ഒമാനില്‍ വന്‍കിട ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധിക്കും

മസ്കത്ത്: രാജ്യത്തെ വന്‍കിട ഉപയോക്താക്കള്‍ക്കുള്ള വൈദ്യുതി സബ്സിഡി സര്‍ക്കാര്‍ അടുത്ത ജനുവരി ഒന്നുമുതല്‍ നീക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായ വാണിജ്യ ഉപയോക്താക്കള്‍ എന്നിവര്‍ക്ക് അടുത്ത വര്‍ഷം ആദ്യം മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍വരുമെന്ന് ഇലക്ട്രിസിറ്റി റെഗുലേഷന്‍ അതോറിറ്റി അറിയിച്ചു. 150 മെഗാവാട്ടിന് മുകളില്‍ ഉപയോഗിക്കുന്നവരാകും നിരക്കുവര്‍ധനയുടെ പരിധിയില്‍വരുക. 
നിലവില്‍ വാണിജ്യ ഉപയോക്താക്കള്‍ക്ക് കിലോവാട്ടിന് 20 ബൈസ എന്ന തോതിലും വ്യവസായങ്ങള്‍ക്ക് 12 മുതല്‍ 24 ബൈസ എന്ന തോതിലും സര്‍ക്കാറിന് പത്തുമുതല്‍ 30 ബൈസ എന്ന തോതിലുമാണ് നിരക്ക് ഈടാക്കുന്നത്. ജനുവരി ഒന്നുമുതല്‍ ഉപയോഗത്തിനനുസരിച്ചാണ് ഈ നിരക്കുകള്‍ പുനര്‍നിര്‍ണയിച്ചിരിക്കുന്നതെന്ന് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഖൈസ് അല്‍ സഖ്വാനി പറഞ്ഞു. കുറഞ്ഞ വോള്‍ട്ടേജുള്ള പീക്ക് സമയങ്ങളില്‍ കിലോവാട്ടിന് 26 മുതല്‍ 30 ബൈസ എന്ന തോതിലും ഉയര്‍ന്ന വോള്‍ട്ടേജുള്ള ഓഫ് പീക്ക് സമയങ്ങളില്‍ 18 മുതല്‍ 22 ബൈസ എന്ന തോതിലുമായിരിക്കും പുതുക്കിയ നിരക്കുകള്‍. 
മന്ത്രിസഭാ കൗണ്‍സിലിന്‍െറ തീരുമാനപ്രകാരമുള്ള പുതുക്കിയ നിരക്കുകള്‍ ഈ വിഭാഗത്തിലെ നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ബാധകമായിരിക്കും. പതിനായിരത്തോളം പേരെയാണ് നിരക്കുവര്‍ധന ബാധിക്കുക. 
ആകെ ഉപയോക്താക്കളുടെ ഒരു ശതമാനം മാത്രമാണിത്. 30 ശതമാനം വൈദ്യുതിയാണ് ഈ വിഭാഗത്തിലെ ഉപഭോഗം. വൈദ്യുതി സബ്സിഡിയുടെ 20 ശതമാനമാണ് ഇവര്‍ക്കായി നിലവില്‍ നല്‍കിവരുന്നത്. 
നിരക്കുകള്‍ കൂട്ടുന്നതോടെ സബ്സിഡിയിനത്തില്‍ പ്രതിവര്‍ഷം 100 ദശലക്ഷം റിയാലിന്‍െറ ലാഭം ലഭിക്കും. ഓരോ മണിക്കൂറിലെയും വൈദ്യുതിവിതരണത്തിന് വേണ്ട യഥാര്‍ഥ ചെലവ് പ്രതിഫലിപ്പിക്കുന്നതാകും പുതിയ നിരക്കുകള്‍. വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരാനും ഇതുവഴി സാധിക്കും. എല്ലാ വര്‍ഷവും നവംബറില്‍ നിരക്കുകള്‍ പുനര്‍നിര്‍ണയം ചെയ്യുമെന്നും അല്‍ സഖ്വാനി പറഞ്ഞു. 
ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഉദ്ദേശ്യമില്ളെന്നും സഖ്വാനി കൂട്ടിച്ചേര്‍ത്തു. അതേസമയം, വൈദ്യുതി നിരക്കുകള്‍ വര്‍ധിക്കുന്നത് വ്യവസായ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മെറ്റല്‍ പ്രോസസിങ്, ബാറ്ററി മേക്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളെയാകും നിരക്കുവര്‍ധന ഏറ്റവുമധികം ബാധിക്കുക. 
ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് ഉയരുന്നത് ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് വര്‍ധിക്കാന്‍ കാരണമാകുമെന്നും ഇവര്‍ പറയുന്നു. 
എണ്ണവിലയെ തുടര്‍ന്നുള്ള വരുമാനനഷ്ടം നികത്തുന്നതിന്‍െറ ഭാഗമായാണ് സര്‍ക്കാര്‍ വൈദ്യുതി സബ്സിഡി കുറക്കുന്നത്. സബ്സിഡി നിരക്കുകള്‍ കുറച്ചും സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചും ബജറ്റ് കമ്മി കുറക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഈ വര്‍ഷത്തെ ആദ്യ ഏഴു മാസങ്ങളില്‍ 4.02 ശതകോടി റിയാലാണ് ബജറ്റ് കമ്മി. 
ഈ വര്‍ഷത്തെ പ്രതീക്ഷിത കമ്മിയേക്കാള്‍ അധികമാണിത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.