ചെമ്മീന്‍ സീസണ്‍: മത്സ്യത്തൊഴിലാളികള്‍  ശുഭപ്രതീക്ഷയില്‍

മസ്കത്ത്: സീസണ്‍ ആരംഭിച്ചതോടെ ഒമാനിലെ മത്സ്യവിപണിയില്‍ ചെമ്മീന്‍ സുലഭമായിത്തുടങ്ങി. തെക്കന്‍ ശര്‍ഖിയ, ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലെ മത്സ്യത്തൊഴിലാളികളാണ് സീസണിന്‍െറ പ്രയോജനം ഏറ്റവുമധികം അനുഭവിക്കുന്നത്. 
ഈ ഭാഗത്തെ കടലിലാണ് ചെമ്മീന്‍ കൂടുതലായി ഉണ്ടാവുക. സെപ്റ്റംബര്‍ ഒന്നുമുതല്‍ നവംബര്‍ 30വരെയുള്ള മൂന്നുമാസമാണ് ചെമ്മീന്‍ പിടിക്കാന്‍ കാര്‍ഷിക ഫിഷറീസ് മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. 
പോഷകസമൃദ്ധമായ കടല്‍വിഭവം എന്നതിലുപരി ഇവര്‍ക്ക് സാമ്പത്തികമായും ഏറെ പ്രാധാന്യമുള്ളതാണ് ഈ സീസണ്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചെമ്മീന്‍ ഇക്കുറി ലഭിക്കുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. 12 തരം ചെമ്മീനുകളാണ് ഒമാന്‍ കടലില്‍ കാണപ്പെടുന്നത്. പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനരീതി ഉപയോഗിച്ച് നാലിനങ്ങളെയാണ് പിടികൂടുക.   ഈ സീസണില്‍ പുലര്‍ച്ചെ നാലുമുതല്‍ മത്സ്യത്തൊഴിലാളികള്‍ ജോലിയാരംഭിക്കും. അഞ്ചുമുതല്‍ ഏഴു മീറ്റര്‍ വരെ ആഴമുള്ള കടലിലാണ് ചെമ്മീന്‍ ധാരാളമായി കണ്ടുവരുന്നത്. ഓരോ ബോട്ടിലും 20 വല വരെ കാണും. ഓരോ വലയിലും ആറു കിലോഗ്രാം വരെ ചെമ്മീന്‍ പിടിക്കാന്‍ കഴിയും. കാര്‍ഷിക, ഫിഷറീസ് മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം 995 ടണ്‍ ചെമ്മീനാണ് മൊത്തം ഉല്‍പാദിപ്പിച്ചത്. ഇതില്‍ 845 ടണ്‍ പരമ്പരാഗത രീതികളിലൂടെയും 150 ടണ്‍ ചെമ്മീന്‍ ഫാമുകളില്‍ വാണിജ്യ അടിസ്ഥാനത്തിലുമാണ് ഉല്‍പാദിപ്പിച്ചത്. 
മൊത്തം രണ്ടു ദശലക്ഷം റിയാലാണ് ഇതിന്‍െറ വാണിജ്യ മൂല്യമായി കണക്കാക്കുന്നത്. ഉല്‍പാദിപ്പിച്ചതില്‍ 377 ടണ്‍ കയറ്റി അയച്ചു. 618 ടണ്‍ പ്രാദേശികമായും ഉപയോഗിച്ചു. 
2011മുതല്‍ 15 വരെ കാലയളവിലായി 4418 ടണ്‍ ചെമ്മീനാണ് മൊത്തം ഒമാനില്‍ ഉല്‍പാദിപ്പിച്ചത്. അല്‍ വുസ്ത ഗവര്‍ണറേറ്റാണ് ഇതില്‍ മുന്നില്‍. മഹൂത്ത് വിലായത്തിലെ ബിന്‍തോത്തിലെ ഒരു ഫാമില്‍ കഴിഞ്ഞവര്‍ഷം 150 ടണ്‍ ചെമ്മീന്‍ ഉല്‍പാദിപ്പിച്ചിരുന്നു. 
ചെമ്മീന്‍െറ വാണിജ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. അടുത്തിടെ ചെമ്മീന്‍ കൃഷിഫാമുകള്‍ ആരംഭിക്കാന്‍ മൂന്നു കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.