മസ്കത്ത്: മസ്ജിദുകളുടെ സവിശേഷ കാഴ്ചാനുഭവം പകരുന്ന ഫോട്ടോ പ്രദര്‍ശനം സാറ ഗാലറിയില്‍ ആരംഭിച്ചു. മസ്ജിദുകള്‍ പ്രാര്‍ഥനകള്‍ക്ക് വേണ്ടി മാത്രം ഉള്ളതല്ല മറിച്ച് സമൂഹത്തില്‍ സഹനവും സഹവര്‍ത്തിത്വവും സാഹോദര്യവും സ്നേഹബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്ന ഇടമാണ് എന്ന ആശയം പകര്‍ന്നുനല്‍കുന്ന പ്രദര്‍ശനത്തിന് യോജിപ്പിന്‍െറ ആത്മാവ് എന്നര്‍ഥം വരുന്ന സ്പിരിറ്റ് ഓഫ് കൊഹെഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഒമാനി ഫോട്ടോഗ്രാഫര്‍ സൗദ് അല്‍ ബുഹ്റിയുടെ മുപ്പതിലധികം ഫോട്ടോകള്‍ ആണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും പകര്‍ത്തിയ പള്ളികളുടെ സവിശേഷമായ ശില്‍പചാതുരിയും അതോടൊപ്പം ഓരോ പള്ളികളും നിലനില്‍ക്കുന്ന ഭൂപ്രദേശവും കാഴ്ചക്കാരില്‍ പുതിയ അനുഭവം ഉണ്ടാക്കും. ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിലാണ് ആരാധന സാധ്യമാകുക. അതുകൊണ്ടുതന്നെ ചലനാത്മകമായ ഒരു ഘടകവും ഇല്ളെന്നതാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത. ഏറെ പണിപ്പെട്ട് ക്ഷമയോടെ നിരവധി തവണ ശ്രമിച്ചശേഷമാണ് ഇത്തരം ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞത് എന്ന് സൗദ് പറഞ്ഞു. വര്‍ഷങ്ങളായി ഫോട്ടോഗ്രഫി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒമാന്‍ ഫോട്ടോഗ്രഫി സൊസൈറ്റി സജീവ അംഗം കൂടിയായ ഇദ്ദേഹത്തിന്‍െറ മൂന്നാമത്തെ ഫോട്ടോ പ്രദര്‍ശനമാണിത്.
ഒമാന്‍െറ ദൃശ്യഭംഗി വിളിച്ചോതുന്ന ‘പനോരമ ഓഫ് ക്യാപിറ്റല്‍ മസ്കത്ത്’ എന്ന ഫോട്ടോ പ്രദര്‍ശനം എട്ടു വര്‍ഷം മുമ്പ് ഒമാന്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയില്‍ സംഘടിപ്പിച്ചിരുന്നു. ഇതിലെ ഏതാനും ചിത്രങ്ങള്‍ ജര്‍മനിയില്‍ ഒമാന്‍ ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചര്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2013ല്‍ പള്ളികളെ കുറിച്ച് തന്നെയുള്ള മറ്റൊരു ഫോട്ടോ പ്രദര്‍ശനം ‘ബൈത് അല്‍ ബരാന്ത’ മ്യൂസിയത്തിലും സംഘടിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന പരിപാടിയില്‍ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം സെക്രട്ടറി നജീബ് ബിന്‍ അലി ബിന്‍ അഹ്മദ് അല്‍ റവാസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി രണ്ടുവരെ നീളുന്ന പ്രദര്‍ശനത്തില്‍ രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം അഞ്ചര വരെയാണ് പ്രവേശനം. ബൈത്ത് അല്‍ അഹ്ലം പാലസിന് സമീപം ആണ് സാറ ഗാലറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.