കിവന്നിരുന്ന വാര്‍ഷിക ബോണസ് അടക്കം നിരവധി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നു. എണ്ണ വിലയിടിവ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തിയാണ് ധനകാര്യമന്ത്രാലയത്തിന്‍െറ നിര്‍ദേശം. പ്രതിസന്ധി നേരിടുന്നതിന്‍െറ ഭാഗമായി ചെലവ് ചുരുക്കാനും ധനകാര്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറില്‍ കമ്പനികളോട് നിര്‍ദേശിക്കുന്നു. രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും സര്‍ക്കുലറിലുണ്ട്. രാജ്യത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 60 ലധികം കമ്പനികളുണ്ട്. ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ജോലിയുടെ അടിസ്ഥാന അവകാശത്തില്‍ പെട്ടതല്ളെന്ന് നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ബോണസും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാറിന് സാമ്പത്തിക ഭാരമുണ്ടാക്കുന്നതായും മന്ത്രാലയം പറയുന്നു. 
ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്,  പലിശയില്ലാത്ത വ്യക്തിഗത വായ്പ, പലിശയില്ലാത്ത വീട് നിര്‍മാണ വായ്പ,  ചില ജീവനക്കാര്‍ക്ക് നല്‍കിവരുന്ന വന്‍ തുകയുടെ ബോണസ്, സൗജന്യ സ്കോളര്‍ഷിപുകള്‍, സൗജന്യ മൊബൈല്‍ ഫോണുകള്‍, സൗജന്യ മെഡിക്കല്‍ പരിശോധന, യാത്രയിലെ ആരോഗ്യ ഇന്‍ഷുറന്‍സ്, ഫര്‍ണിച്ചര്‍ അലവന്‍സുകള്‍, പെരുന്നാളിനും റമദാനിലും നല്‍കിവരുന്ന അലവന്‍സുകള്‍ എന്നിവയാണ് നിര്‍ത്തലാക്കുന്നത്. എല്ലാ സ്വദേശികള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്‍െറ ആവശ്യമില്ളെന്ന് മന്ത്രാലയം വിലയിരുത്തുന്നു. ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കാണ് ഉപയോഗിക്കുന്നത്. 
കര്‍ശനമായ ചെലവുചുരുക്കല്‍ നിര്‍ദേശങ്ങളാണ് ഈ വര്‍ഷത്തെ ബജറ്റിലുള്ളത്. ചെലവ് പരമാവധി കുറച്ച് എണ്ണവിലയിടിവുമൂലമുള്ള ബജറ്റ് കമ്മി മറികടക്കാനാണ് ധനകാര്യമന്ത്രാലയത്തിന്‍െറ ശ്രമം. 11.7 ശതകോടി റിയാലിന്‍െറ പൊതു ചെലവും 8.7 ശതകോടി റിയാല്‍ വരുമാനവും പ്രതീക്ഷിക്കുന്നതാണ് ഈ വര്‍ഷത്തെ ബജറ്റ്. മൂന്നു ശതലക്ഷം റിയാലാണ് പ്രതീക്ഷിത കമ്മി. ഒരു ബാരല്‍ എണ്ണക്ക് 45 ഡോളര്‍ എന്ന വിലയിലാണ് ബജറ്റ് തയാറാക്കിയത്. 
കഴിഞ്ഞവര്‍ഷം വന്‍ സാമ്പത്തിക കമ്മിയാണ് രാജ്യം നേരിട്ടത്. 5.3 ശതകോടി റിയാലായിരുന്നു കഴിഞ്ഞവര്‍ഷത്തെ സാമ്പത്തിക കമ്മി. 3.3 ശതകോടിയായിരുന്നു പ്രതീക്ഷിത കമ്മി. എണ്ണവില ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നതിന്‍െറ ഫലമായാണ് ബജറ്റ് കമ്മി കുതിച്ചുയര്‍ന്നത്. 
വരുമാനത്തില്‍ 30 ശതമാനത്തിന്‍െറ കുറവാണ് എണ്ണവിലയിടിവ് മൂലമുണ്ടായത്.  ചെലവ്  ചുരുക്കുന്നതിന്‍െറ ഭാഗമായി മന്ത്രാലയങ്ങള്‍ക്ക് അനുവദിച്ച തുകയും ഈ വര്‍ഷത്തെ ബജറ്റില്‍ കുറച്ചിട്ടുണ്ട്. പ്രതിരോധ, സുരക്ഷാ മേഖലകളിലും ചെലവുചുരുക്കലിന് നിര്‍ദേശമുണ്ട്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.