മസ്കത്ത്: സുല്‍ത്താനേറ്റിനെ ഐ.ടി അധിഷ്ഠിത വ്യവസായങ്ങളുടെ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട് പ്രവര്‍ത്തനമാരംഭിച്ചു. ഒമാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (ഒ.ഐ.എഫ്) ആണ് 200 ദശലക്ഷം ഡോളറിന്‍െറ ഒമാന്‍ ടെക്നോളജി ഫണ്ട് അവതരിപ്പിച്ചത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ ടെക്നോളജി (ഐ.സി.ടി) രംഗത്ത് വളര്‍ന്നുവരുന്നതും പ്രതീക്ഷയുണര്‍ത്തുന്നതുമായ സ്റ്റാര്‍ട്ട്അപ് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുകയാണ് ഫണ്ടിന്‍െറ ദൗത്യമെന്ന് ഒമാന്‍ വ്യവസായ, വാണിജ്യ മന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി ഫണ്ടിന്‍െറ അവതരണ ചടങ്ങില്‍ പറഞ്ഞു.
ഐ.സി.ടി മേഖലയിലെ രാജ്യത്തിന്‍െറ വികസനലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ഫണ്ട് വഴി ലക്ഷ്യമിടുന്നത്. രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥക്ക് ഗുണപ്രദമായ സംരംഭങ്ങളിലാകും ഫണ്ടിലെ പണം നിക്ഷേപിക്കുകയെന്നും മന്ത്രി പറഞ്ഞു. സ്വദേശികളെ മാത്രം ഉദ്ദേശിച്ചല്ല ഫണ്ട്. ഒമാനില്‍ താമസിക്കുകയും ഒമാന്‍ കേന്ദ്രമായി സംരംഭം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഫണ്ടിനായി അപേക്ഷിക്കാവുന്നതാണ്. മറ്റ് ജി.സി.സി രാഷ്ട്രങ്ങള്‍ക്ക് പുറമെ ഇറാന്‍, ആഫ്രിക്ക വിപണികളിലേക്കുള്ള വളര്‍ച്ചയും ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ സാമ്പത്തിക വൈവിധ്യവത്കരണ കര്‍മപദ്ധതിയില്‍ സാങ്കേതികതക്കും പരസ്പരബന്ധിതമായ ഡിജിറ്റല്‍ സമൂഹത്തിനും സുപ്രധാന സ്ഥാനമാണുള്ളതെന്ന് സുപ്രീം കൗണ്‍സില്‍ ഓഫ് പ്ളാനിങ് ഡെപ്യൂട്ടി ചെയര്‍മാന്‍കൂടിയായ മന്ത്രി പറഞ്ഞു. മറ്റു വിപണികളിലും ഫണ്ട് നിക്ഷേപം നടത്തും. തുടര്‍ന്ന് ഒമാനിലെ നിക്ഷേപങ്ങളുമായി ഇതിനെ ബന്ധിപ്പിക്കും. ഇന്‍റര്‍നെറ്റ് മേഖലയിലെ വികാസം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഒന്നുകില്‍ അതിന്‍െറ ഭാഗമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ലാഭം നേടുകയോ ചെയ്യണം. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ കോളജുകളിലായി ഇരുപതിനായിരത്തോളം ഒമാനികള്‍ എന്‍ജിനീയറിങ് കോഴ്സുകള്‍ പഠിക്കുന്നുണ്ട്.
ഒമാനില്‍ ജനിച്ചുവളര്‍ന്ന് വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന എന്‍ജിനീയറിങ് വിദഗ്ധരുമുണ്ട്. രണ്ടു കൂട്ടരുടെയും കഴിവുകള്‍ സംയോജിപ്പിച്ച് രാജ്യത്തിനായി വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാറിന്‍െറ ദൗത്യമെന്നും സുനൈദി പറഞ്ഞു. ഒമ്പതാം പഞ്ചവത്സര പദ്ധതിയില്‍ ഒമാന്‍െറ സാമ്പത്തിക മത്സരക്ഷമത ഉയര്‍ത്തുന്നതില്‍ നവീനാശയങ്ങള്‍ക്കും സാങ്കേതികതക്കും സുപ്രധാന പങ്കാണ് നല്‍കിയിരിക്കുന്നതെന്നും ഇതിന്‍െറ ഭാഗമായാണ് ഫണ്ടിന് രൂപം നല്‍കിയതെന്നും ഒമാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് സി.ഇ.ഒ ശൈഖ് അഹമ്മദ് അല്‍ നബ്ഹാനി പറഞ്ഞു.
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പുറമെ സാങ്കേതിക സര്‍വകലാശാലകളും കോളജുകളും രാജ്യത്ത് ഉയര്‍ന്നുവരേണ്ടതുണ്ട്. ഫണ്ടില്‍ നിന്നുള്ള നിക്ഷേപം ലഭിക്കണമെങ്കില്‍ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള സംരംഭമായിരിക്കണം എന്നതിനുപുറമെ ഉല്‍പന്നങ്ങളും സേവനങ്ങളും വിപണിയില്‍ ഉയര്‍ന്ന ആവശ്യം ഉള്ളതുമായിരിക്കണം. നിക്ഷേപകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഫണ്ടിനെ കുറിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനും മറ്റുമായി പ്രത്യേക കേന്ദ്രം തുടങ്ങുമെന്നും അല്‍ നബ്ഹാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.