പത്രാധിപരുടെ ശ്രദ്ധക്ക്, കത്തെഴുതുന്നത് രാമചന്ദ്രന്‍ നായര്‍

മസ്കത്ത്: കത്തെഴുത്ത് ഒരു കലയാണ്, സംസ്കാരമാണ്. എന്നാല്‍, ഈ ആധുനിക യുഗത്തില്‍ എത്ര ആളുകള്‍ കത്തെഴുതുന്നുണ്ട്? ഇ-മെയില്‍ വാട്സ്ആപ്, ഫേസ്ബുക് തുടങ്ങിയ ആധുനിക ആശയവിനിമയ ഉപാധികള്‍ വന്നപ്പോള്‍ ഈ കല അന്യംനിന്നുപോയി എന്നുതന്നെയാണ് പലരും കരുതിയത്. എന്നാല്‍ തെറ്റി, കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി കത്തെഴുത്ത് ഒരു സപര്യയായി കൊണ്ടുനടക്കുന്ന ഒരാള്‍ നമ്മോടൊപ്പം ഉണ്ട്. കാല്‍നൂറ്റാണ്ടായി ഒമാനില്‍ പ്രവാസജീവിതം നയിക്കുന്ന, മസ്കത്ത് ഇന്ത്യന്‍ സ്കൂളിന് സമീപം താമസിക്കുന്ന മലപ്പുറം സ്വദേശി രാമചന്ദ്രന്‍ നായര്‍ ആണ് ഇന്നും കത്തെഴുത്തിനെ പ്രണയിക്കുന്നയാള്‍. ചെറുതും വലുതുമായ നിരവധി പത്ര, മാസികകളുടെ പത്രാധിപര്‍ക്കാണ് ഇദ്ദേഹം കത്തെഴുതുന്നത്. 
ചുറ്റുപാടും നടക്കുന്ന സാമൂഹിക കാര്യങ്ങളും പത്രവാര്‍ത്തകളുമായിരിക്കും വിഷയങ്ങള്‍. മലപ്പുറം ജില്ലയിലെ മാറാക്കര സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി രാമചന്ദ്രന്‍ എഴുതുന്നത്. ബാലമാസികയിലേക്കുള്ള കവിതയാണ് ആദ്യരചന. അത് പിന്നീട് അച്ചടിച്ചുവന്നു. എട്ടാം ക്ളാസ് മുതല്‍ പത്താംതരം വരെ കവിതാ രചനക്ക് രാമചന്ദ്രനായിരുന്നു സ്കൂളില്‍ ഒന്നാം സ്ഥാനം. പിന്നീട്, പ്രീഡിഗ്രി പഠനകാലത്ത് കോഴിക്കോട് സര്‍വകലാശാല ഇന്‍റര്‍സോണ്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി.  ഇതേ സമയത്താണ് പത്രാധിപര്‍ക്ക് കത്തെഴുത്തു തുടങ്ങുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആണ് ആദ്യം  പ്രസിദ്ധീകരിക്കുന്നത്. പിന്നീട്, കത്തെഴുത്തിനൊപ്പം കവിതയെഴുത്തും ശീലമായി.

സാമ്പത്തികശാസ്ത്രത്തിലെ ബിരുദത്തിന് ശേഷം മുംബൈയില്‍ ജോലിചെയ്യവെയാണ് എഴുത്തിന്‍െറ രൂപം മാറുന്നത്. അവിടത്തെ നിത്യജീവിതത്തെ സഗൗരവം നിരീക്ഷിച്ച രാമചന്ദ്രന്‍ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങി പ്രമുഖ പത്രങ്ങളിലേക്കും എഴുതാന്‍ തുടങ്ങി. മൂന്നു വര്‍ഷത്തിന് ശേഷം സലാലയില്‍ എത്തി. മസ്കത്തിലിറങ്ങി റോഡ് മാര്‍ഗമാണ് പോയത്. വര്‍ത്തമാനപത്രങ്ങളും  മാസികകളും എളുപ്പം ലഭിക്കാന്‍ മാര്‍ഗമില്ലായിരുന്നെങ്കിലും അതൊന്നും വായനയെയും എഴുത്തിനെയും തളര്‍ത്തിയില്ല. പിന്നീട്, ബുറൈമിയിലേക്ക് ജോലി മാറി. യു.എ.ഇയില്‍നിന്നുള്ള പത്രങ്ങളും മാസികകളും അതിരാവിലെ അവിടെ ലഭിക്കുമായിരുന്നു. ഇക്കാലത്താണ് ഇ-മെയില്‍ പ്രചാരം നേടുന്നത്. ഇതോടെ ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ് തുടങ്ങിയ പത്രങ്ങളില്‍  പത്രാധിപര്‍ക്കുള്ള എഴുത്തുകളില്‍ രാമചന്ദ്രന്‍ പതിവ് സാന്നിധ്യമായി. 

പല കത്തുകള്‍ക്കും വായനക്കാരില്‍നിന്നും നല്ല പ്രതികരണങ്ങള്‍ ഉണ്ടായി. വാരാന്ത്യങ്ങളില്‍ യു.എ.ഇയില്‍ പോകാറുണ്ടായിരുന്ന രാമചന്ദ്രന്‍ ഈ യാത്രകളില്‍ കാണുന്ന കാര്യങ്ങള്‍ എഴുതുമായിരുന്നു. അഞ്ചുവര്‍ഷത്തിന് ശേഷം നിസ്വയിലും പിന്നീട് ബര്‍ക്കയിലും ജോലി ചെയ്തു. കഴിഞ്ഞ 15 വര്‍ഷമായി മസ്കത്തിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുമ്പോഴും തന്‍െറ ശീലം ഇദ്ദേഹം മാറ്റിയിട്ടില്ല. ഒമാനില്‍ വെച്ച് ഒരിക്കല്‍ എഴുതിയ കത്തില്‍ ആശയം ശരിക്കു മനസ്സിലാക്കാഞ്ഞിട്ടോ എന്തോ, ഒരു സ്വദേശിയില്‍നിന്നും തെറ്റായ പ്രതികരണം ഉണ്ടായി. എന്നാല്‍, പത്രം തന്നെ രമ്യമായ രീതിയില്‍ അത് പരിഹരിച്ചു. എന്നാല്‍, യു.എ.ഇയിലെ പ്രസിദ്ധീകരണങ്ങളില്‍ തുടരുന്ന എഴുത്തിന് ഇതുവരെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ളെന്നും ഇദ്ദേഹം പറയുന്നു. നവമാധ്യമങ്ങളില്‍ ഇദ്ദേഹം സജീവമല്ല. വ്യക്തിയുടെ സ്വകാര്യതയെ ഇത് നശിപ്പിക്കുന്നുവെന്നാണ് രാമചന്ദ്രന്‍െറ അഭിപ്രായം. ഇവയിലെ ഭാഷയോടും യോജിക്കാന്‍ കഴിയില്ല. ആര്‍ക്കും ആരെക്കുറിച്ചും എന്തും എഴുതാം എന്ന രീതിയാണിവിടെ. അയ്യായിരം സുഹൃത്തുക്കള്‍ ഉള്ള ഒരാള്‍ പ്രധാനപ്പെട്ട ഒരു വാര്‍ത്തയുടെ ലിങ്ക് അയച്ചാല്‍ അത് 50 ആളുകള്‍ പോലും വായിക്കുന്നില്ല. ബി.ബി.സിയുടെ ‘ഹാവ് യുവര്‍ സെ’ എന്ന ഓണ്‍ലൈന്‍ കോളത്തില്‍ സ്ഥിരം എഴുത്തുകാരനായ ഇദ്ദേഹത്തിന്‍െറ രണ്ടു വാചകമുള്ള അഭിപ്രായത്തിനുപോലും നിരവധി ഗൗരവമേറിയ കമന്‍റുകള്‍ വരാറുണ്ട്.

ലോകത്തിന്‍െറ മറ്റു ഭാഗങ്ങളില്‍ ഉള്ളവര്‍ വാര്‍ത്തകളെയും വായനയെയും ഗൗരവമായി കാണുന്നു എന്നതാണ് ഇതിനര്‍ഥമെന്ന് ഇദ്ദേഹം പറയുന്നു. ഇതുവരെ പ്രസിദ്ധീകരിച്ച ആയിരത്തിലധികം പ്രധാന കത്തുകള്‍ ഇദ്ദേഹം ആല്‍ബത്തില്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. കത്തെഴുത്തിന് പൂര്‍ണമായ  പിന്തുണയുമായി ഭാര്യ രജനിയും പ്ളസ് ടുവിന് പഠിക്കുന്ന മകള്‍ ആതിരയും ഉണ്ട്. തിരൂര്‍ തുഞ്ചന്‍പറമ്പിന് സമീപമാണ് നാട്ടില്‍ രാമചന്ദ്രന്‍ താമസിക്കുന്നത്. ആകുന്ന കാലമത്രയും എഴുത്ത് തുടരണമെന്നുതന്നെയാണ് ഇദ്ദേഹത്തിന്‍െറ ആഗ്രഹം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.