സ്വകാര്യവത്കരണവുമായി സര്‍ക്കാര്‍ മുന്നോട്ട്

മസ്കത്ത്: സ്വകാര്യവത്കരണത്തിന്‍െറ പാതയിലൂടെ ഒമാന്‍ അതിവേഗം മുന്നോട്ട്. ലിസ്റ്റഡ് കമ്പനികളിലെയും സ്വകാര്യ കമ്പനികളിലെയും സര്‍ക്കാര്‍ ഓഹരികള്‍ പുതുതായി രൂപവത്കരിച്ച ഹോള്‍ഡിങ് കമ്പനികള്‍ക്കും സ്വതന്ത്രാധികാരമുള്ള വെല്‍ത്ത് ഫണ്ടുകള്‍ക്കും കൈമാറുന്നതിനുള്ള നടപടികള്‍ ധനകാര്യമന്ത്രാലയം ആരംഭിച്ചു. 
സ്വകാര്യവത്കരണത്തിന് വഴിയൊരുക്കുന്നതിന്‍െറ ഭാഗമാണ് ധനകാര്യമന്ത്രാലയത്തിന്‍െറ ഈ നീക്കമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എണ്ണവില ഇടിഞ്ഞതുമൂലം  ഉടലെടുത്ത സാമ്പത്തിക കമ്മി ഒഴിവാക്കാനാണ് നീക്കം വേഗത്തിലാക്കുന്നത്. ചില കമ്പനികള്‍ സര്‍ക്കാറിനുണ്ടാക്കുന്ന നഷ്ടം ഒഴിവാക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്താനുമാണ് പുതിയ നീക്കമെന്ന് ധനകാര്യം മന്ത്രാലയം അധികൃതര്‍ അറിയിച്ചു. 
കഴിഞ്ഞ ജുണില്‍ നടന്ന മജ്ലിസു ശൂറ സമ്മേളനം ഒമാന്‍ നടപ്പു ബജറ്റിലെ കമ്മി വിശദമായി ചര്‍ച്ചചെയ്യുകയും എണ്ണ വില ഇടിഞ്ഞ സാഹചര്യത്തില്‍ ഇത് നികത്താനുള്ള മാര്‍ഗങ്ങള്‍ ആരായുകയും ചെയ്തിരുന്നു. 
ഇതിന്‍െറ ഭാഗമായി സര്‍ക്കാര്‍ മേഖലയിലുള്ള സ്ഥാപനങ്ങളുടെ നിലവാരവും മറ്റും പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പ്രത്യേക സമിതിയെയും നിയമിച്ചിരുന്നു. ഈ സമിതി വിശദമായ റിപ്പോര്‍ട്ട് തയാറാക്കുകയും അടുത്തിടെ നടക്കാനിരിക്കുന്ന ശൂറ കൗണ്‍സിലില്‍ സമര്‍പ്പിക്കുകയും ചെയ്യും. 
കൂടുതല്‍ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. സലാല പോര്‍ട്ട് സര്‍വിസസ് കമ്പനിയിലെ ഇരുപതിലേറെ ശതമാനം വരുന്ന സര്‍ക്കാര്‍ ഓഹരികള്‍  ഈ മാസാദ്യം ഒമാന്‍ ഗ്ളോബല്‍ ലോജിസ്റ്റിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴില്‍ കഴിഞ്ഞ ജൂണില്‍ രൂപവത്കരിച്ച ഹോള്‍ഡിങ് കമ്പനിയാണ് ഒമാന്‍ ഗ്ളോബല്‍ ലോജിസ്റ്റിക്. 
ചരക്ക് ഗതാഗത മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് കമ്പനി രൂപവത്കരിച്ചത്. ഈ മേഖലയിലെ സര്‍ക്കാര്‍ ഓഹരികള്‍ കമ്പനിക്ക് കൈമാറാനാണ് ധനകാര്യമന്ത്രാലയത്തിന്‍െറ തീരുമാനം.  ഇതിലൂടെ സര്‍ക്കാറിന് സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സഹായിക്കും. അതോടൊപ്പം, ഒമാന്‍ ആന്‍ഡ് എമിറേറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ് കമ്പനിയുടെയും പോര്‍ട്ട് സര്‍വിസ് കോര്‍പറേഷന്‍െറയും ഷെയറുകള്‍ ഒമാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന് കൈമാറിയതായി ഒമാന്‍ ധനകാര്യ മന്ത്രാലയം മസ്കത്ത് സെക്യൂരിറ്റി മാര്‍ക്കറ്റിനെ അറിയിച്ചു. 
കമ്പനികള്‍ വില്‍പന നടത്തുന്നതിന് പകരം ഹോള്‍ഡിങ് കമ്പനി രൂപവത്കരിച്ച് വിവിധ കമ്പനികളുടെ ഷെയറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുകയെന്ന നിലപാടാകും സര്‍ക്കാര്‍ എടുക്കുക. ഒമാനില്‍ സര്‍ക്കാര്‍ ഉടമയില്‍ 60 കമ്പനികളാണുള്ളത്. നിരവധി കമ്പനികള്‍ സര്‍ക്കാറില്‍നിന്ന് സബ്സിഡി നേടിയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിന് വന്‍  സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഈ പദ്ധതികള്‍ സ്വകാര്യമേഖലക്ക് നല്‍കുന്നതുവഴി വന്‍ സാമ്പത്തിക ലാഭമുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം സ്ഥാപനങ്ങളുടെ മേലുള്ള സര്‍ക്കാറിന്‍െറ അധികാരം എടുത്തുകളയാനും ശിപാര്‍ശയുണ്ട്. 
എണ്ണ വില ഇടിഞ്ഞതുമൂലം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക കമ്മി കുറക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടികള്‍. വിസ ഫീസ് അടക്കം എല്ലാ സേവനങ്ങള്‍ക്കുമുള്ള സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചതടക്കമുള്ള നടപടികള്‍ ഇതില്‍ ഉള്‍പ്പെടും. എണ്ണ സബ്സിഡി അടക്കം നിരവധി സബ്സിഡികളും എടുത്തുകളഞ്ഞിരുന്നു. 
ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കാതെ സാമ്പത്തിക അച്ചടക്കം നടപ്പാക്കുകയെന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍, എണ്ണവില ക്രമേണ വര്‍ധിക്കുന്നത് സാമ്പത്തിക മേഖലയില്‍ ഉണര്‍വ് നല്‍കുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.