ബിസിനസ് തുടങ്ങാന്‍ അനുയോജ്യം ഒമാനെന്ന് ലോകബാങ്ക്

മസ്കത്ത്: പുതിയ ബിസിനസ് സംരംഭങ്ങള്‍ എളുപ്പത്തില്‍ ആരംഭിക്കാന്‍ കഴിയുന്ന ഗള്‍ഫ് രാഷ്ട്രം ഒമാനെന്ന് ലോക ബാങ്ക്. ലോക ബാങ്കിന്‍െറ ഇന്‍ഫ്ളുവന്‍ഷ്യല്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിലാണ് ഈ ബഹുമതി. 190 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒമാന് 32ാം സ്ഥാനമാണുള്ളത്. കഴിഞ്ഞവര്‍ഷത്തെ 159ാം സ്ഥാനത്തുനിന്നാണ് ഈ നേട്ടം കൈവരിച്ചത്. 
ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ എളുപ്പമുള്ള രാഷ്ട്രങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സൂചികയില്‍ മൊത്തം റാങ്കിങ് കണക്കിലെടുക്കുമ്പോള്‍ ഒമാന് 66ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ തവണത്തെ 69ാം സ്ഥാനത്തുനിന്ന് മൂന്നു സ്ഥാനങ്ങള്‍ മുകളിലേക്ക് കയറാന്‍ ഒമാന് കഴിഞ്ഞു. 26ാം സ്ഥാനത്തുള്ള യു.എ.ഇയാണ് സൂചികയില്‍ ഒന്നാമതുള്ള ജി.സി.സി രാഷ്ട്രം. 
ബഹ്റൈന്‍ 63ാം സ്ഥാനത്തും ഖത്തര്‍ 83ാമതും സൗദി 94ാമതും കുവൈത്ത് 102ാം സ്ഥാനത്തും ഉണ്ട്. കുറഞ്ഞ മൂലധനവും സമയവും ചെലവുമടക്കം ബിസിനസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കുപുറമെ  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി, വൈദ്യുതി ലഭിക്കല്‍, വസ്തു രജിസ്ട്രേഷന്‍, നികുതി, കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള നടപടികളും വേണ്ടിവരുന്ന സമയവും, നിക്ഷേപക സംരക്ഷണം തുടങ്ങി 11 ഉപസൂചികകളിലെ പ്രകടനം കണക്കിലെടുത്താണ് മൊത്തം റാങ്കിങ് തീരുമാനിക്കുക. ബിസിനസ് തുടങ്ങാന്‍ എളുപ്പമുള്ള ജി.സി.സി രാഷ്ട്രങ്ങളില്‍ യു.എ.ഇയാണ് ഒമാന് തൊട്ടുപിന്നിലുള്ളത്. 173ാം സ്ഥാനത്തുള്ള കുവൈത്താണ് ഏറ്റവും പിന്നില്‍. കുറഞ്ഞ മുതല്‍മുടക്ക് സംബന്ധിച്ച നിബന്ധന സുഗമമാക്കിയതാണ് ഒമാന് ഈ ഉപവിഭാഗത്തില്‍ കുതിച്ചുചാട്ടം സാധ്യമാക്കിയത്. 
സ്ഥാപനം നിലവില്‍വന്ന് തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മൂന്നു മാസത്തിനുള്ളില്‍ കുറഞ്ഞ മുതല്‍മുടക്ക് എന്ന നിബന്ധന പിന്‍വലിക്കപ്പെടും. അതിര്‍ത്തികളിലെ കസ്റ്റംസ് ക്ളിയറന്‍സിന് ഏകജാലക ഇലക്ട്രോണിക് ക്ളിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയതുവഴി കാത്തിരിപ്പില്ലാതെ സാധനങ്ങളുടെ സുഗമമായ ഗതാഗതം ഉറപ്പാകുന്നതായും ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. ന്യൂസിലന്‍ഡാണ് ഓവറോള്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. 
സിംഗപ്പൂര്‍,ഡെന്‍മാര്‍ക്ക്, ഹോങ്കോങ്, സൗത് കൊറിയ എന്നീ രാഷ്ട്രങ്ങളാണ് ആദ്യ അഞ്ച് സ്ഥാനത്ത്.  തെക്കന്‍ സുഡാന്‍, വെനിസ്വേല, ലിബിയ, എറിത്രീയ, സോമാലിയ എന്നിവയാണ് 190 രാഷ്ട്രങ്ങളുടെ പട്ടികയില്‍ അവസാന അഞ്ച് സ്ഥാനത്തുള്ളത്. സുല്‍ത്താനേറ്റിനെ ബിസിനസ് സൗഹൃദ രാഷ്ട്രമാക്കുന്നതിന് ലഭിച്ച അംഗീകാരത്തില്‍ അഭിമാനിക്കുന്നതായി വ്യവസായ, വാണിജ്യമന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി പറഞ്ഞു. സര്‍ക്കാറിന്‍െറ ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ലോകബാങ്കിന്‍െറ ഈ ബഹുമതിയെന്ന് ഗതാഗത, വാണിജ്യമന്ത്രി ഡോ. അഹ്മദ് അല്‍ ഫുതൈസി ട്വിറ്ററില്‍ പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.