വനിതകളുടെ ഫോട്ടോപ്രദര്‍ശനം  ആരംഭിച്ചു

മസ്കത്ത്: ഫോട്ടോഗ്രഫി തൊഴിലും വിനോദവുമായി സ്വീകരിച്ച 23 വനിതകളുടെ ഫോട്ടോ പ്രദര്‍ശനം ഒമാന്‍ ഫോട്ടോഗ്രഫി സൊസൈറ്റിയില്‍ ആരംഭിച്ചു. വാര്‍ത്താവിതരണമന്ത്രി ഡോ. അബ്ദുല്‍ മുനീം ബിന്‍ മന്‍സൂര്‍ ബിന്‍ സൈദ് അല്‍ ഹസനി ഉദ്ഘാടനം ചെയ്തു. അഞ്ച് ഒമാനി വനിതകള്‍ക്ക് പുറമെ സൗദി അറേബ്യ, ബഹ്റൈന്‍, യു.എ.ഇ, ദക്ഷിണാഫ്രിക്ക, സൈപ്രസ്, ഇറ്റലി, ലക്സംബര്‍ഗ്, ഹോളണ്ട്, പെറു, സ്ലൊവീനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ വനിതാ ഫോട്ടോഗ്രാഫര്‍മാരും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അല്‍ മഹാ അല്‍ നദാബി, സഹ്റ അല്‍ മഹ്ദി, അമല്‍ അല്‍ മഖ്ബാലി, അസീസ അദോബി, ഹൗറ അല്‍ ഫാഹ്ദി എന്നിവരാണ് മേളയിലെ ഒമാനി പെണ്‍ സാന്നിധ്യം. ഒമാന്‍ എന്ന രാജ്യത്തിന് വന്ന മാറ്റം ഉള്‍ക്കൊണ്ട് തന്നെയാണ് ഈ രംഗത്തു ചുവടുറപ്പിക്കുന്നതെന്ന് വിദ്യാര്‍ഥിനിയായ ഹൗറ അല്‍ ഫഹദി അഭിപ്രായപ്പെട്ടു. 
ഒരു വിനോദം എന്ന നിലയില്‍ തുടങ്ങിയ ഫോട്ടോഗ്രഫി ഇന്ന് തൊഴിലായി മാറിയെന്നു ബഹ്റൈനില്‍നിന്നുള്ള നജാത് അല്‍ ഫര്‍സാനി അഭിപ്രായപ്പെട്ടു. ഫോട്ടോ എടുപ്പ് ബുദ്ധിമുട്ടുള്ള ഇത്യോപ്യ, ഇറാന്‍ എന്നിവിടങ്ങളില്‍പോലും താന്‍ ഫോട്ടോ എടുത്തിട്ടുണ്ടെന്നും മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെ ഹോളി ആഘോഷം എടുക്കുകയാണ് അടുത്ത പ്രധാന ജോലിയൊന്നും നജാത് കൂട്ടിച്ചേര്‍ത്തു. വിനോദത്തിനൊപ്പം ഭാവിയില്‍ ഫോട്ടോഗ്രഫിയെ തൊഴിലാക്കാനാണ് സഹ്റ അല്‍ മഹ്ദിയുടെ ലക്ഷ്യം. 
എന്തായാലും ഒരുകാലത്ത് കാമറയുടെ മുന്നില്‍ വരാന്‍പോലും മടിച്ചിരുന്ന സ്വദേശി വനിതകള്‍ ഇന്ന് കാമറക്കുമുന്നിലും പിന്നിലും ചരിത്രം രചിക്കുന്നു. ഇത് രണ്ടാം തവണയാണ് വനിതാ ഫോട്ടോഗ്രഫി എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്. നിരവധി അപേക്ഷകരില്‍നിന്നും 23 ആളുകളെയും 36 ഫോട്ടോകളും കണ്ടത്തെുക എന്നത് വളരെ ശ്രമകരമായ ജോലിയായിരുന്നെന്ന് സൊസൈറ്റി ഡയറക്ടര്‍ അഹ്മദ് ബിന്‍ അബ്ദുല്ല അല്‍ ബുസൈദി അഭിപ്രായപ്പെട്ടു. 
പ്രദര്‍ശനം നവംബര്‍ ഒമ്പതുവരെ തുടരും. രാവിലെ എട്ടുമുതല്‍ രാത്രി പത്തുവരെയാണ് സന്ദര്‍ശന സമയം. സീബ് വേവ് റൗണ്ട് എബൗട്ടിന് സമീപം ആണ് ഒമാന്‍ ഫോട്ടോഗ്രഫി സൊസൈറ്റി. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.