വിദേശ നിക്ഷേപ നിയമ ഭേദഗതി  ഈ വര്‍ഷം അവസാനത്തോടെ

മസ്കത്ത്: രാജ്യത്തെ ബിസിനസ് സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിദേശ നിക്ഷേപ, തൊഴില്‍ നിയമ ഭേദഗതികള്‍ ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വന്നേക്കും. 
വിദേശ നിക്ഷേപകര്‍ ഉന്നയിച്ച എല്ലാ ആശങ്കകളും പരിഗണിച്ചുള്ള നിയമഭേദഗതി രാജ്യത്തെ നിക്ഷേപ സൗഹൃദ, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതായിരിക്കുമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് മൊഹ്സിന്‍ ബിന്‍ ഖാമിസ് അല്‍ ബലൂഷിയെ ഉദ്ധരിച്ച് ഒമാന്‍ ഒബ്സര്‍വര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യമേഖലയുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചുള്ള നിയമഭേദഗതി തയാറാക്കുന്ന ജോലികള്‍ അന്തിമഘട്ടത്തിലാണ്. ഒമാനില്‍ ബിസിനസ് ചെയ്യുന്ന നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനൊപ്പം എണ്ണവിലയിടിവ് മൂലമുള്ള നിലവിലെ സാമ്പത്തിക ഞെരുക്കം മറികടക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഭേദഗതിയില്‍ ഉണ്ടാകുമെന്ന് ഖാമിസ് അല്‍ ബലൂഷി പറഞ്ഞു. 
നിലവില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒമാന് എഴുപതാം സ്ഥാനമാണുള്ളത്. ജി.സി.സി രാഷ്ട്രങ്ങളില്‍ ഒമാന് നാലാം സ്ഥാനമാണ്. 30ാം സ്ഥാനത്തുള്ള യു.എ.ഇയാണ് ജി.സി.സിയില്‍ പ്രഥമ സ്ഥാനത്ത്. 65ാം സ്ഥാനത്തുള്ള ബഹ്റൈനും 68ാം സ്ഥാനത്തുള്ള ഖത്തറുമാണ് ഒമാന് മുന്നില്‍. സൗദി അറേബ്യ 82ാം സ്ഥാനത്തും കുവൈത്ത് 101ാമതുമാണ് ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയിലുള്ളത്. 
നിയമ ഭേദഗതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഖാമിസ് അല്‍ ബലൂഷി നിലവിലെ നിയമത്തേക്കാള്‍ അയവുള്ളതാകും ഭേദഗതിയെന്നത് ഉറപ്പുപറഞ്ഞു. രാജ്യത്ത് അത് മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കുക തന്നെ ചെയ്യും.
 നിക്ഷേപകര്‍ ഒമാനെ കേവലം കയറ്റുമതി വിപണിയായി മാത്രമാണ് കാണുന്നത്. എന്നാല്‍, കിഴക്കന്‍ ആഫ്രിക്ക, ഇറാന്‍, മേഖലയിലെ മറ്റു രാഷ്ട്രങ്ങളിലെ വിപണി ലക്ഷ്യമിട്ട് ഉല്‍പാദന, നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഇവിടെ സാധ്യതകളുണ്ട്. സുസജ്ജമായ റോഡ് നെറ്റ്വര്‍ക്കിന് പുറമെ ദുകം, സൊഹാര്‍, സലാല തുറമുഖങ്ങളും ഫ്രീസോണുകളുമെല്ലാം ഈ സാധ്യതകള്‍ക്ക് തിളക്കമേറ്റുന്നതാണ്. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ സ്വദേശി പങ്കാളിത്തം വേണമെന്ന നിബന്ധനയാണ് വിദേശ നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ കരട് നിയമത്തില്‍ ഈ നിബന്ധന എടുത്തുകളയുമെന്ന് അറിയുന്നു. ചില മേഖലകളിലൊഴിച്ച്  നൂറു ശതമാനം വിദേശ ഉടമസ്ഥതയില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഭേദഗതി അനുമതി നല്‍കുമെന്നാണ് അറിയുന്നത്. എന്നാല്‍, ദേശീയ താല്‍പര്യം സംരക്ഷിക്കുന്നതിനായി ചിലയിടത്ത് സ്വദേശി പങ്കാളിത്തം എന്ന നിബന്ധന തുടരും. സംരംഭം ആരംഭിക്കാന്‍ കുറഞ്ഞ മുതല്‍മുടക്ക് വേണമെന്ന നിബന്ധനയും ഭേദഗതിയില്‍ ഉണ്ടാകില്ല എന്നറിയുന്നു. ഇത് നിക്ഷേപ സാധ്യത വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
ഭേദഗതി നിലവില്‍ വരുന്നതോടെ സ്വദേശികളുടെ തൊഴിലവസരങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിന്‍െറ അടിസ്ഥാനത്തിലാണ് തൊഴില്‍ നിയമം പരിഷ്കരിക്കുന്നത്. വരും മാസങ്ങളില്‍ തൊഴില്‍ നിയമ പരിഷ്കരണം സംബന്ധിച്ച് അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷ. 
സ്വദേശിവത്കരണം, തൊഴിലാളി ക്ഷേമം, പരാതികള്‍, കുറഞ്ഞ വേതനം, പൊതു അവധി,ജോലി മാറ്റം, യോഗ്യതയും പരിചയസമ്പന്നതയുമുള്ള തൊഴില്‍ സേനയുടെ ലഭ്യത തുടങ്ങി നിരവധി നയങ്ങളില്‍ സര്‍ക്കാര്‍ പുനരവലോകനത്തിന് തയാറാകുമെന്നാണ് ബിസിനസ് മേഖലയുടെ പ്രതീക്ഷ. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.